

ഹൈദരാബാദ്: അമ്പലത്തിലെ കാണിക്കവഞ്ചി തുറന്ന് സംഭാവനകൾ എണ്ണിത്തിട്ടപ്പെടുത്തിയ കമ്മിറ്റി ഭാരവാഹികൾ ഇത്തവണ ശരിക്കും ഞെട്ടി. കാരണം ലക്ഷക്കണക്കിന് നാണയത്തുട്ടുകൾക്കിടയിൽ നിന്നും ഭഗവാന് കാണിക്കയായി കിട്ടിയ പുതുപുത്തൻ ഐഫോൺ കണ്ടാണ് സംഘാടകർ ഞെട്ടിയത്.ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിലെ പ്രസിദ്ധമായ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. എന്നാൽ എത്ര ദിവസം മുമ്പാണ് ഫോൺ കാണിക്ക വഞ്ചിയിൽ ഇട്ടതെന്നോ ആരാണ് ഇട്ടതെന്നോ വ്യക്തമല്ലെന്നാണ് ക്ഷേത്ര അധികൃതരുടെ വിശദീകരണം.
മൂന്ന് മാസങ്ങൾക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കാണിക്കവഞ്ചി തുറന്നത്. എന്നാൽ അതിനുള്ളിൽ നിന്നും കവർ പോലും പൊട്ടിക്കാതെ ഐഫോൺ സിക്‌സ് കണ്ടെത്തിയത് തങ്ങളെ ഞെട്ടിച്ചെന്നും ക്ഷേത്ര അധികൃതർ പ്രതികരിച്ചു. ഫോണിന്റെ കവറിനുള്ളിൽ വാറണ്ടി കാർഡ് പോലും ഉണ്ടായിരുന്നു. ആളുകളുടെ കയ്യിൽ നിന്നും അബദ്ധത്തിൽ വഴുതി വീഴുന്ന ഫോണുകൾ കാണിക്കവഞ്ചിയിൽ നിന്നും കിട്ടാറുണ്ടെന്നും എന്നാൽ ഇതാദ്യമായാണ് ഇത്ര വിലകൂടിയ ഫോൺ ഒരാൾ ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു. 108 ദിവസത്തെ സംഭാവനകള്‍ എണ്ണിനോക്കിയപ്പോള്‍ കിട്ടിയത് 48.8 ലക്ഷം രൂപയും 89 ഗ്രാം സ്വര്‍ണവും, 1.58 കിലോ വെള്ളിയുമാണ്. ഇതിനൊടൊപ്പമാണ് കവറ് പൊട്ടിക്കാതെ പുത്തന്‍ ഐഫോണും സംഭാവനയായി കിട്ടിയത്
മൊബൈൽ വ്യാപാരം നടത്തുന്ന ആരെങ്കിലും ആയിരിക്കും ഇത്തരത്തിൽ സംഭാവന നടത്തിയതെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ അനുമാനം. സംഭാവനയായി കിട്ടിയ ഫോൺ ഇനി എന്ത് ചെയ്യണമെന്ന് ആലോചിച്ച് വരികയാണ്. ഇക്കാര്യത്തിൽ സർക്കാർ ഏജൻസികളുടെ അഭിപ്രായവും പരിഗണിക്കുമെന്നും ക്ഷേത്രഭാരവാഹികൾ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates