ചെന്നൈ: തമിഴ്നാട്ടിലെ എഐഎഡിഎംകെയിൽ പുതിയ വിവാദം. സെന്റ് ജോർജ്ജ് കോട്ടയിൽ പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റിലെ ഓഫീസ് മുറിയിൽ യാഗപൂജ നടത്തിയ ഉപമുഖ്യമന്ത്രി ഒ. പനീർ സെൽവത്തിന്റെ നടപടിയാണ് വിവാദമായത്. ഞായറാഴ്ച പുലർച്ച നാലു മുതലാണ് ഹൈന്ദവ പുരോഹിതരുടെ നേതൃത്വത്തിൽ യാഗപൂജകൾ നടന്നത്. പനീർസെൽവവും അടുത്ത അനുയായികളും ഉദ്യോഗസ്ഥരും ഇതിൽ പങ്കെടുത്തു. എട്ടു മണിയോടെയാണ് പനീർസെൽവം തിരിച്ചുപോയത്.
അതേസമയം സെക്രട്ടേറിയറ്റിലെ ഓഫീസിൽ യാഗപൂജ നടത്തിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിൻ രംഗത്തെത്തി. സർക്കാർ കെട്ടിടങ്ങൾ പൊതുജനങ്ങളുടേതാണ്. മതപരമായ ചടങ്ങുകൾ നടത്താൻ പാടുള്ളതല്ല. അങ്ങനെ നടത്തണമെങ്കിൽ ഒപിഎസ് സ്വന്തം വീട്ടിലാണ് നടത്തേണ്ടിയിരുന്നത്. സെക്രട്ടേറിയറ്റിൽ പൂജ നടത്തിയതിൽ പനീർസെൽവം വിശദീകരണം നൽകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
മുൻമുഖ്യമന്ത്രി ജയലളിതയുടെ കോടനാട്ടെ ബംഗ്ലാവിലെ കവർച്ച കേസിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സംശയത്തിന്റെ നിഴലിലാണ്. അഴിമതി കേസിൽ ജയലളിത നേരത്തെ ജയിലിൽ പോയി. ഇതേപോലെ കൊടനാട് കൊലപാതക കേസുമായി ബന്ധപ്പെട്ട് എടപ്പാടി പളനിസാമിയും ജയിലിലേക്ക് പോകും. മുഖ്യമന്ത്രിപദത്തിലേക്ക് ഒഴിവ് വരുന്നത് കണക്കിലെടുത്താവണം പനീർസെൽവം യാഗപൂജ നടത്തിയതെന്നും സ്റ്റാലിൻ പരിഹസിച്ചു.
പെരിാർ ഇവി രാമസ്വാമി ദ്രാവിഡ കഴകം പ്രസിഡന്റ് കെ വീരമണിയും, വിടുതലെ ചിരുതൈകൾ കച്ചി നേതാവ് തോൽ തിരുമാവളവനും സെക്രട്ടേറിയറ്റിൽ യാഗപൂജ ചെയ്ത നടപടിയെ വിമർശിച്ചു. അതേസമയം സ്റ്റാലിന്റെ ആരോപണത്തെ എതിർത്ത് തമിഴ്നാട് ഫിഷറീസ് മന്ത്രി ഡി ജയകുമാർ രംഗത്തെത്തി. ഉപമുഖ്യമന്ത്രിയുടെ ഓഫീസിൽ യാഗപൂജ നടത്തിയിട്ടില്ല. സ്റ്റാലിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. പനീർസെൽവത്തെയും പളനിസാമിയെയും തമ്മിലടിപ്പിക്കാനുള്ള ടിടിവി ദിനകരന്റെയും സ്റ്റാലിന്റെയും തന്ത്രമാണ് യാഗപൂജ ആരോപണമെന്നും ജയകുമാർ പറഞ്ഞു.
അതേസമയം പനീർസെൽവത്തിന് പുറമെ, ലോക്സഭ ഡെപ്യൂട്ടി സ്പീക്കറും, എഐഎഡിഎംകെ നേതാവുമായ എം തമ്പിദുരൈയും യാഗപൂജ നടത്തിയതായി പാർട്ടിഅണികൾ സൂചിപ്പിച്ചു. തഞ്ചാവൂരിലെ തിരുപാംപൂരിലെ ക്ഷേത്രത്തിലാണ് ഇദ്ദേഹം പൂജ നടത്തിയത്. എന്നാൽ പൂജ നടത്തിയെന്ന ആരോപണം തമ്പിദുരൈ നിഷേധിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates