ന്യൂഡൽഹി: ഇന്ത്യക്ക് നേരെ ഉത്തര കൊറിയൻ ഹാക്കർമാർ സൈബർ ആക്രമണത്തിന് ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യയുൾപ്പെടെ ആറ് രാജ്യങ്ങൾക്ക് നേരെയാണ് സൈബറാക്രമണ ഭീഷണിയുള്ളതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ജപ്പാൻ, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ 50 ലക്ഷത്തിലേറെ വ്യക്തികളേയും വ്യവസായ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുകയെന്നും സെഡ് ഡി നെറ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് 19 ന്റെ മറവിലായിരിക്കും ആക്രമണം. വ്യാപകമായ സൈബർ ആക്രമണങ്ങളിലൂടെ കുപ്രസിദ്ധരായ ലസാറസ് എന്ന സംഘമാണ് ഇതിന് പിന്നിൽ. സാമ്പത്തിക ലാഭമാണ് ഉത്തര കൊറിയൻ ഹാക്കർമാരുടെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കോവിഡ് 19 വിഷയമാക്കിയുള്ള ഇ മെയിൽ ഫിഷിങ് ആക്രമണമാവും നടക്കുക. ഇ മെയിൽ സന്ദേശങ്ങളിലൂടെ വ്യാജ വെബ്‌സൈറ്റുകളിലേക്ക് ആളുകളെ ആകർഷിക്കുകയും വ്യക്തി വിവരങ്ങളും, സാമ്പത്തിക വിവരങ്ങളും കൈക്കലാക്കുകയുമാണ് ഇവർ ചെയ്യുകയെന്നും സിംഗപ്പൂരിൽ പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ സ്ഥാപനം സൈഫർമ പറഞ്ഞു.
ജപ്പാനിൽ നിന്നുള്ള 11 ലക്ഷം പേരുടേയും ഇന്ത്യയിൽ നിന്നുള്ള 20 ലക്ഷം പേരുടേയും യുകെയിലെ 180,000 വാണിജ്യ സ്ഥാപനങ്ങളുടെ കോൺടാക്റ്റുകളും കൈവശമുണ്ടെന്നാണ് ലസാറസ് ഹാക്കർമാർ അവകാശപ്പെടുന്നത്.
സൈബറാക്രമണം സംബന്ധിച്ച മുന്നറിയിപ്പ് അതാത് രാജ്യങ്ങളിലെ സൈബർ സുരക്ഷാ ഏജൻസികളെ അറിയിച്ചതായി സൈഫർമ അധികൃതർ പറഞ്ഞു. അവരെല്ലാം അറിയിപ്പിനോട് പ്രതികരിച്ചുവെന്നും അതിൽ അന്വേഷണം നടത്തുന്നുണ്ടെന്നും സൈഫർമ സ്ഥാപകനും മേധാവിയുമായ കുമാർ റിതേഷ് പറഞ്ഞു.
2017 ലെ വാന്നാക്രൈ റാൻസം വെയർ ആക്രമണത്തിലൂടെ ലോകത്താകമാനം കുപ്രസിദ്ധരായ ഹാക്കർ സംഘമാണ് ലസാറസ്. ഉത്തര കൊറിയൻ രഹസ്യാന്വേഷണ ഏജൻസിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നവരാണ് ലസാറസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates