ന്യൂഡല്‍ഹി: ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്. ഇരുപത് നഗരങ്ങളെടുത്താല്‍ 17ഉം ഇന്ത്യയില്‍ നിന്നുള്ളതാണ് എന്നാണ് ഓക്‌സ്ഫഡ് ഗ്ലോബല്‍ ഇക്കണോമിക് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019 നും 2035 നും ഇടയില്‍ സൂപ്പര്‍ സിറ്റികളാവുന്ന ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമത് സൂററ്റും രണ്ടാമത് ആഗ്രയും പിന്നീട് ബംഗളുരുവും ഹൈദരാബാദുമാണ്. നാഗ്പൂര്‍, തിരുപ്പൂര്‍, രാജ്‌കോട്ട്, തിരുച്ചിറപ്പള്ളി, ചെന്നൈ, വിജയവാഡ എന്നീ നഗരങ്ങളാണ് ആദ്യപത്തിലുള്ള മറ്റ് നഗരങ്ങള്‍.
ഇന്ത്യയുടെ വജ്ര വ്യാപാര കേന്ദ്രമെന്ന നിലയിലും ഐടി ഹബ്ബായും സൂററ്റ് വികസിച്ചുകൊണ്ടിരിക്കുകയാണ്. സാങ്കേതികമായി മുന്നിട്ട് നില്‍ക്കുന്ന നഗരങ്ങള്‍ ബംഗളുരുവും ഹൈദരാബാദും ചെന്നൈയുമാണ്. മികച്ച ജിഡിപി വളര്‍ച്ച ഇന്ത്യന്‍ നഗരങ്ങളില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ടെന്നാണ് പഠനം നടത്തിയ ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. 2035 ആകുമ്പോഴേക്കും ജനസംഖ്യ കൂടിയ ഏറ്റവും വലിയ ഇന്ത്യന്‍ നഗരമായി മുംബൈ മാറുമെന്നും പഠനം പറയുന്നു.
ഇന്ത്യയ്ക്ക് പുറത്തുള്ള നഗരങ്ങളുടെ പട്ടികയില്‍ ഫ്‌നോം പെനും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ദാര്‍ എസ് സലാമും ഇടം നേടിയിട്ടുണ്ട്.
2027 ആകുമ്പോള്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ജിഡിപി യൂറോപ്യന്‍- വടക്കേയമേരിക്കന്‍ രാജ്യങ്ങളുടെ ജിഡിപിയെ മറികടക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
2035 ലും ലോകത്തെ ഏറ്റവും സമ്പന്നമായ നഗരസമ്പദ് വ്യവസ്ഥ ന്യൂയോര്‍ക്കിലേത് തന്നെയാവുമെന്നാണ് പ്രവചനം. ശക്തമായ സമ്പദ്വ്യവസ്ഥയെന്നതിന് പുറമേ, ബിസിനസ് സേവനരംഗത്തും ധനകാര്യ രംഗത്തും മികച്ച നേട്ടം നഗരം കൈവരിക്കും. ടോക്യോയും ലോസ്ഏയ്ഞ്ചല്‍സും ഷാങ്ഹായും ലണ്ടനുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates