ഹാഥ്‌രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് യോഗി; കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി; വിചാരണയ്ക്കായി അതിവേഗ കോടതി

 കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് യോഗി ആദിത്യനാഥ്
ഹാഥ്‌രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് യോഗി; കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി; വിചാരണയ്ക്കായി അതിവേഗ കോടതി
Updated on
1 min read

ലഖ്‌നൗ:  ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പത്തൊന്‍പതുകാരിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.  കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

്അതേസമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കേസില്‍ സ്വീകരിച്ച നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ അറിയക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി. സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ വിവിധ കോണുകളില്‍ നിന്ന് വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. അന്ത്യകര്‍മ്മങ്ങള്‍ നടത്താനുള്ള അവകാശം പോലും അനുവദിക്കാന്‍ യുപി പൊലീസ് തയ്യാറായില്ലെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെടണമെന്നും കോണ്‍ഗ്രസ്. യുവതിയുടെ മൃതദേഹം സംസ്‌കരിച്ച രീതി മനുഷ്യാവകാശലംഘനമാണെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് യുവതിയുടെ മൃതദേഹം സംസ്‌കരിച്ചത്. മകളെ അവസാനമായി ഒരുനോക്ക് കാണാനോ സംസ്‌കാരചടങ്ങുകള്‍ നടത്താനോ പൊലീസ് അനുവദിച്ചില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ബന്ധുക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് സംസ്‌കാരം നടത്തിയതെന്ന് പൊലീസ് പറയുന്നു.

മൃതദേഹം സംസ്‌കരിച്ച രീതിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അപലപിച്ചു.' ഇന്ത്യയുടെ ഒരു മകളെ ബലാത്സംഗം ചെയ്ത് കൊപ്പെടുത്തിയിരിക്കുന്നു. വസ്തുതകള്‍ അടിച്ചമര്‍ത്തപ്പെട്ടു, അവസാനം അന്ത്യകര്‍മ്മങ്ങള്‍ നടത്താനുളള അവളുടെ കുടുംബത്തിന്റെ അവകാശങ്ങളും അപഹരിക്കപ്പെടുന്നു. ഇത് അധിക്ഷേപവും അന്യായവുമാണ്.' രാഹുല്‍ ഗാന്ധി പറഞ്ഞു.

യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ട് പ്രിയങ്കാഗാന്ധിയും രംഗത്തെത്തി. മകളെ അവസാനമായി വീട്ടിലേക്ക് കൊണ്ടുപോകാനും അവളുടെ അവസാന ചടങ്ങുകള്‍ നടത്താനുമുളള അവകാശം യുവതിയുടെ അച്ഛനില്‍ നിന്ന് അപഹരിക്കുകയാണ് ചെയ്തതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

'മകള്‍ക്ക് നീതി ലഭിക്കണമെന്ന് മാത്രമാണ് ആ പിതാവ് എന്നോട് പറഞ്ഞത്. മൃതദേഹം അവസാനമായി വീട്ടിലേക്ക് മടക്കിക്കൊണ്ടുപോകുന്നതിനും അവളുടെ അവസാനചടങ്ങുകള്‍ നടത്തുന്നതിനുമുളള ആ പിതാവിന്റെ അവകാശം അപഹരിക്കപ്പെട്ടു. ഇരയേയും യുവതിയുടെ കുടുംബാംഗങ്ങളേയും സംരക്ഷിക്കേണ്ടതിന് പകരം മരണത്തില്‍ പോലും അവളുടെ മനുഷ്യാവകാശങ്ങള്‍ കവരുന്നതില്‍ നിങ്ങളുടെ സര്‍ക്കാര്‍ പങ്കാളികളാവുകയാണുണ്ടായത്. ഒരു മുഖ്യമന്ത്രിയായി തുടരാന്‍ താങ്കള്‍ക്ക് അര്‍ഹതയില്ല.' പ്രിയങ്ക പറഞ്ഞു.

ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച യുവതിയുടെ മൃതദേഹം വെള്ളിയാഴ്ച രാത്രി 10.10 ഓടെയാണ് കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കിയത്. നേരത്തെ, തങ്ങളുടെ അനുമതി ഇല്ലാതെയാണ് മൃതദേഹം കൊണ്ടുപോയതെന്ന് ആരോപിച്ച് യുവതിയുടെ അച്ഛനും സഹോദരനും ആശുപത്രിക്കു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ക്കൊപ്പം കോണ്‍ഗ്രസ്, ഭീം ആര്‍മി പ്രവര്‍ത്തകരും ചേര്‍ന്നു. സഫ്ദര്‍ജങ് ആശുപത്രിക്കു മുന്നിലെ പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിച്ചതോടെ, സുരക്ഷയും ശക്തമാക്കിയിരുന്നു.

ഈ മാസം പതിനാലിനാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. അമ്മയ്‌ക്കൊപ്പം പുല്ല് മുറിക്കാന്‍ വയലില്‍ പോയപ്പോള്‍ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. അലിഗഢ് ജെ.എന്‍. മെഡിക്കല്‍ കോളേജ് ആശുപത്രി വെന്റിലേറ്ററിലായിരുന്ന യുവതിയെ തിങ്കളാഴ്ചയാണ് സഫ്ദര്‍ജങ്ങിലേക്കു മാറ്റിയത്.

സംഭവം നടന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് പ്രതികളെ പിടികൂടിയത്. പ്രതികളായ സന്ദീപ്, രാമു, ലവ്കുശ്, രവി എന്നിവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്ന് ഹാഥ്‌രസ് എസ്.പി. അറിയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com