

ന്യൂഡൽഹി: രാജ്യത്തിന്റെ അഭിമാന പദ്ധതിയായ റോത്താംഗിലെ അടൽ തുരങ്കം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഹിമാലയൻ മലനിരകളെ തുരന്ന് നിർമ്മിച്ച തുരക്കം ലഡാക്കിലേക്കുള്ള സൈനിക നീക്കത്തിന് ഉൾപ്പടെ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നേരിട്ടെത്തിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഏഴു മാസത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഉദ്ഘാടന പരിപാടിയാണിത്. ഇതിന് മുൻപ് ലഡാക്കിലെ സൈനികരെ സന്ദർശിക്കാനും അയോദ്ധ്യ ഭൂമി പൂജയ്ക്കും പശ്ചിമബംഗാളിലെ ചുഴലിക്കാറ്റ് ബാധിത മേഖലകൾ സന്ദർശിക്കാനുമാണ് മോദി കൊവിഡ് കാലത്ത് ഡൽഹി വിട്ട് പുറത്തുപോയത്. പ്രധാനമന്ത്രിക്കൊപ്പം പ്രതിരോധ മന്ത്രിയും രാജ്നാഥ് സിങ്ങും അദ്ദേഹത്തിന് കൂടെയുണ്ടാകും.
പത്തു വർഷം കൊണ്ട് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷനാണ് അടൽ തുരങ്കം നിർമ്മിച്ചത്. 3,086 കോടിയാണ് പദ്ധതിയുടെ നിർമാണച്ചെലവ്.മണാലി-ലേ ദേശീയ പാതയിലെ ദൂരം 45 കിലോമീറ്ററിലധികം തുരങ്കം കുറയ്ക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന്യം. ചൈനയുമായി അതിർത്തി സംഘർഷം നിലനിൽക്കേ പദ്ധതിക്ക് പ്രാധാന്യമേറെയാണ്. തുരങ്കം വന്നതോടെ മഞ്ഞുക്കാലത്തും ഈ പാതിയിൽ യാത്ര നടത്താം. ഹിമാചലിലെ ഉൾനാടൻ ഗ്രാമങ്ങൾക്കും പദ്ധതി ഗുണം ചെയ്യും.
മലയാളി സാന്നിധ്യം കൊണ്ട് സമ്പന്നമാണ് പദ്ധതി. മലയാളിയായ ചീഫ് എൻജിനീയർ കണ്ണൂർ സ്വദേശി കെ.പി.പുരുഷോത്തമനാണ് പദ്ധതിക്ക് നേത്വത്വം നൽകിയത്. തുരങ്കത്തിന്റെ എഞ്ചീനീയറിംഗ് മാനേജ്മെന്റ് പ്രവർത്തനങ്ങൾ നടത്തിയത് മലയാളിയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് എന്ന പ്രത്യേകതയുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates