ഇന്ത്യയിൽ കോവിഡ് 19 സ്വാഭാവികമായി കെട്ടടങ്ങാനുള്ള സാധ്യത വിദൂരമാണെന്ന മുന്നറിയിപ്പ് നൽകുകയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാലിക്കേണ്ട പെരുമാറ്റരീതി ആളുകൾ ഇനിയും തുടരണമെന്ന് അടിവരയിടുകയാണ് അദ്ദേഹം. ഹേർഡ് ഇമ്യൂണിറ്റിയുടെ അടുത്തുപോലും ഇന്ത്യ എത്തിയിട്ടില്ലെന്നും രാജ്യത്തെ ജനങ്ങൾ വൈറസ് ബാധയ്ക്കെതിരെ പ്രതിരോധശേഷി ആർജ്ജിച്ചെടുക്കാൻ ഇനിയും ധാരാളം സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐസിഎംആറിന്റെ രണ്ടാം സീറോ സർവ്വേ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഓൺലൈൻ സംവാദ പരിപാടിയായ സൺഡേ സംവാദിൽ ആളുകളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. രോഗനിയന്ത്രണത്തിനായി 'സോഷ്യൽ വാക്സിൻ' ഉപയോഗിക്കണമെന്ന പാർലമെൻറിലെ പരാമർശം അദ്ദേഹം സംവാദത്തിൽ ആവർത്തിച്ചു. കോവിഡ് രോഗബാധ സംബന്ധിച്ച എല്ലാ വശങ്ങളെക്കുറിച്ചും രാജ്യം സജീവമായി പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
മാസ്കിൻറെ ഉപയോഗം വളരെ പ്രധാനമാണെന്നും ആരാധനാലയങ്ങൾക്കുള്ളിലും മാസ്ക് ഉപയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ നിരാകരിച്ച അദ്ദേഹം സലൂണുകളും ഹെയർ-സ്പായും സന്ദർശിക്കുമ്പോൾ ശരിയായ പ്രോട്ടോക്കോൾ പാലിക്കണമെന്ന് നിർദ്ദേശിച്ചു. ശ്വാസകോശത്തെ മാത്രമല്ല ഹൃദയ ധമനികളെയും വൃക്കകളെയും വൈറസ് ബാധിക്കുമെന്നാണ് അടുത്തിടെ പുറത്തുവന്ന തെളിവുകൾ വ്യക്തമാക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പ്ലാസ്മ തെറാപ്പി, റെംഡിസിവിർ മരുന്ന് തുടങ്ങിയവ രോഗികൾക്ക് സ്ഥിരമായി നൽകരുതെന്ന് ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൊറോണ രോഗം ഭേദമായവരിൽ വീണ്ടും വൈറസ് ബാധ വരുന്നത് സംബന്ധിച്ച് വിശദമായ പഠനം ആരംഭിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു.
രണ്ടാമത്തെ സീറോ സർവേയുടെ കണ്ടെത്തലുകൾ ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി അറിയിച്ചു. അതേസമയം സർവേയിലെ ഫലം ജനങ്ങൾക്ക് അമിതമായ ആത്മവിശ്വാസമുണ്ടാക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. മെയ് 2020ന് ഐഎസിഎംആർ പുറത്തു വിട്ട ആദ്യ സിറോ സർവേയിലെ കണക്കുകൾ പ്രകാരം രാജ്യത്തെ ജനങ്ങളിൽ കൊവിഡ് 19 പ്രതിരോധ ആൻ്റിബോഡികളുടെ സാന്നിധ്യം 0.73 മാത്രമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates