മൂട്ടശല്യത്താല്‍ പൊറുതിമുട്ടി; സര്‍ക്കാര്‍ ആശുപത്രി ആറ് ദിവസത്തേക്ക് അടച്ചിടും

മൂട്ടകളുടെ ശല്ല്യത്തെ തുടര്‍ന്ന് കാസര്‍കോട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി അടച്ചിടാനൊരുങ്ങുന്നു
മൂട്ടശല്യത്താല്‍ പൊറുതിമുട്ടി; സര്‍ക്കാര്‍ ആശുപത്രി ആറ് ദിവസത്തേക്ക് അടച്ചിടും
Updated on
1 min read

കാസര്‍കോട്: മൂട്ടകളുടെ ശല്ല്യത്തെ തുടര്‍ന്ന് കാസര്‍കോട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി അടച്ചിടാനൊരുങ്ങുന്നു. ഈ മാസം ഏഴ് മുതല്‍ ആറ് ദിവസത്തേക്കാണ് ആശുപത്രി അടച്ചിടുന്നത്. മൂട്ടകളെ തുരത്താനുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനായാണ് ആശുപത്രി അടച്ചിടുന്നത്.

കഴിഞ്ഞ നാല് മാസമായിട്ടാണ് മൂട്ട ശല്യം ക്രമാതീതമായി ഉയര്‍ന്നത്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്ന പല രോഗികളും ഒരു ദിവസം കഴിഞ്ഞാല്‍ തന്നെ ഡിസ്ചാര്‍ജ് വാങ്ങി പോകുന്ന സ്ഥിതിയിലായി. 

മൂട്ടശല്യം രൂക്ഷമായതോടെ നഴ്‌സുമാരടക്കമുള്ള മറ്റ് ജീവനക്കാര്‍ ജോലി ബഹിഷ്‌കരിക്കുന്നതടക്കമുള്ള പ്രതിഷേധവുമായി രംഗത്തെത്തി. രാത്രി ജോലിയെടുക്കുന്നവര്‍ക്ക് മൂട്ടയുടെ കടി കാരണം കസേരയില്‍ ഇരിക്കാനോ കിടക്കയില്‍ കിടക്കാനോ പറ്റാത്ത അവസ്ഥയാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് അധികൃതര്‍ മൂട്ടകളെ തുരത്താനുള്ള തീരുമാനം എടുത്തത്. 

പുരുഷ, വനിതാ രോഗികള്‍ക്കായുള്ള വാര്‍ഡുകളടക്കം ആറ് ദിവസത്തേക്ക് പ്രവര്‍ത്തിക്കില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. വിജയകുമാര്‍ വ്യക്തമാക്കി. കാസര്‍കോട് മുന്‍സിപ്പാലിറ്റിയുടെ കീഴിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. 

മൂട്ടകളെ തുരത്താനായി മാരക വിഷാംശമുള്ള കെമിക്കലാണ് ഉപയോഗിക്കുന്നത്. വാര്‍ഡുകളിലടക്കം ഇവ പ്രയോഗിക്കുന്നതിനാലാണ് ആറ് ദിവസത്തേക്ക് ആശുപത്രി അടച്ചിടുന്നത്. കേരള സ്റ്റേറ്റ് വെയര്‍ഹൗസിങ് കോര്‍പറേഷനാണ് ശുചീകരണ പ്രവര്‍ത്തി ഏറ്റെടുത്തിരിക്കുന്നത്. 

വിട്ടുമാറാത്ത പല അസുഖങ്ങള്‍ക്കും മികച്ച ചികിത്സ നല്‍കുന്ന ആശുപത്രിയാണിത്. ഒപ്പം വാര്‍ധക്യകാല രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, പക്ഷാഘാതം, ഗൈനക്കോളജി തുടങ്ങിയവയ്‌ക്കെല്ലാം ഫലപ്രദമായ ചികിത്സയാണ് ആശുപത്രിയില്‍ നല്‍കുന്നതെന്ന് ഡോ. വിജയകുമാര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com