പഠനത്തിനും ജോലിക്കും വിദേശത്തു പോകേണ്ട; യുവാക്കള്‍ക്കായി നോളജ് വാലി, ജോബ് വാച്ച് ടവര്‍ പദ്ധതികള്‍; ബജറ്റില്‍ പ്രഖ്യാപനം

ഇന്ത്യയിലേയും വിദേശത്തെയും മുന്‍നിര സര്‍വകലാശാലകളുമായി നോളജ് വാലി സഹകരിക്കും
vd satheesan
വി ഡി സതീശന്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നു
Edited By:
Updated on
2 min read

തിരുവനന്തപുരം: വമ്പന്‍ പ്രഖ്യാപനങ്ങളുണ്ടായില്ലെങ്കിലും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ രംഗത്തും മാറ്റങ്ങള്‍ സൃഷ്ടിക്കാനുതകുന്ന പദ്ധതികള്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ ആദ്യ ബജറ്റിലുണ്ട്. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന ലക്ഷ്യസ്ഥാനമാക്കി മാറ്റാനും വിദേശത്തെ ലെഗസി യൂണിവേഴ്സിറ്റികളെ ഉള്‍പ്പെടെ ആകര്‍ഷിക്കാനും 'കേരള നോളജ് വാലി' സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ് ആദ്യത്തേത്. ഉയര്‍ന്ന അക്കാദമിക മികവുള്ള ഒരു ഉപദേശക സമിതിയുടെ മാര്‍ഗ നിര്‍ദേശങ്ങളോടെയായിരിക്കും ഇത് പ്രവര്‍ത്തിക്കുക. ഇന്ത്യയിലേയും വിദേശത്തെയും മുന്‍നിര സര്‍വകലാശാലകളുമായി നോളജ് വാലി സഹകരിക്കും. ഇതിനായി 100 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. മദ്രാസ് ഐഐടി മാതൃകയില്‍ റിസര്‍ച്ച് പാര്‍ക്ക് ഒരുക്കാനായി 60 കോടി നീക്കിവെച്ചു.

vd satheesan
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയും, നികുതിയില്‍ ഇളവ്; പിഴഭാരം കുറയ്ക്കാന്‍ ഇ- ചെല്ലാന്‍ ആംനസ്റ്റി പദ്ധതി

മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴില്‍ മേഖലയെ കുറിച്ച് പഠിച്ച് കേരളത്തിലെ യുവജനങ്ങളെ സജ്ജരാക്കാന്‍ 'ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍' ആരംഭിക്കും. സംസ്ഥാനതല ഫ്യൂച്ചര്‍ സ്‌കില്‍സ് ആന്‍ഡ് എംപ്ലോയിമെന്റ് ഇന്റലിജെന്‍സ് മിഷന്‍ ആയാണ് ഗ്ലാബല്‍ ജോബ് വാച്ച് ടവര്‍ സംവിധാനം പ്രവര്‍ത്തിക്കുക. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള പുതിയ തൊഴില്‍ പ്രവണതകള്‍ നിരീക്ഷിച്ച് ഭാവിയിലേക്ക് ആവശ്യമായി വരുന്ന നൈപുണ്യങ്ങള്‍ തിരിച്ചറിഞ്ഞ്, പാഠ്യപദ്ധതി പരിഷ്‌കരണങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി, വ്യവസായ അക്കാദമിക പങ്കാളിത്തം ശക്തിപ്പെടുത്തി പ്രധാന മേഖലകളിലെ തൊഴില്‍ ശക്തി ആസൂത്രണത്തിന് ഈ മിഷന്‍ പിന്തുണ നല്‍കും. ഡിജിറ്റല്‍ സാങ്കേതികവിദ്യ, അത്യാധുനിക നിര്‍മാണ മേഖല, ആരോഗ്യപരിപാലനം, ഹരിത സമ്പദ്വ്യവസ്ഥ, ലോജസ്റ്റിക്സ്, ടൂറിസം, അന്തര്‍ദേശിയ തൊഴില്‍ മേഖലകള്‍ എന്നിവയ്ക്ക് മിഷന്‍ പ്രത്യേക പ്രാധാന്യം നല്‍കും. ഈ പദ്ധതികള്‍ ആരംഭിക്കുന്നതിനായി പ്രഥമികഘട്ട സഹായമായി രണ്ട് കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

ബഹിരാകാശ മേഖലയിയില്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ സാറ്റലൈറ്റ് ടെക്നോളജിക്ക് ഊന്നല്‍ നല്‍കിയുള്ള ഗവേഷണ സ്ഥാപനങ്ങള്‍ ആരംഭിക്കും. സ്വകാര്യ സാറ്റലൈറ്റ് നിര്‍മ്മാണ/വിക്ഷേപണ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും. വിദ്യാര്‍ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനും കേരളത്തെ ഒരു ആഗോള വിജ്ഞാന ഹബ്ബായി മാറ്റുന്നതിനുമായി ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെംബര്‍ എന്ന ഒരു പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നതാണ്. നിര്‍മ്മിത ബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബയോടെക്നോളജി ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളെ മുന്‍കൂട്ടി മനസിലാക്കി ഉപയോഗപ്പെടുത്താന്‍ ഫ്യൂച്ചര്‍ റെഡിനെസ് തിങ്ക് ടാങ്ക് രൂപീകരിക്കും. വിദേശ വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ വന്നു പഠിക്കാന്‍ അവസരം ഒരുക്കുന്ന 'സെമസ്റ്റര്‍ ഇന്‍ കേരള' പദ്ധതി പുനരാരംഭിച്ച് അക്കാദമിക് ടൂറിസം ശക്തിപ്പെടുത്തും.

vd satheesan
തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ്, മലപ്പുറത്ത് കാൻസർ സെന്റർ; 40 കഴിഞ്ഞവർക്ക് സൗജന്യ വാർഷിക പരിശോധന

കേരളത്തിലെ ക്യാമ്പസുകളില്‍ 'Student diverstiy, Student mobility എന്നിവയ്ക്ക് പരിഗണന നല്‍കും. റാഗിങ് തടയാന്‍ 'സിദ്ധാര്‍ഥന്‍ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ്‌', റാഗിങ് തടയാനും വിദ്യാര്‍ഥിക്ഷേമം ഉറപ്പുവരുത്താനും 'സിദ്ധാര്‍ഥന്‍ ആന്റി റാഗിങ് ആന്‍ഡ് സ്റ്റുഡന്റ് വെല്‍ഫയര്‍ ആക്ട്‌' നടപ്പാക്കും. ബിരുദധാരികള്‍ക്ക് വേഗത്തില്‍ ജോലി ലഭിക്കാന്‍ സഹായിക്കുന്ന ബ്രിഡ്ജ് പ്രോഗ്രാമുകളും കോഴ്സുകളും നടപ്പിലാക്കും. അക്കാദമിക് വിഷയങ്ങള്‍ അമിത രാഷ്ട്രീയ ഇടപെടല്‍ ഒഴിവാക്കാന്‍ അക്കാദമിക് കൗണ്‍സില്‍ രൂപീകരിക്കും. 2036 - ലെ ഒളിംപിക്സില്‍ മത്സരിക്കാന്‍ പ്രാപ്തിയുള്ള കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ വിഷന്‍ 2036 നടപ്പിലാക്കും. ഗിഗ്, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Summary

100 crores for Kerala Knowledge Valley, 2 crores for Global Job Watch Tower; Budget announcements targeting youth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com