

തിരുവനന്തപുരം: സപ്ലൈകോയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ഒരു വര്‍ഷത്തിനിടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന 11 പദ്ധതികള്‍ പ്രഖ്യാപിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ഫയല്‍ അദാലത്ത്, ഓഡിറ്റ്, അക്കൗണ്ട് ഫൈനലൈസേഷന്‍, ഇആര്‍പി പൂര്‍ണമായും നടപ്പാക്കല്‍, എന്‍എഫ്എസ്എ സയന്റിഫിക് ഗോഡൗണുകളുടെ എണ്ണം 36 ശതമാനത്തില്‍ നിന്ന് 60 ശതമാനമാക്കല്‍, ശബരി ബ്രാന്‍ഡില്‍ പുതിയ ഉത്പന്നങ്ങള്‍, നെല്ല് സംഭരണം, സബ്‌സിഡി വിതരണം എന്നിവയ്ക്ക് ആധാര്‍ ലിങ്ക്ഡ് ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തല്‍, ആലപ്പുഴ സൂപ്പര്‍ മാര്‍ക്കറ്റ് നിര്‍മാണം, സുവനീര്‍ കം കോഫീ ടേബിള്‍ ബുക്ക് പുറത്തിറക്കല്‍, പുതിയ പെട്രോള്‍ പമ്പുകള്‍ തുടങ്ങലും പഴയവ നവീകരിക്കലും, ആധുനിക മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങല്‍ എന്നി പദ്ധതികളാണ് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
സപ്ലൈകോയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനും കാര്യക്ഷമത കൂട്ടുന്നതിനും സപ്ലൈകോ ആസ്ഥാനത്തും സപ്ലൈക്കോയുമായി ബന്ധപ്പെട്ട് സര്‍ക്കാരിലും കെട്ടിക്കിടക്കുന്ന ഫയലുകള്‍ അദാലത്തു നടത്തി പരിഹാരം കാണാന്‍ ശ്രമിക്കും. മഹാപ്രളയം, കോവിഡ് തുടങ്ങിയ കാലയളവില്‍ സപ്ലൈകോയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ച് സൗജന്യ ഭക്ഷ്യകിറ്റുകളുടെ വിതരണത്തില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ഇക്കാലയളവില്‍ സപ്ലൈകോയുടെ ഓഡിറ്റ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. 50-ാം വാര്‍ഷികം ആഘോഷിക്കുന്ന കാലയളവില്‍ 2022-23 വരെയുള്ള ഓഡിറ്റ് പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
നിലവില്‍ എല്ലാ സപ്ലൈകോ വില്‍പനശാലകളിലും ഇആര്‍പി മുഖേനയാണ് വില്‍പന നടത്തി വരുന്നത്. കൂടാതെ സപ്ലൈകോയുടെ എല്ലാ ഡിപ്പോകളിലും നിലവില്‍ ഇആര്‍പി നടപ്പിലാക്കിയിട്ടുണ്ട്. ഇനിയും പൂര്‍ത്തീകരിക്കാത്ത മൊഡ്യൂളുകളും ഈ വര്‍ഷത്തില്‍ തന്നെ പൂര്‍ണമായും പൂര്‍ത്തീകരിക്കും. നിലവില്‍ 179 ഗോഡൗണുകളിലൂടെയാണ് സപ്ലൈകോ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ റേഷന്‍ ഉല്‍പ്പന്നങ്ങളുടെ വാതില്‍പ്പടി വിതരണം നടത്തുന്നത്. ഇതില്‍ 64 ശതമാനം ഗോഡൗണുകള്‍ ആവശ്യമായ സയന്റിഫിക് നിലവാരത്തിലുള്ളതല്ല. റേഷന്‍ വിതരത്തിനായി ഉപയോഗിക്കുന്ന ഗോഡൗണുകളില്‍ 60 ശതമാനവും ആധുനിക രീതിയിലുള്ള സയന്റിഫിക് ഗോഡൗണുകളായി മാറ്റും. കൂടാതെ സപ്ലൈകോ ഗോഡൗണുകളും പൂര്‍ണ്ണമായി സയന്റിഫിക് ഗോഡൗണുകളാക്കി മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
നിലവില്‍ ശബരി ബ്രാന്‍ഡില്‍ ചായപ്പൊടി, മസാലകള്‍, കറി പൗഡറുകള്‍, ആട്ട, പുട്ടുപൊടി, അപ്പം പൊടി, സോപ്പ്, വെളിച്ചെണ്ണ എന്നിവയാണ് വിതരണത്തിനായി എത്തിക്കുന്നത്. അമ്പതാം വാര്‍ഷികം പ്രമാണിച്ച് കൂടുതല്‍ ശബരി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കും. ഇതിന്റെ ഭാഗമായി ഗുണനിലവാരമുള്ള സണ്‍ഫ്‌ളവര്‍ ഓയില്‍, പാമോലിന്‍, ഉപ്പ്, പഞ്ചസാര, ക്ലീനിങ് ഉല്‍പ്പന്നങ്ങള്‍ (ഡിറ്റര്‍ജന്റുകള്‍, സര്‍ഫസ് ക്ലീനറുകള്‍, ഡിഷ് വാഷ്, ഹാന്‍ഡ് വാഷ്) എന്നി ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ ശബരി ബ്രാന്റില്‍ ന്യായമായ വിലയ്ക്ക് വിപണിയില്‍ എത്തിക്കും.
സപ്ലൈകോ 2.25 ലക്ഷം നെല്‍കര്‍ഷകരില്‍ നിന്ന് ഓരോ സീസണിലും നെല്ല് സംഭരിക്കുന്നുണ്ട്. ഈ പദ്ധതി കുറ്റമറ്റതാക്കുന്നതിന് രജിസ്റ്റേര്‍ഡ് കര്‍ഷകരില്‍ നിന്നും ബയോമെട്രിക് വിവരങ്ങള്‍ കൂടി ശേഖരിച്ച് ആധാര്‍ ലിങ്ക് ബയോമെട്രിക് നെല്ല് സംഭരണമാക്കി മാറ്റും. ഇതുമൂലം നെല്ല് സംഭരണത്തില്‍ ഉണ്ടായേക്കാവുന്ന ക്രമക്കേടുകള്‍ ഒഴിവാക്കാനാവും. 13 ഇനം സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ റേഷന്‍ കാര്‍ഡ് അടിസ്ഥാനമാക്കി സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകളിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്ന സംവിധാനം കുറ്റമറ്റതാക്കുന്നതിനായി ഉപഭോക്താക്കളുടെ ആധാര്‍, ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ച്, റേഷന്‍ വിതരണത്തിന് അവലംബിച്ച ഇ-പോസ് സംവിധാനം നടപ്പിലാക്കും. ഇതുവഴി സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ യഥാര്‍ത്ഥ ഉപഭോക്താവിന് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താനാവുമെന്നും മന്ത്രി അറിയിച്ചു.
ആലപ്പുഴ ജില്ലാ കോടതി വളപ്പില്‍ സപ്ലൈകോയുടെ കൈവശമുള്ള ഭൂമിയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ 1500 ചതുരശ്ര അടിയിലുള്ള സൂപ്പര്‍മാര്‍ക്കറ്റ് നിര്‍മിക്കും. ഇതിന്റെ തറക്കല്ലിടല്‍ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തും. ഒരു വര്‍ഷത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കും. അമ്പത് വര്‍ഷത്തെ സപ്ലൈകോയുടെ ചരിത്രം സൂചിപ്പിക്കുന്ന ചിത്രങ്ങളും ലേഖനങ്ങളും അടങ്ങിയ സുവനീര്‍ കം കോഫീ ടേബിള്‍ ബുക്ക് ഡിസംബര്‍ മാസത്തോടെ പുറത്തിറക്കും.
മാനന്തവാടി, കൊല്ലം, വാഗമണ്‍ എന്നിവിടങ്ങളില്‍ പുതിയ പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുന്നതിനും തിരുവനന്തപുരം ആല്‍ത്തറ പെട്രോള്‍ പമ്പ് നവീകരണത്തിനും തുടക്കം കുറിക്കും. തിരുവനന്തപുരം ആല്‍ത്തറ പെട്രോള്‍ പമ്പിനോടനുബന്ധിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അവശ്യ നിത്യോപയോഗ വസ്തുക്കള്‍ ലഭിക്കുന്ന സപ്ലൈകോ എക്‌സ്പ്രസ്സ് മാര്‍ട്ടും ആരംഭിക്കും. കൂടാതെ വെള്ളയമ്പലം, തിരുവനന്തപുരം സ്റ്റാച്യു, എറണാകുളം എം ജി റോഡ് എന്നിവിടങ്ങളിലെ പെട്രോള്‍ പമ്പുകള്‍ നവീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സപ്ലൈകോ നിലവില്‍ നടത്തിവരുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്കു പുറമെ 10 ഓളം മെഡിക്കല്‍ സ്റ്റോറുകള്‍ സപ്ലൈകോ മെഡി മാര്‍ട്ട്' എന്ന പേരില്‍ ആരംഭിക്കും. പൂര്‍ണമായും ശീതികരിച്ച സൂപ്പര്‍മാര്‍ക്കറ്റ് രീതിയിലുള്ള ഈ സ്റ്റോറുകളില്‍ മരുന്നുകള്‍ക്ക് പുറമെ സര്‍ജിക്കല്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, പ്രമുഖ ബ്രാന്‍ഡുകളുടെ ഹെല്‍ത്ത് കെയര്‍, വെല്‍നസ് ഉത്പന്നങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ മുതാലായവ വില്‍പനക്ക് ലഭ്യമാക്കും. 1000 രൂപയില്‍ കൂടുതല്‍ വിലയുള്ള മരുന്നുകളുടെ ഓര്‍ഡര്‍ ഉപഭോക്താക്കളുടെ വീടുകളില്‍ നേരിട്ടെത്തിക്കുന്നതിനുള്ള സൗകര്യവും ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates