

ന്യൂഡൽഹി: ഡെങ്കിപ്പനിയുടെ കൂടുതൽ അപകടകാരിയായ വകഭേദം കേരളമടക്കം 11 സംസ്ഥാനങ്ങളിൽ കണ്ടെത്തി. ഡെൻവ് 2 വൈറസ് വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനെതിരെ അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേരളത്തിനു പുറമേ ആന്ധ്ര, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, യുപി, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിലാണു ഡെൻവ് 2 വിഭാഗത്തിലുള്ള ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് വ്യാപനം ചർച്ചചെയ്യാൻ ചേർന്ന മന്ത്രാലയ ഉന്നതാധികാര സമിതി യോഗമാണു ഡെങ്കിപ്പനി ഉയർത്തുന്ന വെല്ലുവിളികളും വിലയിരുത്തിയത്. രോഗബാധിതരെ കണ്ടെത്താനും ചികിത്സാ നടപടികൾ ഊർജിതമാക്കാനും ആവശ്യത്തിനു പരിശോധനാ കിറ്റുകളും മരുന്നുകളും സംഭരിക്കാനും മന്ത്രാലയം നിർദേശം നൽകി.
എളുപ്പം പടർന്നുപിടിക്കാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ പ്രവർത്തകരെ ഉൾപ്പെടുത്തി സംസ്ഥാനങ്ങൾ കർമസേനകൾക്കു രൂപം നൽകണമെന്ന് മന്ത്രാലയം നിർദേശിച്ചു. രോഗവ്യാപനസാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമിടണം. രോഗ ലക്ഷണങ്ങളും കൊതുകു നശീകരണ പ്രവർത്തനങ്ങളും സംബന്ധിച്ചു ബോധവൽക്കരണം നടത്തണം. രോഗബാധിതർക്ക് ആന്തരിക രക്തസ്രാവത്തിനു സാധ്യതയുള്ളതിനാൽ ആശുപത്രികളിൽ സജ്ജീകരണങ്ങൾ ഉറപ്പാക്കണം.
പനി, തലവേദന, ഛർദി, ശരീരവേദന എന്നിവയാണു മറ്റു രോഗ ലക്ഷണങ്ങൾ. രോഗബാധിതരുടെ സമ്പർക്കപ്പട്ടിക തയാറാക്കണം. ഹെൽപ്‍ലൈൻ നമ്പറുകൾ ലഭ്യമാക്കണം എന്നിവയാണ് മന്ത്രാലയത്തിന്റെ നിർദേശങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates