

കൊച്ചി: വിലകൂടിയ ബൈക്കുകൾ വാഗ്ദാനം ചെയ്ത് വൻ മണിചെയിൻ തട്ടിപ്പ്. വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട തട്ടിപ്പിൽ നിരവധിപേർക്ക് പണം നഷ്ടമായി.
അംഗമാകാൻ 12000 രൂപ നൽകിയവരാണ് തട്ടിപ്പിന് ഇരയായത്. തുടർന്ന് 12,000 വീതം വാങ്ങി അഞ്ചുപേരെ കണ്ണികളാക്കണം. കണ്ണി 30 ലെത്തുമ്പോൾ ആദ്യത്തെയാൾക്ക് വിലകൂടിയ കെ.ടി.എം ഡ്യൂക്ക്, റോയൽ എൻഫീൽഡ് ക്ലാസിക് അടക്കം നാലു ബൈക്കുകളിൽ ഏതെങ്കിലും ഒന്ന് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ബംഗലൂരു
കേന്ദ്രീകരിച്ചുള്ള കമ്പനി ‘ബൈക്ക് പ്രേമികൾക്കായി സുവർണാവസരം’ എന്ന പേരിൽ പോസ്റ്ററും പുറത്തിറക്കിയിരുന്നു.
ഇഷ്ട ബൈക്ക് സ്വന്തമാക്കാൻ നിരവധി വിദ്യാർഥികൾ കണ്ണികളായി. ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവയിലൂടെയായിരുന്നു പ്രചാരണം. വേഗത്തിൽ ചേർക്കുന്നവർക്ക് 30 കണ്ണികൾ ആകുംമുമ്പ് ബോണസായി ബൈക്ക് നൽകുമെന്നും പോസ്റ്റുകളിൽ പറഞ്ഞു. ഇതനുസരിച്ച് ചിലർക്ക് ബൈക്ക് നൽകി. ഫിനാൻസ് എടുത്തവർക്ക് ആദ്യഗഡു കമ്പനി ഷോറൂമിന് നൽകി. പിന്നീട് മുടങ്ങി. പലതവണ ബന്ധപ്പെട്ടിട്ടും മറുപടിയുണ്ടായില്ല. വായ്പക്കായി സ്വന്തം രേഖകളാണ് പലരും നൽകിയത്. ഇവർ കുടുങ്ങി. ചിലർ സ്വന്തം നിലയിൽ ഗഡുക്കൾ അടച്ചു.
കുടിശ്ശിക വർധിച്ചതോടെ ഫിനാൻസ് കമ്പനികൾ പലരുടെയും ബൈക്കുകൾ തിരിച്ചെടുത്തതായും തട്ടിപ്പിനിരയായവർ പറഞ്ഞു.കണ്ണികൾ മുറിഞ്ഞാലും ആവശ്യപ്പെട്ടാൽ പണം തിരികെത്തരുമെന്നും കമ്പനി പറഞ്ഞിരുന്നുവത്രേ. മിക്കവർക്കും തിരികെ ലഭിച്ചില്ല.പ്ലസ് ടു വിദ്യാർഥികൾ അടക്കമുള്ളവർ നൂറുകണക്കിന് പേരാണ് കെണിയിൽ വീണത്.
നിരന്തരം ശല്യപ്പെടുത്തിയവർക്ക് ചെക്ക് നൽകിയെങ്കിലും മടങ്ങി. വിളിച്ചാൽ ഫോൺ എടുക്കാതായി. വീട്ടിൽ അറിയിക്കാതെ പണം നൽകിയവരാണ് ഏറെ. പാർട്ട്ടൈമായി ജോലിക്കുപോയി പണം നൽകിയവരുമുണ്ട്. എറണാകുളം കേന്ദ്രീകരിച്ചാണ് കൂടുതൽ പേർക്ക് പണം നഷ്ടമായത്. പൊലീസിൽ പരാതി നൽകാനും ഇരയായവർ തീരുമാനിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates