'കെല്‍ട്രോണ്‍ പ്രധാന രേഖകള്‍ മറച്ചുവച്ചു; എഐ ക്യാമറ പദ്ധതിയില്‍ നടന്നത് 132 കോടിയുടെ അഴിമതി'
കാസര്‍കോട്: എഐ ക്യാമറ പദ്ധതിയില്‍132 കോടിയുടെ അഴിമതി നടന്നെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും മാധ്യമങ്ങളും രേഖകള്‍ പുറത്തുവിട്ടിട്ടും ഇതിനെ കുറിച്ച് ഒരക്ഷരം മിണ്ടാന്‍ സര്‍ക്കാരും മുഖ്യമന്ത്രിയും തയ്യാറാകുന്നില്ല, സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എഐ ക്യാമറയുമായി ബന്ധപ്പെട്ട് താനും പ്രതിപക്ഷ നേതാവ് വിഡി സതീശനും മാധ്യമങ്ങളും പുറത്തുവിട്ട രേഖകളിലൂടെ ഇതിന്റെ പിന്നിലെ അഴിമതി പൊതുസമൂഹത്തിന് ബോധ്യപ്പെട്ടെന്നും ചെന്നിത്തല പറഞ്ഞു. രേഖകള്‍ ഉന്നയിച്ചാണ് ഈ അഴിമതികള്‍ പുറത്തുകൊണ്ടുവന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് ഖണ്ഡിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. വ്യവസായ മന്ത്രി കെല്‍ട്രോണിനെ വെള്ളപ്പൂശുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത വിചിത്രമായ നടപടിയാണ് സ്വീകരിച്ചതെന്ന് ചെന്നിത്തല പറഞ്ഞു.
മുന്‍ ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞത് തനിക്കോര്‍മ്മയില്ലെന്നാണ്, മന്ത്രി ആന്റണി രാജു പറഞ്ഞത് തന്റെ കാലത്ത് അല്ല കരാര്‍ നല്‍കിയതെന്നുമാണ്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കാനോ ജനങ്ങളെ ബോധ്യപ്പെടുത്താനോ ശ്രമിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് യുഡിഎഫ് ജ്യുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് പുകമറ സൃഷ്ടിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നാണ്. ആരാണ് പുകമറ സൃഷ്ടിക്കുന്നത്?. രേഖകളുടെ പിന്‍ബലത്തോടെ പ്രതിപക്ഷം അഴിമതി തുറന്നുകാട്ടിയപ്പോള്‍ അതിന് വ്യക്തമായ മറുപടി പറയാതെ അഴിമതിക്കാരെ സംരക്ഷിക്കുകയാണ് മുഖ്യന്ത്രി ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു
232 കോടിയ്ക്കാണ് പദ്ധതി ഫൈനലായി ടെണ്ടര്‍ ചെയ്തത്. എങ്ങനെ നോക്കിയാലും നൂറ് കോടിയില്‍ അപ്പുറം ഈ പദ്ധതിക്ക് ചെലവാകില്ല. എഐ പദ്ധതിയുമായി ബന്ധപ്പെട്ട് 132 കോടി രൂപയുടെ അഴിമതിയാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. പദ്ധതിയുടെ ടെണ്ടര്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ സര്‍ക്കാരും കെല്‍ട്രോണും ഉരുണ്ടുകളിക്കുകയാണ്. കെല്‍ട്രോണ്‍ പുറത്തുവിട്ട 9 രേഖകള്‍ പരിശോധിച്ചാല്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിക്കനുസരിച്ചാണ് ടെണ്ടര്‍ തയ്യാറാക്കിയത്. ഏതൊരു പദ്ധതിക്ക് ശേഷവും അതിന്റെ രേഖകള്‍ പരസ്യപ്പെടുത്തണം. എന്നാല്‍ അത് ഉണ്ടായില്ല. പ്രതിപക്ഷവും മാധ്യമങ്ങളും ഏറ്റെടുത്തപ്പോഴാണ് അത് പുറത്തുവിട്ടത്. ഇവിടെ സര്‍ക്കാര്‍ ഏജന്‍സികള്‍ പുറത്തുവിടുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു. രേഖകള്‍ പലതും വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത് രണ്ടുദിവസം മുന്‍പാണ്. സര്‍ക്കാരിന്റെ ഉത്തരവ് ലംഘിച്ച് ഇതെല്ലാം മൂടിവെക്കുകയാണ് കെല്‍ട്രോണ്‍ ചെയ്തത്. തങ്ങള്‍ക്ക് താത്പര്യമുള്ളവര്‍ക്ക് ടെണ്ടര്‍ കൊടുത്ത് അഴിമതിയിലൂടെ സ്വന്തം പോക്കറ്റ് നിറയ്ക്കാനുള്ള ശ്രമമാണ് കെല്‍ട്രോണിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ദിവസം കെല്‍ട്രോണ്‍ പുറത്തുവിട്ട രേഖകളില്‍ അദ്ദേഹം ഗുരുതരമായ ക്രമക്കേട് തെളിവ് സഹിതം വിവരിക്കുകയും ചെയ്തു. 'പത്ത് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമാണ് ടെന്‍ഡറില്‍ പങ്കെടുക്കേണ്ട കമ്പനിക്ക് വേണ്ടത്. എന്നാല്‍ കെല്‍ട്രോണ്‍ വിളിച്ച ടെന്‍ഡറില്‍ പങ്കെടുത്ത അക്ഷര എന്റര്‍പ്രൈസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തത് 2017-ലാണെന്നും ചെന്നിത്തല ആരോപിച്ചു. ഈ കമ്പനിക്ക് എങ്ങനെയാണ് പത്ത് വര്‍ഷത്തെ പ്രവൃത്തിപരിചയം അവകാശപ്പെടാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.ഇപ്പോഴും പല രേഖകളും കെല്‍ട്രോള്‍ മറച്ചുവെക്കുന്നുവെന്ന് പറഞ്ഞ ചെന്നിത്തല, ടെക്‌നിക്കല്‍ ഇവാല്യുവേഷന്‍ സമ്മറി റിപ്പോര്‍ട്ട്, ഫിനാന്‍ഷ്യല്‍ ബിഡ് ഇവാല്യുവേഷന്‍ സമ്മറി റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടുകൊണ്ട് ഇവ തട്ടിക്കൂട്ട് റിപ്പോര്‍ട്ടുകളാണെന്ന് അദ്ദേഹം പുതുതായി ആരോപണങ്ങള്‍ ഉയര്‍ത്തുകയു ചെയ്തു. സര്‍ക്കാരും കെല്‍ട്രോണും ഒളിച്ചുവെച്ച സുപ്രധാന രേഖയാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

