

കൊല്ലം: അഞ്ചലിൽ മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയ സംഭവത്തിൽ കേസിൽ വിചാരണയുടെ പ്രാരംഭ നടപടികൾ ഇന്ന് തുടങ്ങും. കൊല്ലം ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ സൂരജ് മാത്രമാണ് പ്രതി. കഴിഞ്ഞ ഓഗസ്റ്റ് പതിനാലിനാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ആയരത്തി അഞ്ഞൂറിൽ അധികം പേജുള്ള കുറ്റപത്രത്തിൽ 217 സാക്ഷികളുണ്ട്.
കൊലപാതകം പുനരാവിഷ്കരിച്ച് ഡമ്മിപരിശോധനയടക്കം നടത്തിയായിരുന്നു അന്വേഷണം. അഞ്ചൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. മെയ് 24ന്നാണ് സൂരജ് അറസ്റ്റിലായത്.
ഏപ്രിൽ രണ്ടിനാണ് അടൂരിലെ സൂരജിന്റെ വീട്ടിൽ വച്ചാണ് ഉത്രയെ ആദ്യം അണലിയെ കൊണ്ട് കടിപ്പിച്ചത്. പക്ഷെ ഉത്ര രക്ഷപ്പെട്ടു. ചികിത്സയ്ക്ക് ശേഷം അഞ്ചലിലെ സ്വന്തം വീട്ടിൽ വിശ്രമത്തിലായിരുന്നു ഉത്ര. മെയ് ആറിന് രാത്രിയിൽ വീണ്ടും മൂർഖനെ ഉപയോഗിച്ച് കടിപ്പിച്ചാണ് സൂരജ് കൊല നടത്തിയത്. തുടർച്ചയായി രണ്ട് പ്രാവശ്യം പാമ്പ് കടിച്ച സംഭവത്തിൽ സംശയം തോന്നിയ ബന്ധുക്കളാണ് പരാതി നൽകിയത്.
ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ചാർജ് ചെയ്യതിട്ടുള്ളത്. ആദ്യകേസിൽ സൂരജ് മാത്രമാണ് പ്രതി. കൊലപാതക ശ്രമം, കൊലപാതകം, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് സൂരജിന് എതിരെയുള്ളത്. പാമ്പ് പിടിത്തകാരൻ സുരേഷ് മാപ്പ് സാക്ഷി ആയി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates