

തൃശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക് 2025) ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 2 വരെ തൃശൂരില്‍ നടക്കും. ഫെബ്രുവരി 23ന് വൈകീട്ട് അഞ്ചു മണിക്ക് കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, സെക്രട്ടറി കരിവള്ളൂര്‍ മുരളി എന്നിവരുടെ സാന്നിധ്യത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. തെന്നിന്ത്യന്‍ സിനിമാ താരവും തിയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനും നിര്‍മാതാവുമായ എം നാസര്‍ മുഖ്യാതിഥിയാകും.
പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വിഹക്കും. മന്ത്രിമാരായ കെ രാജന്‍, ആര്‍ ബിന്ദു, സ്വാഗത സംഘം ചെയര്‍മാനും ജില്ലാ കലക്ടറുമായ അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ്, മേയര്‍ എം കെ വര്‍ഗ്ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് എന്നിവര്‍ക്കൊപ്പം മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാംസ്‌കാരിക സ്ഥാപനങ്ങളുടെ പ്രതിനിധികളും കലാ സാംസ്‌കാരിക പ്രമുഖരും പങ്കെടുക്കും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ബി അനന്തകൃഷ്ണന്‍ ഇറ്റ്‌ഫോക്കിന്റെ ആശയവും കാഴ്ച്ചപ്പാടുകളും വിശദീകരിക്കും.
സംസ്‌കാരത്തിന്റെ വ്യത്യസ്ത ധാരകളില്‍ ജീവിക്കുന്ന മനുഷ്യരുടെ പ്രത്യാശയും അതിജീവനവും പ്രമേയമാകുന്ന 'പ്രതിരോധത്തിന്റെ സംസ്‌കാരങ്ങള്‍' എന്ന ആശയമാണ് ഇറ്റ്‌ഫോക്2025 മുന്നോട്ട് വയ്ക്കുന്നത്. എട്ട് ദിവസങ്ങളിലായി 15 നാടകങ്ങൾ മൂന്ന് വേദികളിലായി നടത്തും. 34 പ്രദർശനങ്ങളുണ്ട്. പതിനഞ്ചാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഉദ്ഘാടന ദിവസമായ ഫെബ്രുവരി 23ന് ആക്ടര്‍ മുരളി തിയറ്ററില്‍ ഗിരീഷ് കര്‍ണാടിന്റെ 'ഹയവദന' നാടകം വൈകിട്ട് 7.30 ന് അരങ്ങേറും. അന്നേ ദിവസം ഉച്ചയ്ക്ക് 3 മണിക്ക് തോപ്പില്‍ ഭാസി ബ്ലാക്ക് ബോക്‌സില്‍ 'ദ് നൈറ്റ്‌സ്' അറേബ്യന്‍ രാത്രികളുടെ കഥയെ അധികരിച്ച് നടക്കുന്ന പാവകളി നാടകമാണ്.
തുടര്‍ന്ന് രാത്രി 9 മണിക്ക് സംഗീത നാടക അക്കാദമിക്ക് മുന്‍പിലെ വേദിയില്‍ 'ഗൗളി' സംഗീത ബാന്‍ഡിന്റെ സംഗീത നിശ ഇറ്റ്‌ഫോക്കിന്റെ പ്രേക്ഷകര്‍ക്കായി അക്കാദമി ഒരുക്കിയിട്ടുണ്ട്. വിഖ്യാതസെറ്റ് ഡിസൈനര്‍ സുജാതന്റെ നേതൃത്വത്തില്‍ മികച്ച സാങ്കേതിക മികവോടെ എല്ലാ നാടകങ്ങളും കാഴ്ചക്കാരിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തീകരിച്ച് നാടക വേദികള്‍ സജ്ജമായി. കേരള സംഗീത നാടക അക്കാദമിയിലെ തോപ്പില്‍ ഭാസി ബ്ലാക്ക് ബോക്‌സ്, കെ ടി മുഹമ്മദ് റീജണല്‍ തിയറ്റര്‍, ആക്ടര്‍ മുരളി തിയറ്റര്‍ എന്നിവയ്ക്ക് പുറമേ രാമനിലയം ക്യാമ്പസ്, കേരള സംഗീത നാടക അക്കാദമി മുന്‍വശം എന്നിവയും നാടകോത്സവത്തിന്റെ വേദികളാണ്.
ഈജിപ്റ്റ്, റഷ്യ, ഹംഗറി, ശ്രീലങ്ക, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്ന് മാനവിക മൂല്യങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് മനുഷ്യമനസിന്റെ സങ്കീര്‍ണതകള്‍ വെളിപ്പെടുത്തുന്ന 5 വിദേശ നാടകങ്ങളാണ് ഇത്തവണ പ്രദര്‍ശനത്തിനുള്ളത്. വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നുള്ള നാല് സ്ത്രീകളുടെ ജീവിതത്തിലൂടെ മനുഷ്യ ജീവിത്തിന്റെ പ്രക്ഷുബ്ധമായ അനുഭവങ്ങള്‍ പങ്കുവെക്കുന്ന ഈജിപ്ഷന്‍ നാടകമാണ് 'ബോഡി ടീത്ത് ആന്‍ഡ് വിഗ്'. എന്നാല്‍ റഷ്യന്‍ നാടകമായ 'പുവര്‍ ലിസ' നിക്കോളായ് കരംസിന്റെ ക്ലാസിക് കഥയെ അവലംബിക്കുന്ന പ്രണയ നാടകമാണ്.
സൗരയൂഥത്തിലെ സൂര്യനും ചന്ദ്രനും ഗ്രഹങ്ങളുമെല്ലാം മനുഷ്യരുടെ തന്നെ പ്രതീകങ്ങളായി മുന്നിലേക്ക് വരുമ്പോഴുണ്ടാകുന്ന പരിണാമങ്ങളാണ് ഹംഗേറിയന്‍ നാടകം 'സര്‍ക്കിള്‍ റിലേഷന്‍സ്' പറയുന്നത്. എന്നാല്‍ ശ്രീലങ്കന്‍ നാടകം 'ഡിയര്‍ ചില്‍ഡ്രന്‍ സിന്‍സിയര്‍ലി' ശ്രീലങ്കയുടെ ഏഴ് ശതകങ്ങളുടെ ചരിത്രരേഖയാണ്.
സ്ത്രീയ്ക്ക് സ്വന്തം ഗര്‍ഭപാത്രത്തിന്‍ മേലുള്ള അവകാശമെങ്കിലും സ്വന്തമായിട്ടുണ്ടോ എന്ന ചോദ്യമാണ് ഇറാക്കില്‍ നിന്നുള്ള 'അമല്‍' നാടകം മുന്നോട്ടു വയ്ക്കുന്ന ആശയം. പ്രേക്ഷകരെ ആത്മപരിശോധനയിലേക്കും ജീവിതത്തിന്റെ ദാര്‍ശനിക തലങ്ങളെ പരിചയപ്പെടുത്തുന്നതിലേക്കും ഈ അഞ്ച് നാടകങ്ങള്‍ നയിക്കുന്നു.
കൂടാതെ ഡല്‍ഹിയില്‍ നിന്നുള്ള പാവകളി നാടകം ദി നൈറ്റ്‌സ്, ബാംഗ്ലൂര്‍ ഭൂമിജ ട്രസ്റ്റിന്റെ ഹയവദന, ബാംഗ്ലൂര്‍ ഡ്രാഹ്മണന്‍ പ്രൊഡക്ഷന്റെ പ്രോജക്ട് ഡാര്‍ലിംഗ്, മണിപ്പൂരിലെ അശോക തിയറ്റര്‍ അവതരിപ്പിക്കുന്ന അബോര്‍ജിനല്‍ ക്രൈ, ഗുജറാത്തിലെ അസ്തിത്വ ആര്‍ട്ട് ഫൗണ്ടേഷന്റെ ഐറ്റം, ആസാമിലെ ഓര്‍ക്കിഡ് തിയറ്ററിന്റെ ചായ് ഖരം, മുംബൈ തമാശ തിയറ്ററിന്റെ ബി ലവ്ഡ് തുടങ്ങിയ ഏഴ് ദേശീയ നാടകങ്ങളും കോട്ടയം സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് അവതരിപ്പിക്കുന്ന ആറാമത്തെ വിരല്‍, പാലക്കാട് അത്‌ലറ്റ് കായിക നാടകവേദിയുടെ ഭൂതങ്ങള്‍, എറണാകുളം മാമംഗലം ഡാന്‍സ് കമ്പനിയുടെ നെയ്ത്ത് എന്നീ മൂന്ന് മലയാള നാടകങ്ങളും ഇറ്റ്‌ഫോക് 2025 ന്റെ ഭാഗമാണ്.
നാടകങ്ങള്‍ക്ക് പുറമെ പാനല്‍ ചര്‍ച്ചകളും, ദേശീയ/അന്തര്‍ദേശീയ നാടക പ്രവര്‍ത്തകരുമായുള്ള മുഖാമുഖവും, സംഗീത-നൃത്ത നിശകള്‍ എന്നിവയും അരങ്ങേറും. ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 2 വരെ രാമനിലയം ക്യാമ്പസിലെ ഫാവോസില്‍ രാവിലെ 11.30ന് ആര്‍ട്ടിസ്റ്റുകളുമായുള്ള മുഖാമുഖം നടക്കും. ഫെബ്രുവരി 25ന് 'അരങ്ങും വെള്ളിത്തിരയും' എന്ന വിഷയത്തില്‍ സംവാദവും 27ന് 'പ്രതിരോധത്തിന്റെ സംസ്‌കാരങ്ങള്‍' എന്നാ വിഷയത്തെ അധികരിച്ച പാനല്‍ ചര്‍ച്ചയും മാര്‍ച്ച് ഒന്നിന് 'പ്രതിരോധത്തിന്റെ രാഷ്ട്രീയം: വനിതാ നാടകവേദി'യുമായുള്ള സംവാദാത്മക ചര്‍ച്ചയും ഉച്ചയ്ക്ക് 1.30 ന് അതേ വേദിയില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നുണ്ട്.
മട്ടന്നൂര്‍ ശങ്കരന്‍കുട്ടി (ചെയര്‍മാന്‍), കരിവെള്ളൂര്‍ മുരളി (സെക്രട്ടറി), ബി അനന്തകൃഷ്ണന്‍ (ഫെസ്റ്റിവല്‍ ഡയറക്ടര്‍), ജലീല്‍ ടി കുന്നത്ത് (ഇറ്റ്‌ഫോക് കോ-ഓര്‍ഡിനേറ്റര്‍), ശുഭ എം ബി (അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍), അനില്‍കുമാര്‍ വി കെ (പ്രോഗ്രാം ഓഫിസര്‍) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ടിക്കറ്റ് ബുക്കിങ്:
ഫെസ്റ്റിവല്‍ ദിവസങ്ങളില്‍ രാവിലെ 9 മണിക്ക് തുറക്കുന്ന ടിക്കറ്റ് കൗണ്ടറില്‍ നിന്നും അന്നേ ദിവസത്തെ മുഴുവന്‍ നാടകങ്ങളുടെയും ഒരു നിശ്ചിത ശതമാനം ടിക്കറ്റുകള്‍ ലഭ്യമാകും. ബാക്കിയുള്ളത് ഓരോ നാടകത്തിന്റെയും ഒരു മണിക്കൂര്‍ മുന്‍പ് കൗണ്ടറില്‍ നിന്ന് ലഭിക്കും. ടിക്കറ്റ് ഒന്നിന് 80 രൂപയാണ് നിരക്ക്.
ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്തവര്‍ക്ക് മെയില്‍ വഴി ലഭിച്ച ടിക്കറ്റിന്റെ ക്യു ആര്‍ കോഡ് തിയറ്ററിന്റെ പ്രവേശന കവാടത്തില്‍ സ്‌കാന്‍ ചെയ്തോ അല്ലെങ്കില്‍ ടിക്കറ്റ് പ്രിന്റ് എടുത്ത് വന്നോ നാടകം കാണാവുന്നതാണ്. ഫെസ്റ്റിവല്‍ ദിവസങ്ങളില്‍ ഫെസ്റ്റിവല്‍ ബുക്ക് ഉള്‍പ്പെടുന്ന കിറ്റ് കൗണ്ടറില്‍ ലഭ്യമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates