

കൊച്ചി: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചെറുപ്പക്കാര്‍ (മിലേനിയല്‍സ്) യാത്രയ്ക്കായി ഊബറും ഓലയും തെരഞ്ഞെടുക്കുന്നതിനാലാണ് വാഹന വിപണിയില്‍ പ്രതിസന്ധി വന്നതെന്ന ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രസ്താവനയെ ട്രോളി സ്വാമി സന്ദീപാനന്ദഗിരി. 1980 ല്‍ ജനിച്ചവരെ ഗൂഗിൾ നോക്കിയപ്പോള്‍ കിട്ടിയതാ എന്ന് പറഞ്ഞാണ് സന്ദീപാനന്ദഗിരിയുടെ പോസ്റ്റ് പങ്കുവെച്ചത്. 1980 സപ്തംബര്‍ ആറാം തിയ്യതിയാണ് രാജ്യത്ത് ബിജെപി രൂപികരിച്ചത്. ബിജെപിയുടെ ജന്മം ചൂണ്ടിക്കാണിച്ചാണ് സ്വാമിയുടെ ട്രോള്‍. പോസ്റ്റ് പങ്കിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ധനമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെ 'യുവാക്കളെ ബഹിഷ്‌ക്കരിക്കൂ' ഹാഷ് ടാഗ് ട്രോളുകള്‍ ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ സൈറ്റുകളിലും നിറയുന്നു. നൂറുകണക്കിന് ട്രോള്‍ സന്ദേശങ്ങളാണ് നിര്‍മ്മല സീതാരാമന്റെ പ്രസ്താവനയുടെ ലിങ്ക് ഷെയര്‍ ചെയ്തു കൊണ്ട് വരുന്നത്.
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ നൂറ് ദിന ആഘോഷത്തോടനുബന്ധിച്ച് സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കവേയാണ് ധനമന്ത്രി മില്ലേനിയല്‍സിനെ പരാമര്‍ശിച്ചത്.ഇന്ത്യന്‍ വാഹന വിപണിയിലെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം 1980-കളുടെ അവസാനത്തിലും 90-കളുടെ ആദ്യത്തിലും ജനിച്ച തലമുറയുടെ പ്രത്യേക മനോഭാവവും ബിഎസ് 6 മാനദണ്ഡങ്ങളിലേക്കുളള മാറ്റവുമാണെന്ന് നിര്‍മ്മല സീതാരാമന്‍ അഭിപ്രായപ്പെട്ടു.കാര്‍ വാങ്ങാതെ യാത്രകള്‍ക്കായി ഊബര്‍, ഓല പോലെയുളള ടാക്‌സി സര്‍വീസുകളെ മിലേനിയല്‍സ് ആശ്രയിക്കുകയാണെന്ന് അവര്‍ പറഞ്ഞു. വായപയ്ക്ക് പ്രതിമാസ ഗഡു (ഇ എം ഐ) അടയ്ക്കാന്‍ മിലേനിയലുകള്‍ക്ക് താല്‍പ്പര്യമില്ല. മിലേനിയല്‍ കാലഘട്ടത്തില്‍ ജനിച്ചവര്‍ക്ക് ഒന്നും വാങ്ങാന്‍ താല്‍പര്യമില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ വാഹന വ്യവസായത്തിന് നല്ല സമയം ഉണ്ടായിരുന്നു, കുറഞ്ഞത് രണ്ട് വര്‍ഷം മുമ്പ് വരെ. ഓട്ടോമൊബൈല്‍ മേഖലയെ സംബന്ധിച്ചിടത്തോളം മികച്ച മുന്നേറ്റം തീര്‍ച്ചയായും ഉണ്ടാകുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. 'ഒരു വര്‍ഷത്തിലേറെയായി വാഹന വില്‍പ്പനയില്‍ വന്‍ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓഗസ്റ്റില്‍ വില്‍പ്പന 31.57 ശതമാനം ഇടിഞ്ഞു, 22 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം മാസം.'
വാഹനമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നിരവധി നടപടികള്‍ ധനമന്ത്രി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വാഹനങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ സ്വയം ഏര്‍പ്പെടുത്തിയ വിലക്ക് ധനമന്ത്രി അടുത്തിടെ നീക്കി. പാസഞ്ചര്‍ കാറുകളുടെ ചരക്ക് സേവന നികുതി വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യന്‍ വാഹന കമ്പനികള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു, തുടര്‍ച്ചയായ മാന്ദ്യം വലിയ തോതില്‍ തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates