തൃശൂർ: കൊടകര കുഴൽപ്പണക്കേസിലെ പത്തൊൻപതാം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളാങ്ങല്ലൂർ തേക്കാനത്ത് എഡ്വിനാണ് അമിതമായി ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. അവശനിലയിലായ എഡ്വിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച എഡ്വിനെ ചോദ്യം ചെയ്യലിനായി തൃശൂർ പൊലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചിരുന്നു. തുടർന്ന് മർദ്ദനമേറ്റതായാണ് ബന്ധുക്കൾ പറയുന്നത്. ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മടങ്ങിയെത്തിയ എഡ്വിൻ കടുത്ത മാനസിക വിഷമത്തിലായിരുന്നെന്നും മാതാപിതാക്കൾ പരാതിപ്പെട്ടു.അന്വേഷണ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിക്കുകയും കുടുംബത്തെ മാനസിക സമ്മർദ്ദത്തിലാക്കി പീഡിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് എഡ്വിൻ ഡോക്ടർക്കും പൊലീസിനും മൊഴി നൽകി.
ഇന്നലെ രാവിലെ അവശനിലയിൽ മുറിയിൽ കിടക്കുകയായിരുന്നു എഡ്വിൻ. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എഡ്വിൻ ഐസിയൂവിൽ ആയിരുന്നു. ഇപ്പോൾ ആരോഗ്യനില ഗുരുതരമല്ല.
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ മൂന്നരക്കോടി രൂപ ഒരുസംഘം കവർന്നത്. ഇതിൽ ഒരു കോടി 45 ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. കേസിൽ 22 പ്രതികളും 216 സാക്ഷികളുമാണുള്ളത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കേസിൽ ഏഴാം സാക്ഷിയാണ്. കേസിൽ കെ സുരേന്ദ്രനും മകൻ ഹരികൃഷ്ണനും ഉൾപ്പെടെ 19 ബിജെപി നേതാക്കൾ സാക്ഷികളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates