20ന് തിരുവനന്തപുരത്ത് രണ്ടു ലക്ഷം പേരെ അണിനിരത്തി അയ്യപ്പഭക്തസംഗമം: പങ്കെടുക്കാന്‍ മാതാ അമൃതാനന്ദമയിയും
തിരുവനന്തപുരം: ശബരിമല കര്‍മസമിതി തലസ്ഥാനത്തു വന്‍ അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കുന്നു. ശബരിമല നട അടയ്ക്കുന്ന 20നാണ് സംഗമം നടത്തുന്നത്. സംഗമത്തില്‍ മാതാ അമൃതാനന്ദമയിയും പങ്കെടുക്കും. ശ്രീശ്രീ രവിശങ്കറടക്കമുള്ളവരെയും ക്ഷണിച്ചിട്ടുണ്ടെന്നും സമിതി ജനറല്‍ കണ്‍വീനര്‍ എന്‍എസ്എസിന്റെ പിന്തുണ തേടിയിട്ടുണ്ടെന്നും എസ്‌ജെആര്‍ കുമാര്‍ അറിയിച്ചു.
രണ്ടുലക്ഷം പേര്‍ പപരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം. 20ന് വൈകിട്ട് നാലിനാണു പരിപാടി. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ആധ്യാത്മികാചാര്യന്മാരെയും സമുദായ സംഘടനാ നേതാക്കളും സന്നിഹിതരാവും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള വിശ്വാസികളുടെ നാമജപ യാത്രയുമുണ്ടായിരിക്കും.
ശബരിമലയില്‍ ആചാരസംരക്ഷണം ആവശ്യപ്പെട്ടു 18ന് സെക്രട്ടേറിയറ്റ് വളയല്‍ സമരമാണ് കര്‍മസമിതി ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതിനു പകരം ധര്‍മസംരക്ഷണ മുദ്രാവാക്യവുമായി അയ്യപ്പഭക്ത സംഗമമാക്കി മാറ്റാന്‍ പിന്നീടു തീരുമാനിക്കുകയായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ 18ന് രാവിലെ അയ്യപ്പ മണ്ഡപങ്ങള്‍ ഒരുക്കും. മൂന്നു ദിവസവും ഇവിടെ അയ്യപ്പ വിഗ്രഹവും വിളക്കും വച്ചു പൂജയുണ്ടാകും. 18ന് വൈകിട്ടു നഗരത്തില്‍ വനിതകളുടെ വാഹനപ്രചാരണ യാത്രയും നടത്തും.
20ന് വൈകിട്ട് മൂന്നിനു മ്യൂസിയം, പിഎംജി എന്നിവിടങ്ങളില്‍ നിന്നാണു നാമജപ ഘോഷയാത്രകള്‍ ആരംഭിക്കുക. ഇവ എല്‍എംഎസ് ജംക്ഷനില്‍ സംഗമിച്ചു പുത്തരിക്കണ്ടം മൈതാനിയിലേക്കു പുറപ്പെടും. നാലിന് പൊതുപരിപാടികള്‍ ആരംഭിക്കും. കര്‍മസമിതിയുടെ പൊതുപരിപാടിയില്‍ ആദ്യമായാണു മാതാ അമൃതാനന്ദമയി പങ്കെടുക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

