23 വര്‍ഷത്തെ കാത്തിരിപ്പ്; മുത്തങ്ങ സമര കാലത്തെ കോണ്‍സ്റ്റബിള്‍ വിനോദ് വധക്കേസില്‍ വിധി വെള്ളിയാഴ്ച

ആദിവാസി ഗോത്ര മഹാസഭ നേതാവ് ഗീതാനന്ദനാണ് ഒന്നാം പ്രതി
muthanga agitation
muthanga agitation
Updated on
2 min read

കല്‍പ്പറ്റ: കേരളത്തിലെ ആദിവാസി ഭൂസമര ചരിത്രത്തിലെ ഏറ്റവും നിര്‍ണായകവും വിവാദപരവുമായ അധ്യായങ്ങളിലൊന്നായ മുത്തങ്ങ പൊലീസ് വെടിവയ്പ്പിന് 23 വര്‍ഷം പിന്നിടുമ്പോള്‍, സംഭവവുമായി ബന്ധപ്പെട്ട കോണ്‍സ്റ്റബിള്‍ കെവി വിനോദ് വധക്കേസില്‍ ജൂലൈ 31 വെള്ളിയാഴ്ച വിധി പ്രസ്താവിക്കും. വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അയൂബ് ഖാനാണ് സിബിഐ അന്വേഷിച്ച കേസില്‍ വിധി പറയുന്നത്.

2003 ഫെബ്രുവരി 19ന് മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ നടന്ന പൊലീസ് ഒഴിപ്പിക്കല്‍ നടപടിക്കിടെയുണ്ടായ അക്രമത്തിലാണ് കോണ്‍സ്റ്റബിള്‍ വിനോദ് കൊല്ലപ്പെട്ടത്. അതേ സംഭവത്തില്‍ ആദിവാസി സമരക്കാരനായ ജോഗിയും മരിച്ചിരുന്നു. നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സമരക്കാര്‍ക്കും പരിക്കേറ്റു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേസില്‍ അന്തിമവിധി വരുന്നത്.

ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് ആദിവാസി കുടുംബങ്ങള്‍ വനഭൂമി കൈയേറിയതിനെ തുടര്‍ന്ന് നടത്തിയ പൊലീസ് നടപടിക്കിടെയാണ് സംഭവം നടന്നത്. കേസില്‍ ആകെ 53 ആദിവാസികളെയാണ് പ്രതിചേര്‍ത്തത്. ആദിവാസി ഗോത്ര മഹാസഭ നേതാവ് ഗീതാനന്ദനാണ് ഒന്നാം പ്രതി.

പ്രോസിക്യൂഷന്റെ വാദമനുസരിച്ച്, ഗൗണ്ടന്‍വയലിലെ തകരപ്പാടിയില്‍ നടന്ന ഏറ്റുമുട്ടലിനിടെ കോണ്‍സ്റ്റബിള്‍ വിനോദിനെയും മറ്റൊരു പൊലീസുകാരനെയും സമരക്കാര്‍ തടവിലാക്കിയിരുന്നു. സികെ ജാനുവിന്റെയും ഗീതാനന്ദന്റെയും നേതൃത്വത്തില്‍ 47 ദിവസമായി തുടരുകയായിരുന്ന സമരത്തിനിടെയായിരുന്നു സംഭവം. തടവിലാക്കപ്പെട്ട വിനോദിനെ പിന്നീട് കൊലപ്പെടുത്തിയെന്നതാണ് സിബിഐയുടെ കേസ്.

എന്നാല്‍, സംഭവത്തിന്റെ നിര്‍ണായക ഭാഗം നടന്ന കുടിലിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് നേരിട്ട് കണ്ട സാക്ഷികളില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സാക്ഷികള്‍ കുടിലില്‍ നിന്ന് അമ്പത് മീറ്ററിലധികം അകലെയായിരുന്നുവെന്നും തുടര്‍ച്ചയായ വെടിവയ്പ്പും ഗ്രനേഡ് സ്‌ഫോടനങ്ങളും മൂലമുണ്ടായ പുകയും കാരണം അകത്ത് നടന്നത് ആര്‍ക്കും കാണാനായില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. റഷീദ് കോടതിയില്‍ വാദിച്ചു.

23 വര്‍ഷമായി നീതിക്കായി കാത്തിരിക്കുന്ന വിനോദിന്റെ കുടുംബം

കണ്ണൂര്‍ കൊയ്യം സ്വദേശിയായ വിനോദിന്റെ കുടുംബത്തിന് കേസിന്റെ വിചാരണ എവിടെയെത്തിയെന്നതിനെക്കുറിച്ച് ഔദ്യോഗികമായി യാതൊരു വിവരവും ലഭിച്ചിരുന്നില്ല. വിരമിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ സഹോദരന്‍ കെവി ബാബു, മാധ്യമപ്രവര്‍ത്തകരില്‍ നിന്നാണ് വിധി വരാനിരിക്കുന്ന വിവരം അറിഞ്ഞതെന്ന് പറഞ്ഞു.

'സര്‍വീസിലിരിക്കെ പലതവണ കേസിന്റെ പുരോഗതി അന്വേഷിച്ചു. വിവരാവകാശ നിയമപ്രകാരം അപേക്ഷകളും നല്‍കി. വിചാരണ നടക്കുകയാണെന്ന മറുപടി മാത്രമാണ് ലഭിച്ചത്. സഹോദരന്‍ മരിച്ചിട്ട് 23 വര്‍ഷമായി. ആ വേദനയുമായി അച്ഛന്‍ മരിച്ചുപോയി. അമ്മ ഇന്നും ആ ദുഃഖം പേറിയാണ് ജീവിക്കുന്നത്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം നീതി ലഭിക്കുമോയെന്ന ആശങ്കയുണ്ട്. വൈകി കിട്ടുന്ന നീതികൊണ്ട് എന്താണ് പ്രയോജനം' -ബാബു പറഞ്ഞു.

53 പ്രതികളില്‍ 15 പേര്‍ മരിച്ചു

കേസിലെ 53 പ്രതികളില്‍ 15 പേര്‍ ഇതിനകം മരണമടഞ്ഞു. ഒരാള്‍ കിടപ്പിലുമാണ്. ശേഷിക്കുന്ന പ്രതികളെല്ലാം വാര്‍ധക്യത്തിലെത്തിയവരാണ്. വര്‍ഷങ്ങളായി കോടതിയില്‍ ഹാജരാകേണ്ടി വന്നത് തന്നെ വലിയ ശിക്ഷയായിരുന്നുവെന്ന് ഗീതാനന്ദന്‍ പറഞ്ഞു. 'ഈ കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ വളരെ മുമ്പേ തീരേണ്ടതായിരുന്നു. 23 വര്‍ഷമെന്നത് ഒരു മനുഷ്യജീവിതത്തിലെ വലിയ കാലഘട്ടമാണ്. പ്രതികളില്‍ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ശേഷിക്കുന്നവരെല്ലാം പ്രായമായവരാണ്. എന്നിരുന്നാലും സത്യം പുറത്തുവരുമെന്ന പ്രതീക്ഷയില്‍ കോടതിയില്‍ ഹാജരാകുകയാണ്,' അദ്ദേഹം പറഞ്ഞു.

ഉത്തരമില്ലാത്ത ചോദ്യമായി ജോഗിയുടെ മരണം

വിനോദ് വധക്കേസില്‍ വിധി വരുമ്പോഴും, മുത്തങ്ങ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ആദിവാസി സമരക്കാരന്‍ ജോഗിയുടെ മരണം ഇന്നും ദുരൂഹ മരണമായി തന്നെ തുടരുകയാണ്. മരണത്തില്‍ ക്രിമിനല്‍ കേസോ അന്വേഷണോ ഇന്നുവരെ ഉണ്ടായിട്ടില്ലെന്നാണ് ആദിവാസി ഗോത്ര മഹാസഭ നേതാവ് സികെ ജാനു ആരോപിക്കുന്നത്. സംഭവത്തിന് പിന്നാലെ ബത്തേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും പിന്നീട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെന്നും ജാനു പറഞ്ഞു. മനുഷ്യാവകാശ കമ്മിഷനെയും പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷനെയും സമീപിക്കാനായിരുന്നു കോടതി നിര്‍ദേശിച്ചതെന്നും അതിനുശേഷവും സര്‍ക്കാര്‍ അന്വേഷണം നടത്തിയില്ലെന്നും അവര്‍ ആരോപിച്ചു.

വിനോദ് വധക്കേസിലെ വിധി ജോഗിയുടെ മരണവുമായി ബന്ധപ്പെട്ട സത്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ആദിവാസി ഗോത്ര മഹാസഭ. 'വിധിന്യായത്തില്‍ പൊലീസ് വെടിവയ്പ്പിന്റെ സാഹചര്യങ്ങള്‍ വിശദമായി പരാമര്‍ശിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ജോഗി പൊലീസ് വെടിവയ്പ്പിലാണ് മരിച്ചതെന്ന് അതിലൂടെ വ്യക്തമാകുന്നുവെങ്കില്‍, അദ്ദേഹത്തിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് ഉടന്‍ നിയമനടപടികള്‍ സ്വീകരിക്കും' -ഗീതാനന്ദന്‍ പറഞ്ഞു.

muthanga agitation
മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ; അറിയിക്കുന്നവര്‍ക്ക് പിഴത്തുകയുടെ 25%
muthanga agitation
ഗുരുവായൂര്‍ വെര്‍ച്വല്‍ ദര്‍ശനം: ഓഗസ്റ്റിലെ ബുക്കിങ് 'ഹൗസ്ഫുള്‍'; സെപ്റ്റംബര്‍ ബുക്കിങ് 15ന് ശേഷം
muthanga agitation
വല നിറയെ പ്രതീക്ഷ; വീണ്ടും കടലിലേക്ക്; ട്രോളിങ് നിരോധനം നാളെ അവസാനിക്കും
Summary

23 year wait: Verdict in Constable Vinod murder case during the Muthanga agitation on Friday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com