ദേശീയപാതയില്‍ 24 മണിക്കൂറും വാഹന പരിശോധന, കേരളത്തെ ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിക്കും; മന്ത്രി സി പി ജോണ്‍

അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ദേശീയപാതകളില്‍ 24 മണിക്കൂറും വാഹന പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍
vehicle inspection
വാഹന പരിശോധനai image
Edited By:
Updated on
2 min read

തിരുവനന്തപുരം: അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ദേശീയപാതകളില്‍ 24 മണിക്കൂറും വാഹന പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. ഇതിനായി കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയെ ഏകദേശം നൂറ് കിലോമീറ്റര്‍ വീതമുള്ള ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിച്ച് ഓരോ മേഖലയിലും പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങളെ വിന്യസിക്കും. അമിതവേഗം തടയല്‍, അപകടങ്ങള്‍ കുറയ്ക്കല്‍, ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തല്‍, ദേശീയപാതകളിലെ ദൃശ്യ സാന്നിധ്യം വര്‍ധിപ്പിക്കല്‍ എന്നിവയാണ് നടപടിയുടെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

റോഡപകടങ്ങളില്‍ പ്രധാന കാരണം അമിതവേഗമാണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. ദേശീയപാതകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങളെ മുഴുവന്‍ സമയവും വിന്യസിച്ച് നിയമലംഘനങ്ങള്‍ തടയുന്നതിനൊപ്പം അപകട മരണങ്ങള്‍ കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി.

ദേശീയപാതയെ ദക്ഷിണം, മധ്യം, വടക്ക് എന്നിങ്ങനെ ആറ് പ്രവര്‍ത്തന മേഖലകളായി വിഭജിക്കും. തിരുവനന്തപുരം ഡെപ്യൂട്ടി ഗതാഗത കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ രണ്ട് ദക്ഷിണ മേഖലകളും, തൃശൂര്‍, എറണാകുളം ഡെപ്യൂട്ടി ഗതാഗത കമ്മിഷണര്‍മാരുടെ മേല്‍നോട്ടത്തില്‍ ഓരോ മധ്യമേഖല വീതവും, കോഴിക്കോട് ഡെപ്യൂട്ടി ഗതാഗത കമ്മിഷണറുടെ നിയന്ത്രണത്തില്‍ രണ്ട് വടക്കന്‍ മേഖലകളും പ്രവര്‍ത്തിക്കും. ഓരോ മേഖലയുടെയും കൃത്യമായ ആരംഭ-അവസാന കിലോമീറ്റര്‍ പരിധി ബന്ധപ്പെട്ട ഡെപ്യൂട്ടി ഗതാഗത കമ്മിഷണര്‍മാര്‍ പ്രത്യേകം നിശ്ചയിക്കും.

ഓരോ മേഖലയിലും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഓഫിസുകള്‍, ആര്‍ടിഒ ഓഫിസുകള്‍, സബ് ആര്‍ടിഒ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങള്‍ രൂപീകരിക്കും. മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാര്‍, അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാര്‍, ഡ്രൈവര്‍മാര്‍, ആവശ്യമായ പരിശോധനാ ഉപകരണങ്ങളുള്ള വകുപ്പ് വാഹനങ്ങള്‍ എന്നിവ സംഘത്തിന്റെ ഭാഗമാകും. വിവിധ ഓഫിസുകളിലെ ഉദ്യോഗസ്ഥരെ മാറിമാറി നിയോഗിക്കുകയും പകല്‍, വൈകിട്ട്, രാത്രി ഡ്യൂട്ടികള്‍ തുല്യമായി വിതരണം ചെയ്യുകയും ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകാതിരിക്കുകയും വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും സി പി ജോണ്‍ പറഞ്ഞു.

അമിതവേഗം, അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ഉപയോഗിക്കാത്തത്, അമിതഭാരം കയറ്റിയ ചരക്ക് വാഹനങ്ങള്‍, അനധികൃത വാഹന രൂപമാറ്റം, ഫിറ്റ്‌നസ്, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ്, നികുതി ലംഘനങ്ങള്‍, അനധികൃത യാത്രാ ഗതാഗതം എന്നിവ കണ്ടെത്തുന്നതിനാണ് പ്രധാന മുന്‍ഗണന. വലിയ അപകടങ്ങള്‍ ഉണ്ടായാല്‍ അടിയന്തര ഇടപെടല്‍ നടത്തുകയും അപകടത്തില്‍പ്പെട്ടതോ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതോ ആയ വാഹനങ്ങള്‍ പൊലീസിന്റെയും ദേശീയപാത അതോറിറ്റിയുടെയും സഹായത്തോടെ നീക്കം ചെയ്യുകയും അപകടസാധ്യതയേറിയ ഭാഗങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുകയും വേണമെന്നും മന്ത്രി നിര്‍ദേശിച്ചു.

മൊബൈല്‍ പട്രോളിങ്; മിന്നല്‍ പരിശോധന

ഒരിടത്ത് ദീര്‍ഘസമയം പരിശോധന നടത്തുന്നതിനുപകരം ദേശീയപാതയിലൂടെ തുടര്‍ച്ചയായി സഞ്ചരിച്ചുകൊണ്ടുള്ള പരിശോധനാ മാതൃകയാണ് സ്വീകരിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. വിവിധ സ്ഥലങ്ങളില്‍ മിന്നല്‍ പരിശോധന, ആവശ്യമെങ്കില്‍ പൊലീസുമായി സംയുക്ത പരിശോധന, കാമറകളും ഡിജിറ്റല്‍ ഉപകരണങ്ങളും ഉപയോഗിച്ചുള്ള സാങ്കേതിക നിരീക്ഷണം, ദേശീയപാത അതോറിറ്റിയുടെ കാമറ ദൃശ്യങ്ങള്‍ ഉപയോഗിച്ചുള്ള നിയമനടപടി, അവധി ദിവസങ്ങളിലും ഉത്സവകാലങ്ങളിലും പ്രത്യേക നിരീക്ഷണം എന്നിവയും നടപ്പാക്കും.

ഓരോ മേഖലയിലെയും എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ഡെപ്യൂട്ടി ഗതാഗത കമ്മിഷണര്‍മാര്‍ നേരിട്ട് മേല്‍നോട്ടം വഹിക്കും. മിന്നല്‍ പരിശോധനകള്‍ നടത്തുക, ജിപിഎസ് വിവരങ്ങള്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെ വിന്യാസം പരിശോധിക്കുക, പ്രതിദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക, അപകടസാധ്യതയേറിയ ഭാഗങ്ങളില്‍ കൂടുതല്‍ പരിശോധന ഉറപ്പാക്കുക, ആര്‍ടിഒമാരുമായും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമായും പ്രതിവാര അവലോകന യോഗം ചേരുക, ജില്ലാ പൊലീസ് മേധാവിമാര്‍, ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവരുമായി ഏകോപനം ഉറപ്പാക്കുക തുടങ്ങിയ ചുമതലകളും നിര്‍ദേശിച്ചിട്ടുണ്ട്.

രാത്രി പരിശോധനയില്‍ സുരക്ഷയ്ക്ക് മുന്‍ഗണന

ഉദ്യോഗസ്ഥര്‍ യൂണിഫോമും പ്രതിഫലന സുരക്ഷാ ജാക്കറ്റും നിര്‍ബന്ധമായും ധരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ലഭ്യമായിടത്ത് ബോഡി കാമറ, വേഗം കണ്ടെത്തുന്ന ഉപകരണങ്ങള്‍, ഡിജിറ്റല്‍ എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തണം. രാത്രികാല പരിശോധനയില്‍ ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് പരമ പ്രാധാന്യം നല്‍കണമെന്നും ആവശ്യമായ വാഹനങ്ങളും ആശയവിനിമയ സംവിധാനങ്ങളും മറ്റ് സൗകര്യങ്ങളും ഡെപ്യൂട്ടി ഗതാഗത കമ്മിഷണര്‍മാര്‍ ഉറപ്പാക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങളുടെ രൂപീകരണം, ഡ്യൂട്ടി പട്ടിക, തുടര്‍ച്ചയായ വിന്യാസം, മേല്‍നോട്ടം എന്നിവയില്‍ വീഴ്ചയുണ്ടായാല്‍ അത് ഗൗരവമായി കാണുമെന്നും മന്ത്രി സി പി ജോണ്‍ മുന്നറിയിപ്പ് നല്‍കി

vehicle inspection
അതിതീവ്ര ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് ശക്തമായ മഴ, പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
vehicle inspection
പിണറായിയെ വിമര്‍ശിക്കാന്‍ ഞങ്ങളെന്തിനാ പേടിക്കുന്നേ; അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാറില്ലെന്ന് ഇപി ജയരാജന്‍
Summary

24-hour vehicle inspection on national highways, Kerala to be divided into six enforcement zones; Minister CP John

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com