

കൊച്ചി: മൂന്ന് ഭാഷകളിലായി 27 കവിതകളെഴുതി ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി നാലാംക്ലാസുകാരി. തൃപ്പൂണിത്തുറ ശ്രീ ഗണപതി മഠത്തില്‍ തീര്‍ഥാ വിവേക് ആണ് ഈ മിടുക്കിക്കുട്ടി.
രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതലാണ് സ്വന്തം ആശയത്തില്‍ നിന്നും കവിതകള്‍ ചൊല്ലാന്‍ തുടങ്ങിയതും പിന്നീട് അവ രചിച്ചു തുടങ്ങിയതും. വളരെ ചെറുപ്രായത്തില്‍ തന്നെ കുഞ്ഞുണ്ണി കവിതകളോട് ആഭിമുഖ്യം പുലര്‍ത്തിയ തീര്‍ത്ഥ കുഞ്ഞുണ്ണി മാഷിനെ ഗുരു സ്ഥാനീയനായി സങ്കല്‍പ്പിച്ച് സമര്‍പ്പിച്ചു കൊണ്ടാണ് തന്റെ കുട്ടിക്കവിതകള്‍ എല്ലാം രചിച്ചിരിക്കുന്നത്.
തന്റെ കുഞ്ഞ് ആശയത്തില്‍ നിന്നും കുഞ്ഞുണ്ണി മാഷിനെ വര്‍ണിച്ചുകൊണ്ടാണ് ആദ്യ കവിത രചിക്കുന്നത്. ഹാസ്യവും ചിന്തകളും കളിയും ചിരിയും കൂട്ടുകാരും അമ്മയും സ്‌നേഹവും ഭക്തിയും കുസൃതിയും പക്ഷിമൃഗാദികളും നാടന്‍ കഥാപാത്രങ്ങളും ഒത്തിണങ്ങി ചേരുന്നുണ്ട് കുട്ടി തീര്‍ത്ഥയുടെ 27 കുട്ടിക്കവിതകളില്‍. കൂടാതെ കുട്ടികളിലേക്ക് തന്റെ കവിതകളിലെ തനതായ ആശയം സ്വയമേ ചിത്രങ്ങള്‍ വരച്ചും തീര്‍ത്ഥാ ടോക്‌സ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ഒരോ കവിതകള്‍ അവതരിപ്പിച്ചും ചൊല്ലിയും തന്റെ കൂട്ടുകാരിലേക്കും കുട്ടികളിലേക്കും പങ്കുവയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട് തീര്‍ത്ഥ.
ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ തന്റെ പ്രിയ കവി കുഞ്ഞുണ്ണി മാഷിന്റെ 51 കവിതകള്‍ നിര്‍ത്താതെ ചൊല്ലി ഇന്ത്യ ബുക്ക് റെക്കോര്‍ഡ്‌സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം നേടി ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി കരസ്ഥമാക്കിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി.
തൃപ്പൂണിത്തുറ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ തീര്‍ത്ഥ ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. വിവേക് കെ. വിജയന്റെയും സെന്റ് തെരേസാസ് കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സൗമ്യ വിവേകിന്റെയും മകളാണ്. തന്റെ കുട്ടിക്കവിതകള്‍ സമാഹരിച്ച് പുസ്തകരൂപത്തില്‍ കുട്ടികള്‍ക്കായി പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹവും ഉണ്ട് തീര്‍ത്ഥയ്ക്ക്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates