

കൊച്ചി: ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങൾ എടുക്കാൻ ടെറസിലേക്ക് പോകുകയായിരുന്നു സരള. കോവണിപ്പടി കയറുമ്പോൾ ലോറിയിൽ നിന്നു മെറ്റൽ ഇറക്കുന്ന പോലൊരു ശബ്ദം കേട്ടു. പുറത്തേക്ക് നോക്കിയപ്പോൾ ഹംസയുടെ വീട് താഴേക്കു ചരിയുന്ന കാഴ്ചയാണ് സരള കണ്ടത്. കൗൺസിലർ കൂടിയായ മകൾ ബിന്ദുവിനെ സരള കാര്യമറിയിച്ചു. ബിന്ദു ഓടിയെത്തുമ്പോൾ വീട് ചരിഞ്ഞ് നിൽക്കുന്നതാണ് കാണുന്നത്.
ദേശീയപാതയ്ക്കു സമീപം കൂനംതൈ ബീരാക്കുട്ടി നഗറിൽ പൂക്കൈതയിൽ ഹംസയുടെ വീടാണ് തകർന്നത്. 2 സെന്റിലാണ് ഈ മൂന്ന് നില കെട്ടിടം നിർമ്മിച്ചിരുന്നത്. ഹംസയുടെ ഭാര്യ ഹയറുന്നീസയും മകൾ ഷബ്നയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. രാവിലെ നിസ്കരിക്കുന്നതിനിടയിൽ വലിയ കുലുക്കം അനുഭവപ്പെട്ടതായി ഹയറുന്നീസ പറഞ്ഞു. മകൾ ഷബ്നയെ വിളിച്ചെഴുന്നേൽപ്പിച്ച് ഇരുവരും വാതിൽ തുറന്നു പുറത്തുകടക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ ബിന്ദുവും നാട്ടുകാരും ചേർന്നാണ് ഹയറുന്നീസയെയും മകളെയും രക്ഷപ്പെടുത്തിയത്.
നഗരത്തിൽ തട്ടുകട നടത്തുകയാണ് ഹംസ. അദ്ദേഹം രാവിലെതന്നെ ജോലിസ്ഥലത്തേക്കു പോയിരുന്നു. മൂന്നുനില വീടിന്റെ താഴത്തെ നില പൂർണമായും തകർന്ന അവസ്ഥയിലാണ്. ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നവർ രണ്ടാഴ്ച മുൻപാണ് താമസം മാറിയത്. താഴത്തെ നിലയിൽ അറ്റകുറ്റപ്പണി നടത്താനായി തറ പൊട്ടിച്ച് മണ്ണ് നീക്കം ചെയ്തിരുന്നു. 20 വർഷം മുൻപാണ് താഴത്തെ നില പണിതത്. ചെങ്കല്ലു കൊണ്ടാണു നിർമ്മിച്ചത്. മുകളിലേക്കുള്ള നിലകൾ പിന്നീട് കൂട്ടിച്ചേർത്തതാണ്. നിർമാണത്തിലെ പിഴവാണ് കെട്ടിടത്തിന്റെ തകർച്ചയ്ക്കു കാരണമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates