തിരുവനന്തപുരം: ഓൺലൈൻ പഠന ക്ലാസുകൾ സംപ്രേക്ഷണം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പിൻ്റെ കൈറ്റ് വിക്ടേഴ്സ് യൂട്യൂബ് ചാനലിന് 30 ലക്ഷം സബ്സ്ക്രൈബേഴ്സ്. ഫസ്റ്റ്ബെൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപേ 49,000 സബ്സ്ക്രൈബേഴ്സ് മാത്രമായിരുന്നു കൈറ്റ് വിക്ടേഴിസിനുണ്ടായിരുന്നത്.
കഴിഞ്ഞ വർഷം ലോക്ക്ഡൗൺ തുടങ്ങിയതിന് പിന്നാലെ സംസ്ഥാനത്തെ പൊതുവിഭ്യാഭ്യാസം കൈറ്റ് വിക്ടേഴ്സ് യൂട്യൂബ് ചാനൽ വഴിയായിരുന്നു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് അധ്യായനത്തിനായി ഈ യൂട്യൂബ് ചാനലിനെ ആശ്രയിക്കുന്നത്.
ഒന്നു മുതൽ 12 വരെ ക്ലാസുകൾക്കുള്ള കൈറ്റ് വിക്ടേഴ്സിലെ ഫസ്റ്റ് ബെൽ പരിപാടി യൂട്യൂബിലൂടെ കുട്ടികൾക്ക് കാണാൻ കഴിയും. ഇതിനായി www.firstbell.kite.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ക്ലാസുകൾ വിഷയം തിരിച്ച് പെട്ടെന്ന് കണ്ടെത്താനുള്ള പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ സൈറ്റിനെയും യുട്യൂബുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
ഇതുവരെ 126 ലക്ഷം രൂപ പരസ്യത്തിലൂടെ ലഭിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 112 ലക്ഷം രൂപയും ഈ വർഷത്തിൽ 14 ലക്ഷം രൂപയുമാണ് ലഭിച്ചത്. ഈ തുക കൈറ്റ് വിക്ടേഴ്സ് ക്ലാസുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനാണ് ഉപയോഗിച്ചുവരുന്നത്. അതിൽ 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. അനാവശ്യ പരസ്യങ്ങൾ ഉൾപ്പെടാതിരിക്കാനും കണ്ടന്റ് കോപ്പി റൈറ്റിനും കൈറ്റ് വിക്ടേഴ്സിന്റെ വീഡിയോകൾ എടുത്ത് രൂപമാറ്റം വരുത്തി പ്രചരിപ്പിക്കാതിരിക്കാനും കൂടിയാണ് യുട്യൂബിൽ പരസ്യം അനുവദിക്കാൻ തീരുമാനിച്ചത്.
ഇങ്ങനെ തുടങ്ങിയ പരസ്യങ്ങൾ ക്രമേണ കുറച്ച് കൊണ്ടുവന്നിരുന്നു. ഈ വർഷത്തെ ക്ലാസുകൾ മോണിറ്റൈസ് ചെയ്യുന്നില്ല. എങ്കിലും യുട്യൂബ് സ്വന്തം നിലയിലുള്ള പരസ്യങ്ങൾ ഉൾപ്പെടുത്തുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി സ്വന്തമായി വീഡിയോ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിലുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates