

തിരുവനന്തപുരം: കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ധീരമായൊരു കരുനീക്കം 'ചാരായ നിരോധന'ത്തിന് മുപ്പത് വയസ്. 1996 ഏപ്രില്‍ ഒന്നിനാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി എകെ ആന്റണി നിരോധനം നടപ്പിലാക്കിയത്. സ്ത്രീകളുടെ വോട്ട് നേടി ഭരണവിരുദ്ധ വികാരത്തെ മറികടക്കാനാവുമെന്ന് കരുതിയ ആന്റണിയുടെയും യുഡിഎഫിന്റെയും കണക്കു കൂട്ടലുകള്‍ പൊളിഞ്ഞത് ഫലം വന്നപ്പോഴാണ്. തെരഞ്ഞെടുപ്പില്‍ 'വര്‍ക്കായില്ലെങ്കിലും' ആന്റണിയുടെ തന്ത്രമൊരു പരാജയമായിരുന്നെന്ന് വിധിയെഴുതാനാവില്ല. അദ്ദേഹം 'ചെക്ക് വെച്ചിടത്ത്' നിന്ന് സംസ്ഥാനത്തിന്റെ മദ്യനയം അധികമൊന്നും മാറിയിട്ടില്ല എന്നത് തന്നെ കാരണം.
ചാരക്കേസ് വിവാദത്തെ തുടര്‍ന്ന് കെ കരുണാകരന്‍ രാജി വെച്ചപ്പോഴാണ് ആന്റണിയെ തേടി മുഖ്യമന്ത്രി പദമെത്തുന്നത്. 1991 ജൂണ്‍ 24ന് അധികാരത്തിലേറിയ കരുണാകരന്‍ 1995 മാര്‍ച്ച് 16 നു രാജിവെച്ചു. 22 ആം തീയതി ആന്റണി ചുമതലയേല്‍ക്കുമ്പോള്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി. സംഭവബഹുലമായിരുന്നു ആന്റണിയുടെ ഭരണകാലവും. രണ്ടു പേര്‍ കൊല്ലപ്പെട്ട വിഴിഞ്ഞം കലാപവും ശിവഗിരിയിലെ പൊലിസ് നടപടിയും സര്‍ക്കാരിന്റെ പ്രതിഛായക്ക് വന്‍ പ്രഹരങ്ങളായി. ആ അവസ്ഥയില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ആത്മഹത്യാപരമാണെന്ന് മനസിലാക്കിയ ആന്റണിയുടെ 'ഫൈനല്‍ മൂവായിരുന്നു' ചാരായ നിരോധനം.
യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ സാമൂഹിക-ആരോഗ്യ രംഗങ്ങള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തിയ വിപത്തായിരുന്നു നാടിന്റെ മുക്കിലും മൂലയിലുമുള്ള ചാരായ ഷാപ്പുകള്‍. പക്ഷെ തെരഞ്ഞെടുപ്പിന് വെറും മൂന്ന് ആഴ്ചകള്‍ ശേഷിക്കുമ്പോള്‍ പൊടുന്നനെയുണ്ടായ നിരോധന പ്രഖ്യാപനം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതായിരുന്നെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.
ഏതാണ്ട് ആറായിരത്തിനടുത്ത് ചാരായ ഷോപ്പുകളില്‍ ജോലി ചെയ്തിരുന്ന 12,500 ഓളം പേരാണ് ഇരുട്ടിവെളുത്തപ്പോള്‍ തൊഴില്‍രഹിതരായത്. മദ്യനിരോധനത്തോടുള്ള തന്റെ പ്രതിബദ്ധത തെളിയിക്കാന്‍ ആന്റണി വേറെയും കടുത്ത നടപടികള്‍ എടുത്തു. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി 200 ശതമാനമാക്കി ഉയര്‍ത്തി. തീര്‍ന്നില്ല, ബാറുകളുടെ ലൈസന്‍സ് ഫീസ് 6 ലക്ഷത്തില്‍ നിന്ന് 10 ലക്ഷമാക്കി ഉയര്‍ത്തി. മദ്യത്തിനെതിരെയുള്ള ആന്റണിയുടെ കുരിശുയുദ്ധത്തിനു വലിയ സ്വീകാര്യത സമൂഹത്തിലുണ്ടായി. തിരികെ അധികാരത്തിലെത്തുമെന്ന് യു.ഡി.എഫും ആന്റണിയും ആത്മാര്‍ത്ഥമായി വിശ്വസിച്ചു. പക്ഷെ തെരഞ്ഞടുപ്പ് ഫലം ഏവരെയും അമ്പരപ്പിച്ചു. 140 ല്‍ 80 സീറ്റിലും പ്രതിപക്ഷം വിജയിച്ചു. യുഡിഎഫിന് കിട്ടിയത് 59 സീറ്റുകള്‍.
പാറശ്ശാല സീറ്റില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച സുന്ദരന്‍ നാടാരാണ് ജയിച്ചത്. കരുണാകരന്റെ അടുപ്പക്കാരനായിരുന്ന നാടാര്‍ക്ക് പാര്‍ട്ടി ടിക്കറ്റ് കിട്ടാതിരുന്നത് 'എ' ഗ്രൂപ്പിന്റെ തന്ത്രമായിരുന്നു. പക്ഷെ മാന്യനായ നാടാര്‍ യുഡിഎഫിനോട് ഒപ്പമാണ് പിന്നീടും പ്രവര്‍ത്തിച്ചത്. വിരോധാഭാസമെന്ന് തോന്നാം, തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെങ്കിലും ആന്റണിയുടെ മദ്യ നയത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ എല്‍ഡിഎഫ്. ഒരുമ്പെട്ടില്ല. തെരഞ്ഞെടുപ്പില്‍ വോട്ടായില്ലെങ്കിലും ആന്റണിയുടെ മദ്യനയത്തിന് വലിയ ജനപിന്തുണ ഉണ്ടായിരുന്നു. മാറ്റം വരുത്തിയാല്‍ ജനങ്ങള്‍ എതിരാവുമെന്ന ഭയം പുതിയ സര്‍ക്കാരിനുണ്ടായിരുന്നു. 'അന്ത ഭയം' പിന്നീടുള്ള എല്ലാ സര്‍ക്കാരുകളെയും പിന്തുടര്‍ന്നു എന്നതാണ് സത്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates