ചെന്നൈ: നഗ്‌നത കാണാവുന്ന കണ്ണട വില്‍പ്പനയ്ക്ക് എന്ന പേരില്‍ തട്ടിപ്പ് നടത്തിയ മലയാളികള്‍ ഉള്‍പ്പെട്ട സംഘം തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. നാല് യുവാക്കള്‍ ചേര്‍ന്ന് ലക്ഷങ്ങളുടെ തട്ടിപ്പാണ് നടത്തിയത്. വൈക്കം സ്വദേശി ജിത്തു, തൃശൂര്‍ സ്വദേശിയായ ഗുബൈബ്, മലപ്പുറം സ്വദേശി ഇര്‍ഷാദ്, ബംഗളൂരു സ്വദേശി സൂര്യ എന്നിവരാണ് പിടിയിലായത്. ഇവരെ കോയമ്പേടുള്ള ലോഡ്ജില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
അഞ്ച് ലക്ഷം രൂപ തട്ടിയെന്ന പേരില്‍ ചെന്നൈ സ്വദേശിയായ വ്യാപാരി നല്‍കിയ പരാതിയാണ് അറസ്റ്റിലേക്ക് നയിച്ചത്. പുരാവസ്തുക്കള്‍ വില്‍ക്കാം എന്ന പേരില്‍ സൂര്യ ഇദ്ദേഹത്തെ കബളിപ്പിക്കുകയായിരുന്നു. സൂര്യ നഗരത്തില്‍ തന്നെയുണ്ടെന്നു മനസിലാക്കിയ വ്യാപാരി നേരിട്ട് ചെന്ന് പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ വ്യാജ തോക്ക് ഉപയോഗിച്ച് സൂര്യയും കൂട്ടാളികളും ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി. ഇതോടെ വ്യാപാരി പൊലീസിനെ സമീപിച്ചു. ഇതോടെയാണ് അസാധാരണമായ തട്ടിപ്പിന്റെ കഥ പുറത്തുവരുന്നത്.
നഗ്‌നത കാണാനാകുന്ന എക്‌സ്റേ കണ്ണടകള്‍ വില്‍പ്പനയ്ക്കുണ്ടെന്ന പേരിലാണ് യുവാക്കള്‍ തട്ടിപ്പു നടത്തുന്നത്. കണ്ണടകള്‍ വില്‍പ്പനയ്ക്കുണ്ടെന്ന് പറഞ്ഞ് യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ഈ കണ്ണടയ്ക്ക് ഒരു കോടി രൂപ വിലയുണ്ടെന്നും അഞ്ചോ പത്തോ ലക്ഷം രൂപ നല്‍കി കണ്ണട ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്താല്‍ ഇളവുണ്ടാകുമെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു പരസ്യം. നിരവധി പേരാണ് ഈ പരസ്യത്തില്‍ വീണത്.
ഉപഭോക്താക്കളെ വിശ്വസിപ്പിക്കാനായി എങ്ങനെ കണ്ണട പ്രവര്‍ത്തിക്കുന്നു എന്നതിന്റെ വീഡിയോ സംഘം തയ്യാറാക്കിയിരുന്നു. ഈ വീഡിയോ കാണിച്ച ശേഷം നേരിട്ടു പരിശോധിക്കാനായി രഹസ്യകേന്ദ്രത്തിലേക്ക് ഉപഭോക്താക്കളെ വിളിച്ചുവരുത്തും. ഉപഭോക്താക്കള്‍ കണ്ണട ഉപയോഗിക്കുമ്പോള്‍ നഗ്‌നത കാണാനായി പ്രത്യേകം തയ്യാറാക്കിയ ഇരുട്ടുമുറിയില്‍ പണം നല്‍കി മോഡലുകളെ നഗ്‌നരാക്കി നിര്‍ത്തുകയാണ് പതിവ്. മൂന്ന് പേരെ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയാക്കിയതായി പ്രതികള്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കോടിപതികളായ ബിസിനസുകാരെ ലക്ഷ്യമാക്കിയാണ് പ്രധാനമായും തട്ടിപ്പ് നടത്തിയത്.
ഇവരുടെ പക്കല്‍നിന്ന് ചെമ്പ് പാത്രങ്ങളും നാണയത്തുട്ടുകളും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവ പുരാവസ്തുക്കള്‍ എന്ന പേരില്‍ വിറ്റ് തട്ടിപ്പ് നടത്താനായിരുന്നു പദ്ധതിയെന്നാണ് പൊലീസ് നിഗമനം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates