തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പരിശോധനയിൽ ഗണ്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 14,137 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പരിശോധനയിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ച നാൽപതിനായിരത്തിലധികം പരിശോധനകൾ നടന്ന ദിവസങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഈ ആഴ്ച ടെസ്റ്റുകളുടെ എണ്ണം കുറയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇന്നലെയും ഇന്നുമായി ഇരുപതിനായിരത്തിൽ താഴേക്ക് പരിശോധനകളുടെ എണ്ണം എത്തി. ഞായറാഴ്ച പുറത്തുവന്ന കണക്കുകളിൽ 27,908 പരിശോധനകൾ നടത്തിയിരുന്നു. ശനിയാഴ്ച പരിശോധനകളുടെ എണ്ണം 34,988 ആയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചത്തെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ 41,860 പരിശോധനകൾ നടന്നതായാണ് റിപ്പോർട്ട്.
സംസ്ഥാനത്ത് റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 16,97,042 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,78,270 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,96,582 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,77,488 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 19,094 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1466 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates