കേരളത്തില്‍ 1 ലക്ഷത്തില്‍ 453 പേര്‍ക്ക് സാരമായ കേള്‍വി പ്രശ്നം; ശ്രദ്ധിക്കാതെ വിടരുതെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ ഒരു ലക്ഷത്തിൽ 453 പേർ സാരമായ കേൾവി പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കേൾവിക്കുറവ് ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
നാഷണൽ സാമ്പിൾ സർവേയുടെ കണക്കുപ്രകാരം കേരളത്തിൽ ഒരു ലക്ഷത്തിൽ 453 പേർ സാരമായ കേൾവി പ്രശ്നങ്ങൾ അനുഭവിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 6.3 ശതമാനം ജനങ്ങൾ കേൾവി കുറവിനെ തുടർന്നുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന കേൾവിക്കുറവിനെ ചികിത്സിക്കണം. പ്രതിരോധിക്കാൻ കഴിയുന്ന കേൾവിക്കുറവിനെ യഥാസമയം പ്രതിരോധിക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു.
കുട്ടികളിലെ കേൾവിക്കുറവ് നേരത്തെ കണ്ടുപിടിക്കണം
കുട്ടികളിലെ കേൾവിക്കുറവ് എത്രയും നേരത്തെ കണ്ടുപിടിക്കണം. അതിന് വേണ്ട സമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ അതവരുടെ സംസാരഭാഷ വികസനത്തെയും വ്യക്തിത്വ വികാസത്തെയും ബാധിക്കും. ആവശ്യമായവർക്ക് കോക്ലിയാർ ഇംപ്ലാൻറേഷൻ പോലെയുള്ള സങ്കീർണമായ ശസ്ത്രക്രിയ നടത്തി വേണ്ട സംസാരഭാഷാ പരിശീലനം സൗജന്യമായി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ നടത്തുന്നു.
പ്രായാധിക്യം കൊണ്ടുള്ള കേൾവി കുറവാണ് വലിയൊരു ശതമാനത്തിനും. ഇത് വാർദ്ധക്യകാലത്തെ ഏകാന്തതയുടെയും ഒറ്റപ്പെടലിൻറെയും ആക്കം കൂട്ടുന്നു. ഇങ്ങനെയുള്ളവരിൽ കേൾവിക്കുറവ് കണ്ടുപിടിച്ച് അതിനനുസൃതമായ ഇടപെടലുകൾ നടത്താനുള്ള ശ്രമത്തിലാണ് സർക്കാരെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

