60 ഏക്കറോളം നിറഞ്ഞ് ആമ്പല്‍ വസന്തം ; 50 ശിക്കാര വള്ളങ്ങള്‍ ; സഞ്ചാരികളെ ക്ഷണിച്ച് ടൂറിസം മിഷന്‍

കായലിന്റെ ആഴം കുറഞ്ഞ ഭാഗത്താണ് ആമ്പല്‍ വസന്തം വര്‍ണ്ണക്കാഴ്ചയൊരുക്കുന്നത്
60 ഏക്കറോളം നിറഞ്ഞ് ആമ്പല്‍ വസന്തം ; 50 ശിക്കാര വള്ളങ്ങള്‍ ; സഞ്ചാരികളെ ക്ഷണിച്ച് ടൂറിസം മിഷന്‍
Updated on: 
1 min read

കോട്ടയം : 60 ഏക്കറോളം നിറഞ്ഞുകിടക്കുന്ന ആമ്പല്‍ വസന്തം കാണാന്‍ വിനോദ സഞ്ചാരികളെ ക്ഷണിച്ച് ഉത്തരവാദിത്ത ടൂറിസം മിഷന്‍. വേമ്പനാട് കായലിലെ ചീപ്പുങ്കല്‍ ഭാഗത്ത് 60 ഏക്കറോളം സ്ഥലത്താണ് ആമ്പല്‍കാഴ്ചയുടെ വര്‍ണവിസ്മയം. ഈ നിറവസന്തം ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് ഇന്നുമുതല്‍ കുമരകത്തേക്ക് വരാമെന്ന് ടൂറിസം മിഷന്‍ വ്യക്തമാക്കി. ആമ്പല്‍ ഫെസ്റ്റിന് ഇന്ന് തുടക്കമായി.

കായലിന്റെ ആഴം കുറഞ്ഞ ഭാഗത്താണ് ആമ്പല്‍ വസന്തം വര്‍ണ്ണക്കാഴ്ചയൊരുക്കുന്നത്.   സെപ്റ്റംബറില്‍ ആരംഭിച്ച ആമ്പല്‍ സീസണ്‍ ഡിസംബര്‍ പകുതി വരെയാണ്. സമയം രാവിലെ 6 മുതല്‍ 9.30 വരെയാണ്. പുലര്‍ച്ചെ ആറിന് ആരംഭിക്കുന്ന ബോട്ട് സര്‍വീസ് ഒന്‍പത് മണിക്ക് അവസാനിക്കുമെന്ന് ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഭഗത് സിങ് പറഞ്ഞു.

എക്കല്‍ അടിഞ്ഞു കായലിന്റെ ആഴം കുറഞ്ഞതാണ് ആമ്പല്‍ വളരാന്‍ കാരണം. ഈ ഭാഗത്ത് ഓളം തല്ലല്‍ കൂടുതല്‍ ഇല്ലാത്തതും ആമ്പല്‍ വളര്‍ച്ചയ്ക്ക് അനുകൂല ഘടകമായി. ആമ്പലിനു സമീപത്തു വിവിധ ഇനം പക്ഷികളെയും കാണാം.

വഴി ഇങ്ങനെ

കോട്ടയം- കുമരകം റോഡിലെ കവണാര്‍ പാലത്തിനു സമീപമുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഓഫിസിനു സമീപത്തു നിന്നാണു ശിക്കാര വള്ളങ്ങള്‍ പുറപ്പെടുന്നത്. കര മാര്‍ഗം പോകുന്നവര്‍ക്കു കുമരകം റോഡിലെ ചീപ്പുങ്കല്‍ പാലത്തിനു പടിഞ്ഞാറു മാലിക്കായല്‍ച്ചിറ റോഡിലൂടെ കായല്‍ തീരം വരെ എത്താം. ഇവിടെ നിന്നാല്‍ ആമ്പല്‍ കാഴ്ച പൂര്‍ണമായും ആസ്വദിക്കാന്‍ കഴിയില്ല. വള്ളത്തിലെ യാത്രയാണു സൗകര്യപ്രദം.

യാത്രാ നിരക്ക്

2 പേര്‍ക്ക് മാത്രമായി ശിക്കാര  വള്ളത്തില്‍ പോകാം. നിരക്ക്  900 രൂപ (പ്രഭാത ഭക്ഷണം  സൗജന്യം) 10 പേര്‍ ഒരുമിച്ച്–ഒരാള്‍ക്ക് 100 രൂപ വീതം. 10 മുതല്‍ 50 പേര്‍ വരെ– 1700 രൂപ. പ്രഭാത ഭക്ഷണത്തില്‍ ഇഡ്ഡലി, ദോശ, പൂരി മസാല, പുട്ടും കടലയും എന്നിവയില്‍നിന്ന് ഇഷ്ടമുള്ളത് സഞ്ചാരികള്‍ക്ക് തെരഞ്ഞെടുക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com