തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന്റെ ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് 19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലുമായി 11,138 പേര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (857) വാക്‌സിന്‍ സ്വീകരിച്ചത്.
എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളില്‍ വീതവും ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതമാണ് വാക്്‌സിനേഷന്‍ നടന്നത്. ആലപ്പുഴ 616, എറണാകുളം 711, ഇടുക്കി 296, കണ്ണൂര്‍ 706, കാസര്‍കോട് 323, കൊല്ലം 668, കോട്ടയം 610, കോഴിക്കോട് 800, മലപ്പുറം 155, പാലക്കാട് 857, പത്തനംതിട്ട 592, തിരുവനന്തപുരം 763, തൃശൂര്‍ 633, വയനാട് 332 എന്നിങ്ങനെയാണ് ആദ്യദിനം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണമെന്നും മന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഉദ്ഘാടനത്തിന് ശേഷം രാവിലെ 11.15 മണി മുതല്‍ 5 മണിവരെയാണ് വാക്‌സിനേഷന്‍ ഉണ്ടായിരുന്നത്. ആര്‍ക്കും തന്നെ വാക്‌സിന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാര്‍ശ്വഫലങ്ങള്‍ എന്തെങ്കിലും ഉണ്ടായാല്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് എല്ലാ സജ്ജീകരണങ്ങളും തയാറാക്കിയിരുന്നു. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ്, ആംബുലന്‍സ് സേവനം എന്നിവ ലഭ്യമാക്കിയിരുന്നു.
കോവിഡ് വാക്‌സിന്‍ രണ്ടാംഘട്ട കുത്തിവയ്പ്പിനും കേരളം സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. രണ്ടാംഘട്ടത്തിനുള്ള രജിസ്‌ട്രേഷനും സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനായി കൂടുതല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കി വരുന്നു. അവര്‍ക്കുള്ള പരിശീലനവും നല്‍കി വരുന്നു.
ഒരാള്‍ക്ക് 0.5 എം.എല്‍. വാക്‌സിനാണ് ആദ്യദിനം എടുത്തത്. 28 ദിവസം കഴിയുമ്പോള്‍ ഇതെടുത്തയാള്‍ക്ക് തന്നെ രണ്ടാമത്തെ വാക്‌സിന്‍ നല്‍കും. ഈ രണ്ടു വാക്‌സിനും എടുത്തുകഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോഴാണ് രോഗപ്രതിരോധ ശേഷി ആര്‍ജിക്കുക. വാക്‌സിന്‍ എടുത്തു കഴിഞ്ഞാലുടന്‍ തന്നെ ഇനി പ്രശ്‌നമൊന്നുമില്ല എന്ന രീതിയില്‍ വാക്‌സിന്‍ എടുത്തയാളുകളോ സമൂഹത്തിലുള്ളയാളുകളോ പെരുമാറരുത്. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ഇടയ്ക്കിടയ്ക്ക് കൈകള്‍ ശുചിയാക്കുകയും വേണം. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള മുന്‍കരുതലുകള്‍ തുടരണം. വാക്‌സിനെതിരായ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കോവിഡിനെതിരായ വലിയ പോരാട്ടമാണ് സംസ്ഥാനം നടത്തിയത്. കൂടുതല്‍ വാക്‌സിന്‍ വരുമെന്നറിഞ്ഞതോടെ നല്ല പ്രതീക്ഷയുണ്ട്. പതിനായിരക്കണക്കിന് ആള്‍ക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ആലപ്പുഴ മെഡിക്കല്‍ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോ. നാസര്‍, കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ടി.കെ. ജയകുമാര്‍, വിവിധ ജില്ലകളിലെ ഡി.എം.ഒ.മാര്‍ എന്നിവരാണ് ആദ്യദിനം വാക്‌സിന്‍ സ്വീകരിച്ച പ്രമുഖര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates