കൊച്ചി: കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 827 കാട്ടാനകള്‍ ചരിഞ്ഞു. ബഹുഭൂരിപക്ഷത്തിന്റേയും മരണം വാര്‍ധക്യസഹജമല്ലെന്നും കണക്കുകള്‍. സംസ്ഥാനത്ത് മനുഷ്യ- വന്യജീവി സംഘര്‍ഷം വര്‍ദ്ധിക്കുന്നതിന് കാരണം ആനകളുടെ എണ്ണം വര്‍ധിക്കുന്നതാണെന്ന ആരോപണം കര്‍ഷകര്‍ ഉയര്‍ത്തുന്നതിനിടെയാണ് വലിയ തോതില്‍ ഇവയുടെ എണ്ണം കുറയുകയാണെന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019 മുതല്‍ കേരളത്തിലെ വനങ്ങളില്‍ 827 കാട്ടാനകളുടെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ 30 എണ്ണം മാത്രമേ വാര്‍ദ്ധക്യം മൂലം മരിച്ചിട്ടുള്ളൂ. രോഗങ്ങളും കൂട്ടങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന പോരുകളും, അപകടങ്ങളും വേട്ടയാടലും കാരണം ആനകളുടെ എണ്ണം കുറയുകയാണെന്നും കണക്കുകള്‍ നോക്കുമ്പോള്‍ മനസിലാക്കാം.
ഈ വര്‍ഷം ഇതുവരെയായി സംസ്ഥാനത്ത് 28 പേര്‍ കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. എന്നാല്‍, വര്‍ദ്ധിച്ചുവരുന്ന മനുഷ്യ-വന്യമൃഗ സംഘര്‍ഷത്തിന് കാരണം വന നശീകരണമാണെന്നു പരിസ്ഥിതി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആനകളുടെ എണ്ണക്കുറവിനും വന നശീകരണം കാരണമാകുന്നു.
വനം വകുപ്പ് ആരംഭിച്ച പ്രൊജക്ട് എലിഫന്റ് ആനകളുടെ എണ്ണം സന്തുലിതമാക്കി നിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ ഇവയുടെ കൂട്ടത്തില്‍ നിന്നുള്ള തന്നെയുള്ള പരസ്പര ഏറ്റുമുട്ടലുകളും അപകടങ്ങളും മരണ നിരക്ക് കൂടാന്‍ കാരണമായിട്ടുണ്ട്. 40ശതമാനം ആനക്കുട്ടികള്‍ 'എലിഫന്റ് എന്‍ഡോതെലിയോട്രോപിക് ഹെര്‍പ്പസ് വൈറസ്' (ഇഇഎച്‍വി) അണുബാധ മൂലമാണ് മരിക്കുന്നത്. കാട്ടാനക്കുട്ടികള്‍, പ്രായപൂര്‍ത്തിയാകാത്തവ, അവശതകളുള്ള ആനകള്‍ എന്നിവ വേട്ടയില്‍ മരിക്കുന്നുണ്ട്. തുടര്‍ച്ചയായ നിരീക്ഷണം ശക്തിപ്പെടുത്തിയതോടെ വേട്ടയ്ക്ക് കുറവ് വന്നിട്ടുണ്ട്. വനാന്തരങ്ങളിലെ ആനക്കൂട്ടത്തിനിടെയിലെ സംഘര്‍ഷം അവയ്ക്കുണ്ടാക്കുന്ന സമ്മർദ്ദങ്ങൾ പെട്ടെന്നുള്ള രോഗങ്ങളിലേക്ക് നയിക്കുന്നുണ്ട്- ഒരു വനം ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.
ഈ വര്‍ഷം ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് കേരളത്തിലെ വിവിധ വനങ്ങളിലായി 11 കാട്ടാനകള്‍ വേട്ടയാടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കുമായി തട്ടിച്ചാല്‍ ഇത് കൂടുതലാണ്. കഴിഞ്ഞ തവണ 13 ആനകളാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. ഇത്തവണ ഓഗസ്റ്റ് ആകുമ്പോഴേക്കും 11 എണ്ണം ചരിഞ്ഞു. അപകടങ്ങളടക്കമുള്ള മറ്റു കാരണങ്ങളാണ് ഈ വര്‍ഷം 51 ആനുകളും ചരിഞ്ഞിട്ടുണ്ട്.
മെരുക്കിയെടുക്കുന്ന ആനകളുടെ ആയുസുമായി തട്ടിച്ചാല്‍ കാട്ടാനകള്‍ക്ക് ആയുസ് കുറവാണ്. നാട്ടാനകളുടെ ശരാശരി ആയുസ് 70 വയസ് ആണെങ്കില്‍ കാട്ടാന 50 വര്‍ഷമാണ് ശരാശരി അതിജീവിക്കുന്നത്. 2023ല്‍ സംസ്ഥാനത്ത് 1920 കാട്ടനകളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം കണക്കെടുത്തപ്പോള്‍ എണ്ണം 1793 ആയി കുറഞ്ഞിട്ടുണ്ട്.
പശ്ചിമഘട്ട വനങ്ങള്‍ ആനകളുടെ ശവപ്പറമ്പായി മാറിയിട്ടുണ്ട്. വന്‍ തോതില്‍ വനം നശിക്കുന്നതിനാല്‍ കാട്ടാനകള്‍ ഭക്ഷണം തേടി മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നു. ആവാസവ്യവസ്ഥയുടെ നാശം, ആനത്താരകള്‍ കൈയേറിയതടക്കമുള്ള പ്രശ്‌നങ്ങള്‍ അവയെ വലിയ തോതിലാണ് ബാധിക്കുന്നത്. ടൂറിസത്തിന്റെ ഭാഗമായി അരങ്ങേറുന്ന നിയമ ലംഘനങ്ങള്‍, ഖനനം, പല രൂപത്തില്‍ വനത്തിനുള്ളില്‍ നടക്കുന്ന മനുഷ്യരുടെ കടന്നുകയറ്റങ്ങള്‍ എല്ലാം കാട്ടാനകളുടെ നാശത്തിനു കാരണമാകുന്നു- എന്‍ജിഒ ആയ എംഎന്‍ ജയചന്ദ്രന്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates