

തിരുവനന്തപുരം: ജനുവരി 1 മുതൽ സ്കൂൾ തുറക്കുമ്പോൾ ആദ്യത്തെ ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ക്ലാസുകൾ ക്രമീകരിക്കണമെന്ന് വിദ്യാഭ്യാസവകുപ്പ് നിർദേശം നൽകി. ഒരേസമയം 50% കുട്ടികളെ മാത്രമേ അനുവദിക്കുകയുള്ളു. 300ൽ കൂടുതൽ കുട്ടികൾ 10, 12 ക്ലാസുകളിലുള്ള സ്കൂളുകളിൽ ഒരേസമയം 25% കുട്ടികളെ അനുവദിക്കുന്നതാണ് ഉചിതമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാർഗനിർദേശത്തിൽ പറയുന്നു.
കുട്ടികൾ തമ്മിൽ രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കണം. ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കണം. സ്കൂളിലേക്ക് എത്താൻ കഴിയാത്ത കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ വഴി ക്ലാസുകൾ നൽകാം. സ്കൂളുകളിൽ മാസ്ക്, ഡിജിറ്റൽ തെർമോമീറ്റർ, സാനിറ്റൈസർ, സോപ്പ് എന്നിവ സജ്ജീകരിക്കണം. രക്ഷിതാക്കളുടെ സമ്മതപത്രമുണ്ടെങ്കിൽ മാത്രമേ കുട്ടികളെ പ്രവേശിപ്പിക്കാവൂ. ജനുവരി 15നകം 10–ാം ക്ലാസിന്റെയും 30നകം 12–ാം ക്ലാസിന്റെയും ഡിജിറ്റൽ ക്ലാസുകൾ പൂർത്തിയാകും.
ക്ലാസ് മുറികളുടെ വാതിലിന്റെ കൈപ്പിടി, ഡെസ്ക്, ഡസ്റ്റർ എന്നിവ 2 മണിക്കൂർ കൂടുമ്പോൾ സാനിറ്റൈസ് ചെയ്യണം. ആദ്യത്തെ ആഴ്ച രാവിലെ 3 മണിക്കൂർ, ഉച്ചയ്ക്കുശേഷം 3 മണിക്കൂർ വീതമുള്ള 2 ഘട്ടങ്ങളായാണ് ക്ലാസുകൾ നിശ്ചയിക്കേണ്ടത്. കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമെങ്കിൽ ആരോഗ്യപരിശോധനാ സൗകര്യം ഒരുക്കണം. ആവശ്യമെങ്കിൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്താം. ഭക്ഷണം, ശുദ്ധജലം എന്നിവയും ക്ലാസിൽ ഉപയോഗിക്കുന്ന വസ്തുക്കളും കുട്ടികൾ പങ്കുവയ്ക്കരുത്.
സ്കൂൾ വാഹനങ്ങളിൽ സുരക്ഷിത അകലം നിർബന്ധം. വാഹനങ്ങളിൽ കയറും മുൻപ് തെർമൽ പരിശോധന നടത്തണം. മാസ്ക് നിർബന്ധം. വിദ്യാർഥികൾക്ക് മാനസിക പിന്തുണ ആവശ്യമെങ്കിൽ കൗൺസലിങ് നൽകണം. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകണം. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആവശ്യമെങ്കിൽ വീട്ടിൽ ചെന്ന് പഠനപിന്തുണ നൽകാൻ റിസോഴ്സ് അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates