എംഎല്‍എ മാപ്പുപറയണമെന്ന് വീണാ ജോര്‍ജ്; നുണ നമ്മെ വീട്ടിലിരുത്തുമെന്ന് അബിന്‍ വര്‍ക്കിയുടെ മറുപടി

ഇനിയെങ്കിലും ഈ നാടകം അവസാനിപ്പിച്ച് ഫോണ്‍ എടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും അബിന്‍ വര്‍ക്കി ആവശ്യപ്പെട്ടു.
veena george- abin varkey
വീണാ ജോര്‍ജ്- അബിന്‍ വര്‍ക്കി
Edited By:
Updated on: 
3 min read

കൊച്ചി: കോഴഞ്ചേരി പാലത്തിന്റെ അവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ മുന്‍ മന്ത്രി വീണാ ജോര്‍ജിനെ പരിഹസിച്ച് അബിന്‍ വര്‍ക്കി എംഎല്‍എ. പാലത്തിന്റെ നിര്‍മാണത്തിനായി തീരുമാനമെടുത്ത് ആദ്യം ഫണ്ട് അനുവദിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണെന്ന ഉത്തരവ് സഹിതം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അബിന്‍ വര്‍ക്കിയുടെ വിമര്‍ശനം. ഇനിയെങ്കിലും ഈ നാടകം അവസാനിപ്പിച്ച് ഫോണ്‍ എടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും അബിന്‍ വര്‍ക്കി ആവശ്യപ്പെട്ടു. സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തുമെന്നും എന്ന തലക്കെട്ടോടെയാണ് അബിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ എംഎല്‍എ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുയാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതായി പലരും ശ്രദ്ധയില്‍പ്പെടുത്തിയ സാഹചര്യത്തില്‍ വീണാ ജോര്‍ജ് ഫെയ്‌സുബുക്ക് കുറിപ്പില്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. 'ഞാന്‍ ആറന്മുള എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വര്‍ഷം, 2016-ല്‍ എന്റെ നിരന്തരമായ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ അന്നത്തെ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചതാണ് പുതിയ കോഴഞ്ചേരിയിലെ പുതിയ പാലം. കിഫ്ബി വഴിയാണ് ഇതിനായി പണം അനുവദിച്ചത്. (കിഫ്ബിയിലൂടെ പണം അനുവദിച്ച ഒരു പദ്ധതി അതിന് മുന്‍പ് അനുവദിച്ചതാണെന്ന് അവകാശപ്പെടുന്നവര്‍ സ്വയം പരിഹാസ്യരാകുകയാണ് എന്ന് ഓര്‍ക്കുന്നില്ലല്ലോ'- വീണ കുറിപ്പില്‍ പറയുന്നു.

അബിന്‍ വര്‍ക്കിയുടെ കുറിപ്പ്

സത്യം നമ്മെ സ്വതന്ത്രരാക്കും..

നുണ നമ്മെ വീട്ടിലിരുത്തും..

കോഴഞ്ചേരി പുതിയ പാലം ഉദ്ഘാടനത്തിന് യാതൊരു വിധത്തിലുള്ള രാഷ്ട്രീയവും പാടില്ല എന്നായിരുന്നു എന്റെ വ്യക്തിപരമായ ആഗ്രഹം. അതുകൊണ്ടാണ് പാലം പണിയാന്‍ ആദ്യം ഫണ്ട് അനുവദിക്കപ്പെട്ട സമയത്തെ എം.എല്‍.എ ശിവദാസന്‍ നായര്‍ സാറിനെയും, പാലം പണി നടന്ന ഘട്ടത്തിലെ എംഎല്‍എയായ ശ്രീമതി വീണ ജോര്‍ജിനെയും പാലം ഉദ്ഘാടനത്തിന് ക്ഷണിക്കാനുള്ള തീരുമാനം. ആഞ്ഞിലമൂട്ടില്‍ കടവ് പാലത്തിന്റെ ഉത്ഘാടനം 2016ല്‍ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാരും അന്നത്തെ എംഎല്‍എയും ചേര്‍ന്ന് നടത്തിയപ്പോള്‍, ആ പാലം പണി പൂര്‍ത്തീകരിച്ച സമയത്തെ എംഎല്‍എ ആയിരുന്ന ശിവദാസന്‍ നായര്‍ സാറിനെ ക്ഷണിക്കുന്നതിന്റെ കാര്യത്തിലോ കേരളത്തിലെ മെട്രോ ഉള്‍പ്പെടെയുള്ള മറ്റ് പ്രോജക്ട് ഉദ്ഘാടനങ്ങളുടെ കാര്യത്തിലോ ഇവര്‍ ആരും ഈ രാഷ്ട്രീയ മാന്യത കാണിച്ചിട്ടില്ല എന്നത് സാന്ദര്‍ഭികവശാല്‍ ഓര്‍മിപ്പിക്കട്ടെ.

പക്ഷേ ഇന്നലെ മുതല്‍ പാലം താന്‍ മാത്രമാണ്, തന്റേത് മാത്രമാണ് എന്ന് അവകാശപ്പെട്ട് ചിലര്‍ ഇറങ്ങിയിട്ടുണ്ട്. ഞാന്‍ നുണ പറയുകയാണ് എന്നായിരുന്നു അവരുടെ അവകാശവാദം.

ഞാന്‍ സത്യവിരുദ്ധമായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. 2012-13 ബഡ്ജറ്റില്‍ ഉമ്മന്‍ചാണ്ടി സാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍, കെ.എം മാണി സാര്‍ ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ ബഹു. ശിവദാസന്‍ നായര്‍ സാറുടെ പ്രത്യേക ആവശ്യപ്രകാരം ആണ് ആദ്യമായി പാലത്തിനു 2 കോടി രൂപ ഫണ്ട് അനുവദിക്കുന്നത്. ആയതിന്റെ അഡ്മിനിസ്‌ട്രേറ്റീവ് സാങ്ഷനും ലഭിച്ചു.

GO(Rt) 354/2013/PWD/tvpm dtd 13032013 Rs. 200 Lakhs.

ഇതായിരുന്നു അന്നത്തെ ഗവണ്‍മെന്റ് ഓര്‍ഡര്‍ നമ്പര്‍.

A rough estimate for an amount of Rs 39 crore submitted to CE soil investigation got approved and submitted to DRIQ Board for general design drawing. An estimate for an amount of Rs. 1.30 lakhs for supplying and fixing boundary stone along tbe side of approach road for LA has got part TS from CE on 11-02-2015 and work has arranged for fixing boundary stone.

ഡ്രോയിങ്ങിനും, അതിര്‍ത്തി നിര്‍ണയിക്കുന്നതിനും, മണ്ണ് പരിശോധനയ്ക്കും എല്ലാം ആയിട്ടാണ് ഈ ഫണ്ട് അനുവദിക്കപ്പെട്ടത്. ഇതിന് തുടര്‍ച്ചയായിട്ടാണ് കൂടുതല്‍ ഫണ്ടോട് കൂടി 2018 പാലം പണി ആരംഭിക്കാന്‍ സാധ്യമായത്.

അതുകൊണ്ട് ഇനിയെങ്കിലും ഈ നാടകം അവസാനിപ്പിച്ച് ഫോണ്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വീണാ ജോര്‍ജിന്റെ കുറിപ്പ്

കോഴഞ്ചേരിയിൽ പുതിയ പാലം നാടിന്റെ ചിരകാല സ്വപ്നമായിരുന്നു. നിർമ്മാണം പൂർത്തിയായി ഏറെ നാളുകൾക്ക് ശേഷം, ആ സ്വപ്നപാത ഒടുവിൽ പൊതുസമൂഹത്തിനായി തുറന്നുകൊടുക്കുമ്പോൾ, ഇത് യാഥാർത്ഥ്യമാക്കാൻ നടന്ന കഠിനാധ്വാനത്തിന്റെയും നിയമപോരാട്ടങ്ങളുടെയും തീക്ഷ്ണമായ ഓർമ്മകളാണ് മനസ്സിലേക്ക് ഓടിയെത്തുന്നത്.

​പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ എംഎൽഎ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്നു എന്ന് പലരും ശ്രദ്ധയിൽപ്പെടുത്തിയതുകൊണ്ട് കൂടി, സർക്കാർ ഉത്തരവുകളും തീയതികളും സഹിതം ഇവിടെ കുറിക്കട്ടെ.

​ഞാൻ ആറന്മുള എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വർഷം, 2016-ൽ എന്റെ നിരന്തരമായ അഭ്യർത്ഥനയെത്തുടർന്ന് ഒന്നാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ അന്നത്തെ ബഹു..ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചതാണ് പുതിയ കോഴഞ്ചേരിയിലെ പുതിയ പാലം. കിഫ്ബി (KIIFB) വഴിയാണ് ഇതിനായി പണം അനുവദിച്ചത്. (കിഫ്ബിയിലൂടെ പണം അനുവദിച്ച ഒരു പദ്ധതി അതിന് മുൻപ് അനുവദിച്ചതാണെന്ന് അവകാശപ്പെടുന്നവർ സ്വയം പരിഹാസ്യരാകുകയാണ് എന്ന് ഓർക്കുന്നില്ലല്ലോ!).

​പാലത്തിന്റെ നാൾവഴികളും ഔദ്യോഗിക ഉത്തരവുകളും വ്യക്തമാണ്:

​ഭരണാനുമതി നൽകിയ തീയതി: 31/10/2016സർക്കാർ ഉത്തരവ്: GO (Rt) No. 1496/2016/PWD (തീയതി: 31/10/2016)അനുവദിച്ച തുക: 22.02 കോടി രൂപ​സാമ്പത്തിക അനുമതി നൽകിയ തീയതി: 21/08/2017ഉത്തരവ്: APR-1/76/2017/KIIFB (തീയതി: 21/08/2017)അനുവദിച്ച തുക: 19.77 കോടി രൂപ​2018-ൽ ഒന്നാം പിണറായി സർക്കാരിലെ ബഹു പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. ജി. സുധാകരനാണ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്.

​തറക്കല്ലിട്ടത് മുതൽ പൂർത്തീകരണം വരെയുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല; പ്രതിസന്ധികളുടെ കടമ്പകൾ അനേകമായിരുന്നു. 2018-ലെ മഹാപ്രളയം, തുടർന്നുള്ള ഓരോ വർഷത്തെയും കനത്ത മഴയും വെള്ളപ്പൊക്കവും, നിർമ്മാണ പ്രവർത്തനങ്ങളെ രണ്ട് വർഷത്തോളം സ്തംഭിപ്പിച്ച കോവിഡ് മഹാമാരി , ജിഎസ്ടിയുമായി ബന്ധപ്പെട്ട് കരാറുകാരൻ നൽകിയ കേസ്, മാരാമൺ കരയിലെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ, വണ്ടിപ്പേട്ടയിലെ സ്ഥലവും പഞ്ചായത്തുമായുള്ള കേസുകളിൽ നിർമ്മാണം തടസ്സപ്പെടുത്തിയ കോടതി സ്റ്റേകൾ—അങ്ങനെ പ്രതിബന്ധങ്ങൾ നിരവധിയായിരുന്നു. കോടതിവിധിയെത്തുടർന്ന് ആദ്യ കരാറുകാരൻ നിർമ്മാണം അവസാനിപ്പിച്ചപ്പോൾ 6 തവണ റീടെണ്ടർ നടപടികളിലൂടെ കടന്നുപോകേണ്ടി വന്നു.

​എന്നാൽ, തളരാതെ ഓരോ പ്രതിസന്ധിയെയും ഞങ്ങൾ അതിജീവിച്ചു. സ്ഥലമേറ്റെടുപ്പ് യാഥാർത്ഥ്യമാക്കി; പോസ്റ്റ് ഓഫീസിന്റെ സ്ഥലവുമായി ബന്ധപ്പെട്ട സങ്കീർണ്ണതകളും പരിഹരിച്ചു.​പണം നൽകിയുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ 2023–24 കാലയളവിൽ പൂർത്തിയാക്കി. 2024 ജനുവരി മാസത്തിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി , ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് സർക്കാർ പണം കൈമാറി. തുടർന്ന് അപ്രോച്ച് റോഡുകളുടെ നിർമ്മാണവും പൂർത്തിയാക്കി. (2024 ജനുവരിയിൽ തന്നെ പൂർത്തിയായ സ്ഥലമേറ്റെടുപ്പ്, ഇപ്പോൾ ഈ നാല് മാസത്തിനുള്ളിൽ നടത്തിയതാണ് എന്ന് പറയാൻ കഴിയുന്നത് വലിയൊരു വിസ്മയം തന്നെയാണ്!).

​പാലത്തിന് ഏത് നിറത്തിലുള്ള പെയിന്റ് നൽകണമെന്ന് വരെ തീരുമാനിച്ച്, നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പാലത്തിന്റെ പണികൾ പൂർത്തിയാക്കി വൈറ്റ് വാഷ് ചെയ്യുന്ന പ്രവൃത്തികളും ആരംഭിച്ചിരുന്നു.

​കോഴഞ്ചേരിയിൽ പുതിയ പാലം അനുവദിച്ച വിവരം പങ്കുവെച്ചപ്പോൾ മാരാമൺ കരയിലെ വീട്ടിൽ ഉണ്ടായിരുന്ന ഭാഗ്യസ്മരണാർഹനായ ക്രിസോസ്റ്റം തിരുമേനിയുടെ മുഖത്ത് വിരിഞ്ഞ ആ വാത്സല്യപൂർണ്ണമായ പുഞ്ചിരി ഇന്നും മനസ്സിൽ മായാതെയുണ്ട്. പാലത്തിന് ഫണ്ട് അനുവദിപ്പിക്കുന്നത് മുതൽ നിർമ്മാണം പൂർത്തിയാകുന്നത് വരെയുള്ള ഈ നീണ്ട യാത്രയിൽ ഒപ്പം നിന്ന ഓരോരുത്തരെയും ഹൃദയപൂർവ്വം സ്മരിക്കുന്നു.​2018-ലെ മഹാപ്രളയത്തിൽ നിർമ്മാണ സാമഗ്രികളെല്ലാം കുത്തിയൊലിച്ചു പോയപ്പോൾ, നിർമ്മാണത്തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കൈമെയ് മറന്ന് സൗകര്യമൊരുക്കിയവർ മുതൽ, ഏറ്റവും ഒടുവിൽ കുത്തിയൊഴുകുന്ന പമ്പയാറ്റിൽ ലോറി താഴ്ന്നുപോയപ്പോൾ പാതിരാത്രിയിലും പുലർച്ചെയും ഒപ്പം ഇറങ്ങി നിന്ന് ലോറി ഒഴുക്കിൽപ്പെടാതെ വലിച്ചുകയറ്റാൻ ശ്രമിച്ചവർ വരെ—പ്രിയപ്പെട്ടവരായ എല്ലാ നല്ല മനുഷ്യരെയും സ്നേഹത്തോടെ ഓർക്കുന്നു. ആ ഓർമ്മകൾ നൽകുന്നത് വലിയ സന്തോഷവും അഭിമാനവുമാണ്.

​ചിലർ ബോധപൂർവ്വം തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടാൻ ശ്രമിക്കുന്നതുകൊണ്ടാണ് സർക്കാർ ഉത്തരവുകളും തീയതികളും സഹിതം ഈ യാഥാർത്ഥ്യങ്ങൾ ഇവിടെ വ്യക്തമാക്കിയത്. പാലം അനുവദിച്ചതും പണം അനുവദിച്ചതും യുഡിഎഫ് ആണെന്ന കള്ളം മുതൽ, 2024 ജനുവരിയിൽ പൂർത്തിയായ സ്ഥലമേറ്റെടുപ്പ് ഇപ്പോൾ നടത്തിയതാണെന്ന നുണ വരെ പാലത്തെക്കുറിച്ച് കള്ളങ്ങൾ മാത്രം പറയുന്ന എംഎൽഎയ്ക്ക്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം

Summary

Abin Varkey MLA mocks former minister Veena George in the dispute over claiming credit for the Kozhencherry bridge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER