

തിരുവനന്തപുരം: കരമന കൂടത്തില്‍ കുടുബത്തിലെ ദുരൂഹ മരണത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി അറസ്റ്റില്‍. കാര്യസ്ഥന്‍ രവീന്ദ്രനാണ് അറസ്റ്റിലായത്. ജയമാധവന്‍ നായരുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. കോഴിക്കോട് കൂടത്തായിയിലെ കൊലപാതക പരമ്പരകള്‍ക്ക് പിന്നാലെയാണ് കൂടത്തില്‍ കുടുംബത്തിലെ മരണങ്ങളുടെ യഥാര്‍ത്ഥചിത്രവും മറനീക്കി പുറത്തുവന്നത്.
വര്‍ഷങ്ങളായി ഈ കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയായിരുന്നു. ജയമാധവന്‍നായരുടെ മരണം കൊലപാതകമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടായിരുന്നു കേസില്‍ നിര്‍ണായ വഴിത്തിരിവ് ആയത്. ഇന്ന് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷം രവീന്ദ്രനെ ജില്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ജയമാധവന്‍ നായരുടെ കൊലപാതകത്തിലൂടെ ഭൂമി തട്ടിയെടുക്കുകയായിരുന്നു രവീന്ദ്രന്റെ ലക്ഷ്യം. 2017ലായിരുന്നു ജയമാധവന്‍ കൊല്ലപ്പെട്ടത്.
കൂടത്തില്‍ തറവാട്ടിലെ കോടികളുടെ സ്വത്തിന് അനന്തരവകാശികളാകേണ്ട ഏഴുപേര്‍ പതിനഞ്ചു വര്‍ഷത്തിനിടെ മരിച്ചു. ഗോപിനാഥ പിള്ള, ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ക്ക് അവകാശം ഉണ്ടായിരുന്ന സ്വത്തുക്കള്‍ ഇഷ്ടദാനമെന്ന പേരില്‍ കാര്യസ്ഥനായ രവീന്ദ്രന്‍ നായരുടെയും ചില ബന്ധുക്കളുടെയും കൈവശമെത്തി. ഇതില്‍ സംശയം ഉന്നയിച്ച് ആദ്യം നാട്ടുകാരനായ അനില്‍കുമാറും പിന്നീട് ബന്ധുവായ പ്രസന്നകുമാരിയമ്മയുമാണ് പരാതികള്‍ നല്‍കിയത്. വ്യാജവില്‍പ്പത്രം തയ്യാറാക്കിയത് വ്യാജമായിട്ടാണെന്ന് തുടക്കത്തിലേ കണ്ടെത്തി. ഇഷ്ടദാനമെന്നത് കള്ളമാണെന്നും കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്തതാണെന്നും ഉറപ്പിച്ചു.
2017 ഏപ്രില്‍ രണ്ടിന് നടന്ന ജയമാധവന്‍ നായരുടെ മരണമാണ് ഏറ്റവും ഒടുവിലത്തെത്. അന്ന് രാവിലെ തറവാട്ടിലെത്തിയപ്പോള്‍ ജയമാധവനെ വീട്ടില്‍ ബോധംകെട്ട നിലയില്‍ കണ്ടെന്നും അടുത്ത വീട്ടില്‍ നിന്ന് ഓട്ടോ വിളിച്ച് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരിച്ചെന്നുമാണ് രവീന്ദ്രന്‍ നായരുടെ മൊഴി. ഇത് കളവാണെന്ന് തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് എ.സി.പി എം.കെ.സുള്‍ഫിക്കറിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. തൊട്ടടുത്ത് ഓട്ടോറിക്ഷയുണ്ടായിട്ടും അകലെ നിന്ന് രവീന്ദ്രന്‍ നായരുടെ ഒരു സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ഇതില്‍ സംശയം തോന്നിയതോടെയാണ് കൂടുതല്‍ പരിശോധിച്ചത്.
ജയമാധവന്‍ കട്ടിലില്‍ നിന്ന് വീണപ്പോള്‍ തലയ്‌ക്കേറ്റ പരിക്കാകാം മരണ കാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഈ പരുക്കുണ്ടായത് എങ്ങനെയെന്ന് സ്ഥിരീകരിക്കാന്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ പുരണ്ട തടിക്കഷ്ണം ഉള്‍പ്പെടെ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയതിലാണ് മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് വ്യക്തമായത്. സ്വത്ത് കൈമാറ്റത്തിനുള്ള വില്‍പത്രം രവീന്ദ്രന്‍ വ്യാജമായി തയാറാക്കിയതാണന്ന് തെളിഞ്ഞിട്ടുള്ളത് കണക്കിലെടുത്താണ് സ്വത്തിനായുള്ള കൊലപാതകമെന്ന നിഗമനത്തിലെക്കെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates