

കൊല്ലം: സമരം ചെയ്ത സ്‌കൂളുകളോടൊപ്പം നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മുന്നറിയിപ്പ്. ഒരു ഉദ്യോഗസ്ഥന്‍ ഒരേദിവസം തന്നെ 126 ലൈസന്‍സ് നല്‍കുകയും ഫിറ്റ്നസ് ടെസ്റ്റ് നടത്തുകയും ചെയ്തു. ഇത് വകുപ്പിന് തന്നെ നാണക്കേട് ആണ്. കൊല്ലത്ത് അടക്കം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മാര്‍ ഡ്രൈവിംഗ് സ്‌കൂളുകാരെ ഇളക്കിവിട്ടതായി മന്ത്രി ആരോപിച്ചു. ലൈസന്‍സ് കൊടുക്കുമ്പോള്‍ നല്ല നിലവാരത്തോടെ കൊടുക്കണമെന്നും ഗണേഷ് കുമാര്‍ കൊട്ടാരക്കരയില്‍ പറഞ്ഞു.
'വണ്ടി ഓടിക്കാന്‍ അറിയാവുന്നവര്‍ക്ക് ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന് ഞാന്‍ നിലപാട് സ്വീകരിച്ചപ്പോള്‍ പൊതുജനം കൂടെ നിന്നു. അതിന് ഏറെ നന്ദിയുണ്ട്. ചൂണ്ടയിട്ട് നോക്കിയതാണ് എങ്ങനെയാണ് കൊത്താന്‍ പോകുന്നത് എന്നറിയാന്‍. ഡ്രൈവിങ് ലൈസന്‍സ് കൊടുക്കുന്നതിനെതിര സമരം ചെയ്തവരുടെ കൂടെ നിന്ന ഉദ്യോഗസ്ഥരെയെല്ലാം കൈകാര്യം ചെയ്യും. ലിസ്റ്റ് ഉണ്ട്. എണ്ണിവെച്ചിട്ടുണ്ട്. അവരെ വെറെ കാര്യം പറഞ്ഞ് പിടിക്കും. ഒരു സംശയവും വേണ്ട. ഒടുവില്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ശരിവെച്ചു. മന്ത്രി പറഞ്ഞതാണ് ശരിയെന്ന്. നല്ല നിലവാരമുള്ള ലൈസന്‍സ് നല്‍കണം. ഇത് ഒരു ജനാധിപത്യ രാജ്യമാണ്. അവര്‍ പറയുന്നത് കേട്ടു. ചര്‍ച്ച ചെയ്ത് സമവായത്തില്‍ എത്തുകയായിരുന്നു'- ഗണേഷ് കുമാര്‍ പറഞ്ഞു.
'കേരളത്തില്‍ ഇനി നല്ല നിലവാരമുള്ള ലൈസന്‍സ് മാത്രമേ കൊടുക്കാന്‍ പാടുള്ളൂ. എവിടെയാണ് ലൈസന്‍സിനായി കൂടുതല്‍ ആളുകളെ വിജയിപ്പിച്ച് കൊടുക്കുന്നത് അവിടെ ശക്തമായ പരിശോധന നടത്തും. പിടിക്കപ്പെട്ടാല്‍ കുഴപ്പമാണ്. ഒരേ സമയം ഒരു ഉദ്യോഗസ്ഥന്‍ 126 ലൈസന്‍സുകള്‍ കൊടുക്കുന്നു. അയാള്‍ തന്നെ ഒരേസമയം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. ആ അത്ഭുത പ്രതിഭാസം കേരളത്തില്‍ നടന്നിട്ടുണ്ട്. ആ അത്ഭുത പ്രതിഭാസം നടത്തിയയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. അത് ഡിപ്പാര്‍ട്ടമെന്റിനും നാണക്കേടാണ്. രാജ്യത്തിന് അപകടമാണ്. അഴിമതിയുമാണ്. എങ്ങനെയാണ് ഒരാള്‍ തന്നെ ഒരേസമയം രണ്ടു കാര്യങ്ങള്‍ ചെയ്യുന്നത്? ഇത്തരം അത്ഭുത പ്രവൃത്തികള്‍ ചെയ്യാന്‍ ആരെങ്കിലും പ്ലാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് മടക്കി പെട്ടിയില്‍ വെയ്ക്കുന്നതാണ് നല്ലത്. സമരക്കാരെ കുത്തി ഇളക്കിവിട്ടത് മോട്ടോര്‍ വവാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ആണെന്ന് വ്യക്തമായിട്ടുണ്ട്. ലിസ്റ്റ് അനുസരിച്ച് അവര്‍ക്ക് സമ്മാനങ്ങള്‍ വരും.'- ഗണേഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കി.
'നല്ലതിന് വേണ്ടിയാണ്. അഴിമതിക്ക് വേണ്ടി അല്ല. നല്ല ലൈസന്‍സ് വേണം. നമ്മുടെ മക്കളുടെ ജീവനാണ് റോഡില്‍ പൊലിയുന്നത്. നമ്മുടെ സഹോദരിമാരുടെ ജീവനാണ് റോഡില്‍ പൊലിയുന്നത്. അതൊന്നും ഇനി നടക്കാന്‍ പോകുന്നില്ല. ചെയ്യാന്‍ പറഞ്ഞത് ചെയ്തിരിക്കണം. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കും. ലൈസന്‍സുമായി ബന്ധപ്പെട്ട് രണ്ടുലക്ഷത്തിലധികം അപേക്ഷകള്‍ മാത്രമാണ്് കെട്ടി കിടക്കുന്നത്. ഉദ്യോഗസ്ഥരെ അധികമായി നിയമിച്ച് പറഞ്ഞ വാക്ക് പാലിക്കും. ടെസ്റ്റുകള്‍ കൃത്യമായി നടത്തും. ടെസ്റ്റുകളുമായി ബന്ധപ്പെട്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പത്തുലക്ഷം അപേക്ഷകള്‍ കെട്ടി കിടക്കുന്നുണ്ട് എന്നാണ് പ്രചാരണം. ഇതെന്താണ് റേഷന്‍ കാര്‍ഡ് ആണോ, ഇങ്ങനെ കൊടുക്കാന്‍. 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ റേഷന്‍ കാര്‍ഡ് കൊടുക്കുമെന്ന് പറയുന്നത് കേള്‍ക്കാന്‍ രസമുണ്ട്. അല്ലാതെ മൂന്നര കോടി ജനങ്ങള്‍ക്കും ഒരാഴ്ച കൊണ്ട് ഡ്രൈവിങ് ലൈസന്‍സ് കൊടുത്ത് തീര്‍ക്കും എന്ന് പറയുന്നത് അന്തസിന് ചേര്‍ന്നതല്ല. എവിടെ പോയി വേണമെങ്കിലും ലൈസന്‍സ് എടുക്കൂ. നല്ല സാധനം വേണോ? പഠിച്ചിട്ട് വരൂ. ഡ്രൈവിങ് ലൈസന്‍സിന് ഏര്‍പ്പെടുത്തിയിരിക്കുന്ന ഫീസ് കൂടാതെ കൈ തെളിയാന്‍ ഫീസ് വാങ്ങുന്നുണ്ട്. ഒരു മണിക്കൂറിന് 600 രൂപ. സ്വന്തമായി വാഹനം വാങ്ങിയെങ്കിലും കൈ തെളിയാതെ റോഡിലേക്ക് ഇറക്കിയാല്‍ കയ്യാലപുറത്ത് വാഹനം ഇരിക്കും. സ്വന്തം വണ്ടി ഇടിക്കുമ്പോള്‍ ഒരു ദണ്ണം ഉണ്ട്. കൈ തെളിയാതെ ആര്‍ക്കെങ്കിലും ലൈസന്‍സ് കൊടുത്തിട്ടുണ്ടെങ്കില്‍ കൈ തെളിയുന്നത് വരെ എഴുതിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ജയിപ്പിച്ചത് കൊണ്ട് ഒരു ഉദ്യോഗസ്ഥനും ശമ്പള വര്‍ധന കിട്ടില്ല. തോല്‍പ്പിച്ചത് കൊണ്ടും ശമ്പളം കുറയില്ല. വാഹനം ഓടിക്കുന്നവരെ മാത്രം ജയിപ്പിക്കുക. ക്യാമറ പോലെ എന്റെ കണ്ണ് പിന്നാലെയുണ്ട്. പിടിക്കപ്പെട്ടാല്‍ ശുപാര്‍ശയുമായി വന്നിട്ട് ഒരു കാര്യവുമില്ല. ഒരു ശുപാര്‍ശയും കേള്‍ക്കില്ല.' - മന്ത്രി പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates