

നടന് വിനായകന്‍ നടത്തുന്ന പ്രതികരണങ്ങളും ഉപയോഗിക്കുന്ന ഭാഷയും മലയാളികൾക്കിടയില്‍ വലിയ ചര്‍ച്ചകള്‍ സൃഷ്ടിക്കപ്പെടുമ്പോൾ അതിനെ സ്വാഭാവികവത്കരിക്കുന്നത് ഗുണം ചെയ്യില്ലെന്ന് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് പ്രവീണ്‍ രവി. സമൂഹത്തില്‍ കഷ്ടപ്പെട്ട് മുന്‍നിരയില്‍ എത്തിയ ആളുകളെ വിനായകനെപ്പോലെ ഒരാള്‍ അസഭ്യം പറയുമ്പോള്‍ അതിനെ ആഘോഷിക്കുക, പാവപ്പെട്ടവന്റെ ഭാഷയാണെന്നും പച്ചമലയാളമാണെന്നും പറഞ്ഞ് അതിനെ സ്വാഭാവിക വത്കരിക്കുന്ന എന്നിവയാണ് ഇപ്പോള്‍ പ്രധാനമായും കണ്ടുവരുന്നത്. ഇത്തരം ഇടപെടലുകളെ ദളിത് ആക്ടിവിസം എന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടിയാല്‍ ആളുകള്‍ സമൂഹത്തില്‍ കൂടുതല്‍ ഒറ്റപ്പെടുന്ന അവസ്ഥ ഉണ്ടാകുമെന്ന് പ്രവീണ്‍ രവി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന ജാതീയമായ വിവേചനവും അടിച്ചമര്‍ത്തലും കാരണം, സമൂഹത്തിന്റെ പിന്നാമ്പുറത്തേക്ക് പോകേണ്ടി വന്ന ജനവിഭാഗങ്ങള്‍ക്ക് സോഷ്യല്‍ ക്യാപിറ്റല്‍ നഷ്ടമായിരിക്കുന്നു. ഇതിനെ മറികടക്കാന്‍ ആണ് സര്‍ക്കാരും മറ്റ് സന്നദ്ധ സംഘടനകളും നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കയും ചെയ്തിട്ടുണ്ട്. ഇത്തരം പദ്ധതിയുടെ ഗുണമെന്ത് എന്ന ചര്‍ച്ചകള്‍ ഒരു വശത്ത് നില്‍ക്കുമ്പോഴും വിനായകനെ പോലെ തെറിവിളിക്കുകയും അത് ആഘോഷിക്കുകയും ചെയ്താല്‍ എന്താണോ ഇത്തരം സമൂഹങ്ങള്‍ പാര്‍ശ്വവത്കരിക്കപെടാനുള്ള കാരണം എന്ന് കരുതുന്നോ അതിനെ ബലപ്പെടുത്തുക മാത്രമാണ് ചെയ്യുകയെന്നും കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.
കുറിപ്പ് പൂർണരൂപം-
ദളിത് ആക്ടിവിസം
വിനായകനെപ്പോലെ ഒരുത്തന്‍ സമൂഹത്തില്‍ കഷ്ടപ്പെട്ട് മുന്‍നിരയില്‍ എത്തിയ ആളുകളെ അസഭ്യം പറയുമ്പോള്‍ അതിനെ ആഘോഷിക്കുക, പാവപ്പെട്ടവന്റെ ഭാഷയാണെന്നും പച്ചമലയാളമാണെന്നും പറഞ്ഞ് അതിനെ നോര്‍മലൈസ് ചെയ്യുക.
ഇതൊക്കെ ആണ് ദളിത് ആക്ടിവിസം എങ്കില്‍ നിങള്‍ സമൂഹത്തില്‍ കൂടുതല്‍ ഒറ്റപ്പെടുന്ന അവസ്ഥ ഉണ്ടാകും..
ചില ലിബറലുകളും ദളിത് ആക്ടിവിസ്റ്റുകളും എപ്പോഴും പറയാറുള്ള ഒന്നാണ് സോഷ്യല്‍ ക്യാപ്പിറ്റല്‍.. ഇന്ത്യയില്‍ നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന ജാതീയമായ വിവേചനവും അടിച്ചമര്‍ത്തലും കാരണം, സമൂഹത്തിന്റെ പിന്നാമ്പുറത്തേക്ക് പോകേണ്ടി വന്ന ജനവിഭാഗങ്ങള്‍ക്ക് സോഷ്യല്‍ ക്യാപിറ്റല്‍ നഷ്ടമായിരിക്കുന്നു. ഇതിനെ മറികടക്കാന്‍ ആണ് സര്‍ക്കാരും മറ്റ് സന്നദ്ധ സംഘടനകളും നിരവധി സ്‌കീമുകള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. അതെത്ര ഫലപ്രദമാണ് എന്നുള്ള തര്‍ക്കം അവിടെ നില്‍ക്കട്ടെ..
സോഷ്യല്‍ ക്യാപിറ്റല്‍ ഏതെങ്കിലും സ്‌കീമുകളില്‍ കൂടി മാത്രമായി ഉണ്ടാക്കാന്‍ കഴിയുന്നതല്ല..
മാര്‍ജിനലൈസ് ചെയ്യപ്പെടുന്ന കമ്മ്യൂണിറ്റികള്‍ക്ക് മുന്നോട്ട് വരണം എങ്കില്‍ അടിസ്ഥാനപരമായി മൂന്ന് കാര്യങ്ങള്‍ ഉണ്ടായേ മതിയാവൂ..
1. Manners
2. Cultual Capital
3. Social Capital
ഓരോന്നും നമ്മക്ക് പരിശോധിക്കാം
1. മര്യാദകള്‍ -
നിങ്ങളുടെ ദൈനംദിന പെരുമാറ്റം, മറ്റുള്ളവരെ കേള്‍ക്കാനുള്ള കഴിവ്, കൃതജ്ഞത കാണിക്കല്‍, നിങ്ങള്‍ പുലര്‍ത്തുന്ന സമയനിഷ്ഠ, പരസ്പര ബഹുമാനത്തോടെയുള്ള വിയോജിപ്പുകള്‍..
നിങ്ങളുമായി ഇടപഴകുന്നത് മറ്റുള്ളവര്‍ക്ക് എത്രത്തോളം ഹൃദ്യമായ അനുഭവം നല്‍കുന്നു എന്നതാണ് ഇതിന്റെ പ്രാധാന്യം
നല്ല പെരുമാറ്റം കൊണ്ട് മാത്രം എല്ലാമായി എന്നല്ല, പക്ഷേ അത് നിങ്ങള്‍ക്ക് മുമ്പില്‍ അടഞ്ഞുകിടന്ന വാതിലുകള്‍ തുറന്നു തരുന്നു..
2. സാംസ്‌കാരിക മൂലധനം ( Cultual Capital)
ഒരു പ്രത്യേക സാമൂഹ്യ പരിതസ്ഥിതിയില്‍, അല്ലെങ്കില്‍ നിങ്ങളുടെ പ്രൊഫഷണല്‍ കരിയറില്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ നിങ്ങളെ സഹായിക്കുന്ന അറിവ്, നിങ്ങളുടെ വ്യക്തിപരമായ കഴിവുകള്‍, അത് വിനിയോഗിക്കുന്നതിനുള്ള നിങ്ങളുടെ പാടവം ഇതിനെ നമുക്ക് സാംസ്‌കാരിക മൂലധനം എന്ന് വിളിക്കാം.
ഉദാഹരണത്തിന് ഒരു സര്‍ക്കാര്‍ സംവിധാനത്തിലേക്ക് അപേക്ഷ എങ്ങനെ നന്നായി അയക്കാം എന്നറിയുക
സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള വസ്ത്രധാരണം , വ്യക്തി ശുചിത്വം
മറ്റൊരു സമൂഹവുമായി ഇടപഴകുമ്പോള്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഭാഷ ഇതെല്ലാം സാംസ്‌കാരിക മൂലധനമായി അറിയപ്പെടും.
സോഷ്യല്‍ ക്യാപിറ്റല്‍ ? ദി നെറ്റ്വര്‍ക്ക് & ട്രസ്റ്റ്
നിങ്ങളുടെ മര്യാദകള്‍ നിങ്ങളെ മറ്റുള്ളവര്‍ക്ക് സമീപിക്കാവുന്നവരാക്കി മാറ്റുകയും സാംസ്‌കാരിക മൂലധനം നിങ്ങളെ മറ്റുള്ളവരും ആയി ബന്ധപ്പെടാവുന്നവരാക്കുകയും ചെയ്തുകഴിഞ്ഞാല്‍, നിങ്ങളുടെ സാമൂഹിക മൂലധനം വളരാന്‍ തുടങ്ങുന്നു..
ആളുകള്‍ നിങ്ങളെ അവരുടെ നെറ്റ്വര്‍ക്കിലേക്ക് ക്ഷണിക്കുന്നു, അവരുടെ കൂട്ടായ്മകളിലേക്ക് ക്ഷണിക്കുന്നു, അവരുമായി സഹകരിക്കാന്‍ പ്രേരിപ്പിക്കുന്നു.
നിങ്ങള്‍ വിശ്വസിക്കാവുന്നവനും ബഹുമാനിക്കപ്പെടുന്നവനും ആകുന്നതുകൊണ്ട് നിങ്ങളുടെ മുമ്പില്‍ വിഭവങ്ങള്‍ നേടാനുള്ള അവസരങ്ങള്‍ തുറക്കുന്നു..
ഇത് മൂന്നും എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു എന്നും കൂടി അറിഞ്ഞിരിക്കണം.
1. മര്യാദകള്‍ ? ആദ്യ പോസിറ്റീവ് ഇംപ്രഷനുകള്‍ സൃഷ്ടിക്കുന്നു
2. സാംസ്‌കാരിക മൂലധനം ? വിശ്വാസവും പരസ്പരം സഹകരിക്കാനുള്ള ധാരണയും സൃഷ്ടിക്കുന്നു.
3. സോഷ്യല്‍ ക്യാപിറ്റല്‍ ? അവസരങ്ങള്‍, സ്വാധീനം, ദീര്‍ഘകാല പിന്തുണ എന്നിവ നിങ്ങളുടെ മുമ്പില്‍ പ്രദാനം ചെയ്യുന്നു.
മര്യാദകളില്ലാതെ വാതിലുകള്‍ ഒരിക്കലും തുറക്കില്ല.
സാംസ്‌കാരിക മൂലധനമില്ലാതെ വാതിലുകള്‍ തുറക്കുമായിരിക്കാം, പക്ഷേ മുറിയില്‍ എങ്ങനെ നാവിഗേറ്റ് ചെയ്യണമെന്ന് നിങ്ങള്‍ക്ക് അറിവ് ഉണ്ടാവില്ല .സാമൂഹിക മൂലധനമില്ലെങ്കില്‍ നിങ്ങളെ മറ്റുള്ളവര്‍ ഇഷ്ടപ്പെട്ടേക്കാം, പക്ഷേ യഥാര്‍ത്ഥ സ്വാധീനത്തില്‍ നിന്ന് നിങ്ങള്‍ വളരെ അകലെ ആയിരിക്കും.
ഇതൊന്നും ചുമ്മാ ഞാന്‍ വായില്‍ തോന്നിയത് എഴുതി വച്ചതല്ല..
നിരവധി പഠനങ്ങളിലൂടെ സോഷ്യല്‍ സയന്‍സില്‍ പ്രചാരത്തില്‍ ഇരിക്കുന്ന തിയറികളാണ്..
ഇത് ഉള്ള വ്യക്തികളും സമൂഹവും കൂടുതല്‍ വിജയം നേടും. സോഷ്യല്‍ ക്യാപിറ്റല്‍ ആര്‍ജ്ജിച്ചു കഴിഞ്ഞ ഒരു സമൂഹത്തില്‍, ഒരുപക്ഷേ വ്യക്തിഗത ഗുണങ്ങള്‍ ഇല്ലെങ്കില്‍ കൂടി സോഷ്യല്‍ ലാഡറില്‍ മുകളില്‍ കേറാന്‍ കഴിയും , അതാണ് നെറ്റ്വര്‍ക്കിന്റെ ശക്തി.. പക്ഷേ നിങ്ങളുടെ സമൂഹത്തിന് സോഷ്യല്‍ ക്യാപ്പിറ്റല്‍ ഇല്ലെങ്കില്‍ ഇത് മൂന്നും വ്യക്തിപരമായി ഉണ്ടാക്കിയെടുത്തേ കഴിയൂ..
മാര്‍ജിനലൈസ് ചെയ്യപ്പെട്ട സമൂഹങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് അതുകൊണ്ടുതന്നെ ധാരണ ഉണ്ടാവേണ്ടത് ഉണ്ട്.
മര്യാദകള്‍ അവരെക്കുറിച്ച് സമൂഹം പുലര്‍ത്തുന്ന പല സ്റ്റീരിയോ ടൈപ്പുകളെയും ഇല്ലാതെ ആക്കും.. അതേസമയം വിനായകനെ പോലെ തെറിവിളിക്കുകയും അത് ആഘോഷിക്കുകയും ചെയ്താല്‍ എന്താണോ ആ സമൂഹത്തെക്കുറിച്ചുള്ള സ്റ്റീരിയോ ടൈപ്പിംഗ് അതിനെ എന്‍ഡോര്‍സ് ചെയ്യുന്നതിന് തുല്യമായിരിക്കും..
കള്‍ച്ചറല്‍ ക്യാപിറ്റല്‍ , മെജോറിറ്റി കമ്മ്യൂണിറ്റി സൃഷ്ടിച്ചെടുത്ത വിഭവങ്ങളിലേക്ക് ഇവര്‍ക്ക് ആക്‌സസ് സൃഷ്ടിക്കുന്നു.
സോഷ്യല്‍ ക്യാപിറ്റല്‍ ആണ് അവസാന റിവാര്‍ഡ്.. അത് നിങ്ങളെ പുതിയ നെറ്റ്വര്‍ക്കുകളിലേക്ക് പുതിയ അവസരങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നു..
ഇത് മൂന്നും ഏതെങ്കിലും പൊതുബോധത്തെ പ്രീണിപ്പെടുത്താന്‍ വേണ്ടി അവരുടെ രീതികളും ഭാഷയും സംസ്‌കാരവും സ്വാംശീകരിക്കണം എന്നല്ല പറഞ്ഞിരിക്കുന്നത് എന്ന് മനസ്സിലാക്കുക.. ഈ മൂന്നും സ്വന്തം ആയി ഡെവലപ്പ് ചെയ്തു സ്വയം എംപവര്‍ ചെയ്യുക എന്നതായിരിക്കണം ലക്ഷ്യം..
നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഇവിടുത്തെ ആക്ടിവിസം ഇത്തരം കാര്യങ്ങളെ പാടെ അവഗണിച്ചുകൊണ്ട് വെറുപ്പും ഇരവാദവും ഉയര്‍ത്തി പരിഗണനകള്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയാണ്.. അത് വിജയിക്കില്ല എന്ന് മാത്രമല്ല അത് കൂടുതല്‍ അസ്വാരസ്യങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുകയാവും ചെയ്യുക..
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
