

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷക ടിബി മിനി നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ നിർണ്ണായക ചോദ്യവുമായി കേരള ഹൈക്കോടതി. ഔദ്യോഗിക രേഖകളുടെ ഭാഗമല്ലാത്ത പരാമർശങ്ങൾ എങ്ങനെയാണ് നീക്കം ചെയ്യാൻ സാധിക്കുകയെന്ന് കോടതി വാക്കാൽ ചോദിച്ചു. വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസ് തനിക്കെതിരെ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പരാമർശങ്ങൾക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടാണ് ടിബി മിനി ഹൈക്കോടതിയെ സമീപിച്ചത്.
താൻ പത്ത് ദിവസത്തിൽ താഴെ മാത്രം കോടതിയിൽ ഹാജരായ 'ഹാജരാകാത്ത അഭിഭാഷക'യാണെന്ന് വിചാരണക്കോടതി ജഡ്ജി പരാമർശിച്ചുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. എന്നാൽ താൻ വിചാരണ വേളയിൽ ഇരുന്നൂറിലധികം ദിവസങ്ങളിൽ ഹാജരായിട്ടുണ്ടെന്ന് ടിബി മിനി ചൂണ്ടിക്കാട്ടി. ഈ പരാമർശങ്ങളെത്തുടർന്നുള്ള മാധ്യമ വാർത്തകൾ തന്റെ പ്രൊഫഷണൽ ജീവിതത്തെയും സൽപ്പേരിനെയും സാരമായി ബാധിച്ചുവെന്നും, പൊതുജനങ്ങളിൽ നിന്ന് പോലും മോശം പ്രതികരണങ്ങൾ ഉണ്ടായെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
പരാമർശങ്ങൾ ജുഡീഷ്യൽ നടപടികളുടെ ഭാഗമാണോ എന്നും ഔദ്യോഗിക രേഖകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ചോദിച്ചു. "ഇത് ജുഡീഷ്യൽ നടപടിയുടെ ഭാഗമാണോ? രേഖകളിൽ ഇല്ലെങ്കിൽ എവിടെ നിന്നാണ് ഈ പരാമർശങ്ങൾ നീക്കം ചെയ്യേണ്ടത്?" - കോടതി ആരാഞ്ഞു. മാധ്യമങ്ങളിൽ വന്ന വാർത്തകളാണ് പ്രശ്നമെങ്കിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയെയാണ് സമീപിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാണിച്ചു.
മാധ്യമ വാർത്തകൾക്കപ്പുറം ജുഡീഷ്യൽ ഉദ്യോഗസ്ഥന്റെ പെരുമാറ്റമാണ് തങ്ങളുടെ പ്രധാന വിഷയമെന്ന് ഹർജിക്കാരിയുടെ അഭിഭാഷകൻ വ്യക്തമാക്കി. തികച്ചും അനാവശ്യമായ പരാമർശങ്ങളാണ് ഉണ്ടായതെന്നും, ഇത് അന്തസ്സോടെയുള്ള തൊഴിൽ ചെയ്യാനുള്ള അവകാശത്തെയും ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തെയും ബാധിച്ചുവെന്നും ഹർജിക്കാരി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
വാദങ്ങൾക്കിടെ ടിബി മിനിയുടെ പ്രൊഫഷണൽ മികവിനെക്കുറിച്ച് കോടതി പ്രത്യേക പരാമർശം നടത്തി. "ഈ കോടതിക്ക് അവരിൽ പൂർണ്ണ വിശ്വാസമുണ്ട്. അവരുടെ കഴിവ് ഈ ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാർക്കും അറിയാം. അവർ യാതൊരു ആശങ്കയുംപ്പെടേണ്ടതില്ലെന്ന് കക്ഷിയെ അറിയിക്കുക," - കോടതി വ്യക്തമാക്കി. കൂടുതൽ വാദത്തിനായി കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates