

മോന്‍സന്‍ മാവുങ്കല്‍ എന്ന തട്ടിപ്പുകാരനെ നല്ല മനുഷ്യനായി വെളുപ്പിച്ചെടുക്കാന്‍ ക്യാമ്പയിന്‍ നടക്കുന്നുണ്ടെന്ന് നടി ലക്ഷ്മി പ്രിയ. ബുദ്ധി ഏറെയുള്ളവര്‍ എന്നു കരുതിയിരുന്ന തന്റെ ചില സുഹൃത്തുക്കളും ഈ ക്യാമ്പയിനില്‍ അറിയാതെ ഭാഗമായിട്ടുണ്ടെന്നും നടി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള ജാതി മത ഭേദമന്യേയുള്ള ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ കണ്ണുനീര് കുടിപ്പിക്കാന്‍ മുന്‍ നിരയില്‍ നിന്ന ആളാണ് ഈ പറഞ്ഞ മോന്‍സന്‍ എന്നും ലക്ഷ്മി പറഞ്ഞു. .മോന്‍സന്‍ മാവുങ്കല്‍ പറ്റിച്ചവരെല്ലാം കോടീശ്വരന്മാരാണെന്ന മട്ടില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ട്രോളുകളോടു പ്രതികരിക്കുകയായിരുന്നു ലക്ഷ്മി പ്രിയ.
ലക്ഷ്മി പ്രിയയുടെ വാക്കുകള്‍:
മോന്‍സന്‍ മാവുങ്കല്‍ പാവങ്ങളെ പറ്റിച്ചിട്ടില്ലെന്നും പറ്റിച്ചത് മുഴുവന്‍ പണക്കാരെ ആയിരുന്നുവെന്നും അങ്ങനെ പറ്റിച്ചു കിട്ടിയ പണം കൊണ്ട് ഒരു കോടി രൂപയുടെ പള്ളിപ്പെരുന്നാള്‍ വരെ നടത്തിയെന്നും ആ ഇനത്തില്‍ പാവപ്പെട്ടവന് മൂന്നു ദിവസം വയറു നിറച്ച് അന്നവും പന്തലു പണിക്കാര്‍ക്ക് വരെ നിറയെ പണവും കിട്ടിയെന്നും തട്ടിപ്പ് തുക കൊണ്ട് ധാരാളം പാവപ്പെട്ടവരെ സഹായിച്ചു എന്നുമൊക്കെ സമാന്തര വെളുപ്പിക്കല്‍ ക്യാമ്പയിന്‍ നടക്കുന്നു. ബുദ്ധി ഏറെ ഉള്ളവര്‍ എന്നു ഞാന്‍ കരുതിയിരുന്ന എന്റെ ഒരുപാട് സുഹൃത്തുക്കളും ഈ വെളുപ്പിക്കലില്‍ അറിയാതെ ഭാഗമായി കാണുന്നു.
പാവപ്പെട്ടവന് കൈ വയ്ക്കാവുന്ന ഒരു ഹോബിയോ ബിസിനസ്സോ അല്ല തീര്‍ച്ചയായും വിപുലമായ പുരാവസ്തു ശേഖരണം. അവന്റെ ഹോബി എപ്പോഴും, സ്റ്റാമ്പ്, നോട്ട്, നാണയം ഇവയുടെ ശേഖരണത്തില്‍ ഒതുങ്ങുന്നു. നൂറ് കൊല്ലത്തിലും അധികം പഴക്കമുള്ള വസ്തുക്കള്‍ ശേഖരിക്കാന്‍ കോടികള്‍ മുടക്കാന്‍ പ്രാപ്തിയുള്ളവന്‍ തീര്‍ച്ചയായും പണക്കാരന്‍ ആവണം. ഒരുവന്‍ അവന്റെ ബുദ്ധിയും സമയവും ഉപയോഗിച്ച് പണം സമ്പാദിച്ചത് ഇങ്ങനെ ഉള്ളവര്‍ കുബുദ്ധി ഉപയോഗിച്ച് പറ്റിച്ചെടുക്കുന്നത് ' ഓഹ് അവന് ഒരുപാട് ഉണ്ടല്ലോ കുറച്ച് പൊയ്‌ക്കോട്ടേ ' എന്ന മട്ടില്‍ ന്യായീകരിക്കാന്‍ എനിക്ക് കഴിയില്ല. ഏതെങ്കിലും പാവപ്പെട്ടവര്‍ ഇയാളുടെ കെണിയില്‍ വീണിട്ടുണ്ടോ എന്നും നമുക്ക് നിശ്ചയം പോരാ. ധാരാളം യുട്യൂബേഴ്സ് ഇയാളുടെ കള്ളത്തരങ്ങള്‍ വിശ്വസിച്ചു വിഡിയോകള്‍ ചെയ്ത് നമ്മുടെ മുന്നില്‍ എത്തിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ജാതി മത ഭേദമന്യേയുള്ള ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ കണ്ണുനീര് കുടിപ്പിക്കാന്‍ മുന്‍ നിരയില്‍ നിന്ന ആളാണ് ഈ പറഞ്ഞ മോന്‍സന്‍. ആരൊക്കെയാണ് അയാളോടൊപ്പം ഒരു ജനതയെ മുഴുവന്‍ ഭിന്നിപ്പിക്കാന്‍, ഈ നാടിന്റെ ക്രമ സമാധാനം തകര്‍ക്കാന്‍ അയാള്‍ക്കൊപ്പം നിന്നത്? ആരുടെ ബുദ്ധി? മതേതരം എന്നത് കേവലം പേപ്പറില്‍ ഒതുങ്ങുന്ന വെറുമൊരു വാക്കാണ് എന്നു വരുത്തി തീര്‍ക്കാന്‍ കൂട്ടുനിന്ന ടിയാന്‍ പറ്റിക്കാന്‍ നോക്കിയത് ഒരു ചെറിയ സമൂഹത്തെ മാത്രമല്ല എന്ന് ഓര്‍മിപ്പിച്ചു കൊണ്ട് നിര്‍ത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates