

കാന്‍പൂര്‍: പ്രകൃതിദത്ത കൃഷിയിലേക്ക് മടങ്ങണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആരോഗ്യകരമായ ഒരു സമൂഹത്തിന് അടിത്തറയിടാനും രാസവസ്തുക്കളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം മൂലമുണ്ടാകുന്ന രോഗങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
കാന്‍പൂരില്‍ നടന്ന 'നാച്ചുറല്‍ ഫാമിംഗ് വര്‍ക്ക്ഷോപ്പ് 2026'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത ഇന്ത്യയെന്ന ലക്ഷ്യത്തില്‍ മികച്ച ആരോഗ്യ ഉറപ്പാക്കലും രോഗങ്ങള്‍ കുറയ്ക്കലും ഉള്‍പ്പെടുന്നുണ്ടെന്നും ഇതില്‍ പ്രകൃതിദത്ത കൃഷിക്ക് സുപ്രധാന പങ്ക് വഹിക്കാനാകുമെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
രാസവസ്തുക്കളോടുള്ള ആശ്രയത്വം കുറയ്ക്കുന്നതിനായി ചാണകവും ഗോമൂത്രവും വളമായും കീടനാശിനിയായും ഉപയോഗിക്കുന്ന പശുവധിഷ്ഠിത പ്രകൃതിദത്ത കൃഷിക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം വര്‍ധിച്ചതോടെ വൃക്കരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളും വര്‍ദ്ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.'മുപ്പത് വര്‍ഷം മുമ്പ് വൃക്കസംബന്ധമായ രോഗങ്ങള്‍ വളരെ കുറവായിരുന്നു. ഇന്ന് ഓരോ പ്രദേശത്തും രണ്ടോ മൂന്നോ വൃക്ക സംബന്ധമായ രോഗികളെ കാണാം. ചിലര്‍ക്ക് ഡയാലിസ്, ചിലര്‍ക്ക് അവയവം മാറ്റിവെക്കല്‍ ആവശ്യമാണ്,' അദ്ദേഹം പറഞ്ഞു. ലിവര്‍ സിറോസിസ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങളും വര്‍ധിച്ചുവരികയാണെന്നും കീടനാശിനി പ്രയോഗം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രകൃതിദത്ത കൃഷിയിലേക്ക് മാറുന്നതിലൂടെ കര്‍ഷകര്‍ക്ക് ഏക്കറിന് 12,000 രൂപ വരെ ലാഭം നേടാന്‍ കഴിയുമെന്നും യോഗി പറഞ്ഞു. പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഭൂമി കണ്ടെത്തിയതായും പ്രകൃതിദത്ത കൃഷി ഉല്‍പന്നങ്ങള്‍ക്ക് മികച്ച വിപണി ഉറപ്പാക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. രാസവസ്തുക്കള്‍ ഉപയോഗിച്ച കൃഷി ഉത്പന്നങ്ങള്‍ 40 രൂപയ്ക്കും പ്രകൃതിദത്ത കൃഷി ഉല്‍പ്പന്നങ്ങള്‍ 50 രൂപയ്ക്കും ലഭ്യമാണെങ്കില്‍, ആളുകള്‍ രണ്ടാമത്തേതിന് മുന്‍ഗണന നല്‍കണമെന്നും യോഗി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates