

പത്തനംതിട്ട: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. വിതുമ്പിക്കരഞ്ഞുകൊണ്ടാണ് മുന്‍ കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ചത്. ആരോടും മുഖം കറുപ്പിക്കാത്ത പാവമായിരുന്നു നവീന്‍, കൈക്കൂലി വാങ്ങുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും സര്‍ക്കാരിന്റെ ഭാഗമായതുകൊണ്ട് കൂടുതല്‍ പറയാനില്ലെന്നും വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടറായ ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.
''ഞങ്ങള്‍ ഒറ്റക്കെട്ടായി ഒരു കുടുംബം പോലെ കഴിഞ്ഞിട്ടുള്ളവരാണ്. റാന്നി തഹസില്‍ദാരായിരുന്ന സമയത്ത്. ശബരിമലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടും പ്രളയം വന്നപ്പോഴും മഴ വന്നപ്പോഴും എല്ലാം ഒറ്റക്കെട്ടായിട്ടാണ് പ്രവര്‍ത്തിച്ചത്. റാന്നിയില്‍ ഒരുപാട് പ്രശ്‌നബാധിത മേഖലകളുണ്ടായിരുന്നു. രാവും പകലും ഒരുമിച്ചിരുന്ന് ജോലി ചെയ്തവരാണ്. ഞങ്ങള്‍ക്കൊപ്പം നിര്‍ലോഭം പ്രവര്‍ത്തിച്ചിരുന്ന ആളാണ് നവീന്‍, നവീനെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ല. സര്‍ക്കാരിന്റെ ഭാഗമായതുകൊണ്ട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും'' ദിവ്യ എസ് പറഞ്ഞു.
''നവീന്‍ ഒരു പാവത്താനായിരുന്നു. ഞങ്ങളറിഞ്ഞ മനുഷ്യനെക്കുറിച്ച് ഞങ്ങള്‍ക്കറിയാം. വളരെ ദൗര്‍ഭാഗ്യകരമായിപ്പോയി. പ്രളയത്തിന്റെ സമയത്തായാലും പാലം വെള്ളത്തിനടിയിലാകുമ്പോഴും ഏത് പാതിരാത്രിയിലും നാട്ടുകാര്‍ക്ക് ഭക്ഷണം എത്തിക്കുന്നത് തുടങ്ങി ആളുകള്‍ക്ക് സേവനം എത്തിക്കുന്നത് വരെ ഞങ്ങളോടൊപ്പം വളരെ നിര്‍ലോപമായി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്''
''ആരെയും കുത്തിനോവിക്കാനറിയാത്ത, ആരോടും മുഖം കറുപ്പിക്കാത്ത ഒരു നവീനെയാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്. എപ്പോഴും മുഖത്തൊരു ചിരിയുണ്ടാകും. അവസാനമായിട്ട് ഞാന്‍ നവീനെ കാണുന്നതും ഇവിടെ വെച്ചാണ്. പ്രമോഷന്‍ കിട്ടി, കാസര്‍കോടേക്ക് പോകുവാണ് എന്ന് പറയാന്‍ എന്നെ കാണാന്‍ വന്നിരുന്നു. അന്ന് ഭയങ്കര സന്തോഷത്തിലായിരുന്നു. എന്റെ കൂടെ നിന്ന് ഒരു ഫോട്ടോ എടുത്തിട്ട് പോയതാ. പിന്നെ കണ്ടിട്ടില്ല. ഇവിടെ വെച്ച് ഇങ്ങനെ കാണേണ്ടി വരുമെന്ന് ഓര്‍ത്തില്ല. വിതുമ്പിയും കണ്ണുതുടച്ചും സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു കൊണ്ടുമായിരുന്നു ദിവ്യ എസ് അയ്യരുടെ പ്രതികരണം. മന്ത്രി വീണ ജോര്‍ജും കണ്ണില്‍ ഈറനണിഞ്ഞുകൊണ്ടാണ് നവീന് ബാബുവിന് അന്തിമോപചാരമര്‍പ്പിച്ചത്. നവീനെ അവസാനമായി ഒരുനോക്ക് കാണാന്‍ നൂറുകണക്കിന് ആളുകളുടെ നീണ്ടനിരയാണ് കലക്ടറേറ്റിന് സമീപത്ത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates