തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് സമാപിക്കും. തിരുവനന്തപുരം ശംഖുമുഖത്ത് വൈകീട്ട് നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കും. സമാപന സമ്മേശനത്തിൽ യുഡിഎഫിലെ മുഴുവൻ ഘടകകക്ഷി നേതാക്കളും പങ്കെടുക്കും.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം പ്രതിരോധത്തിലായ കോൺഗ്രസിനെ സംഘടനാപരമായി ഉണർത്തുന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ യാത്ര. ജനുവരി 31ന് കാസർകോട് നിന്നാണ് യാത്ര തുടങ്ങിയത്. ഉദ്ഘാടനവേദിയിൽ ശബരിമല വിഷയം വീണ്ടും ഉന്നയിച്ച് ഉമ്മൻചാണ്ടി യാത്രയുടെ തുടക്കം തന്നെ ചർച്ചയാക്കി.
മലബാറിൽ ലീഗ് നേതാക്കളുടെ ഉൾപ്പടെ വലിയ പിന്തുണ യാത്രക്ക് കിട്ടി. പൗരത്വപ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യവും ചർച്ചയായി. പാലായിലെ വേദിയിൽ വച്ച് മാണി സി കാപ്പൻ ഇടതുമുന്നണി വിട്ട് യുഡിഎഫിലെത്തി. സിനിമാതാരങ്ങളായ ധർമ്മജൻ ബോൾഗാട്ടിയും രമേഷ് പിഷാരടിയും ഇടവേള ബാബുവും ഐശ്വര്യ കേരള യാത്രാ വേദിയിൽ എത്തിയത് വാർത്തയായി.
ആഴക്കടൽ മത്സ്യബന്ധനം അമേരിക്കൻ കമ്പനിക്ക് നൽകുന്നുവെന്ന ചെന്നിത്തലയുടെ ആരോപണം സർക്കാരിനെ പ്രതിരോധത്തിലാക്കിയാണ് യാത്ര അവസാനിക്കുന്നത്. യാത്ര അവസാനിക്കുന്നതോടെ കോൺഗ്രസും യുഡിഎഫും സീറ്റ്, സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടക്കും. ഇതിന്റെ ഭാഗമായി ചേരുന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തിലും രാഹുൽ പങ്കെടുക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates