'അതിരുകടന്ന എന്റെ പ്രയോഗത്തിന് കയ്യടി കിട്ടി; കാലം എന്നില്‍ മാറ്റങ്ങള്‍ ഉണ്ടാക്കി, സുധാകരന്‍ പഴയ സുധാകരന്‍ തന്നെ'

'ഞാന്‍ പൊതുരംഗം വഴി നേതാവാകാന്‍ തീരെ ആഗ്രഹിക്കുന്ന ഒരാളല്ല. കാരണം എന്റെ വഴി അതല്ല'
ak balan against g sudhakaran
എകെ ബാലന്‍- ജി സുധാകരന്‍
Updated on
3 min read

കൊച്ചി: എസ്എഫ്‌ഐ കാലത്തെ അനുഭവങ്ങള്‍ പങ്കുവച്ച ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ജി സുധാകരനെതിരെ എകെ ബാലന്‍. 1972ലെ എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ ജി സുധാകരനെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ പാനലില്‍ നിന്ന് ഒഴിവാക്കി. പിന്നീട് വി എസ്, പിണറായി മന്ത്രിസഭകളില്‍ ഞാനും സുധാകരനും മന്ത്രിമാരായിരുന്നു. വലിയ വ്യക്തിബന്ധമായിരുന്നു. കാലം എന്നില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കി. തിരിച്ചറിഞ്ഞത് വൈകിയാണ്. പക്ഷേ ജി സുധാകരന്‍ പഴയ ജി സുധാകരന്‍ തന്നെയാണെന്നും മാറ്റമില്ലെന്നും ബാലന്‍ ഫെയസ്ബുക്കില്‍ കുറിച്ചു

ak balan against g sudhakaran
'ഉറക്കത്തില്‍ ദുഃസ്വപ്നം കാണുന്നു'; ചികിത്സ തേടിയെത്തിയ കോളജ് വിദ്യാര്‍ഥിനിയെ മന്ത്രവാദി ബലാത്സംഗം ചെയ്തു; അറസ്റ്റില്‍

കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍

ഞങ്ങള്‍ പഴയകാല വിദ്യാര്‍ത്ഥിജീവിതത്തിലേക്ക് കടന്നു. തുടക്കം മുതല്‍ ഇതുവരെയുള്ള സംഭവങ്ങളും വൈകാരികമായി പറഞ്ഞുപോയി. കോട്ടയം സമ്മേളനത്തെക്കുറിച്ച്. എസ് എഫ് ഐയുടെ വളര്‍ച്ചയുടെ ഘട്ടം. സംഘര്‍ഷഭരിതമായ വിദ്യാര്‍ത്ഥിജീവിതം. മരണത്തെ മുഖാമുഖം കണ്ട നാളുകള്‍. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധിയാകുന്നത്. അന്ന് എസ് എഫ് ഐ കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയാണ് ഞാന്‍. കോളേജില്‍ നിന്ന് പി ജയരാജനും പ്രതിനിധിയായിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ പ്രസീഡിയത്തിലുണ്ട്. സംസ്ഥാന നേതൃത്വത്തില്‍ ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ള ഘട്ടമായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയ രംഗത്ത് സി ഭാസ്‌കരനും ജി സുധാകരനും തിളങ്ങി നില്‍ക്കുന്ന ഘട്ടമായിരുന്നു അത്. സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ച. ഇതില്‍ എന്റെ പ്രസംഗവും ചില പരാമര്‍ശങ്ങളും വിവാദമായി. ജി സുധാകരനെതിരായ ചില പരാമര്‍ശങ്ങള്‍ എന്റെ ഭാഗത്തുനിന്നുണ്ടായി. അതുകൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ പുതിയ പാനലില്‍ നിന്ന് എന്നെ ഒഴിവാക്കി.

ak balan against g sudhakaran
390 എയര്‍ഹോണ്‍ പിടിച്ചെടുത്തു; വാഹനങ്ങളില്‍ വ്യാപക പരിശോധന; പിഴയായി ലഭിച്ചത് 5,18,000 രൂപ

സമ്മേളനം കഴിഞ്ഞ് പിരിയുന്നതിനു മുമ്പ് ജി സുധാകരനെ കണ്ടു ഞാന്‍ പറഞ്ഞു, 'അടുത്ത സമ്മേളനത്തില്‍ എന്നെ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് പറ്റാത്ത സ്ഥാനം വഹിച്ചുകൊണ്ട് ഞാന്‍ വരും'. ഈ സമ്മേളനം പ്രസിഡണ്ടായി സഖാവ് കോടിയേരിയേയും സെക്രട്ടറിയായി സഖാവ് ജി സുധാകരനെയും തിരഞ്ഞെടുത്തു. 1973ല്‍ ഞാന്‍ ബ്രണ്ണന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനായി. തുടര്‍ന്ന് എസ്എഫ്‌ഐയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സ്ഥാനം വഹിക്കുമ്പോഴാണ് 1973 ല്‍ എസ്എഫ്‌ഐ നാലാം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്. അപ്പോള്‍ കേവലം നാലോ അഞ്ചോ കോളേജുകളില്‍ മാത്രമാണ് എസ്എഫ്‌ഐ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയിലേക്ക് ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു. ജി സുധാകരന്‍ സംസ്ഥാന പ്രസിഡണ്ടും കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ തീരുമാനത്തോട് സംസ്ഥാന സമ്മേളന പ്രതിനിധികളില്‍ ചിലര്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. പ്രതിഷേധ മുദ്രാവാക്യമുയര്‍ന്നു. അവസാനം ഇഎംഎസ് തന്നെ രംഗത്തു വന്നു; പ്രതിനിധികളെ അഭിസംബോധന ചെയ്തു. അന്തരീക്ഷം സാധാരണ നിലയിലായി.

ഇ എം എസ് പറഞ്ഞു, 'പ്രതിനിധികളാണ് സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത്. സംസ്ഥാന കമ്മിറ്റിയാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്; പ്രതിനിധികളല്ല. അത് അംഗീകരിക്കണം'. ചുരുക്കത്തില്‍ ഇഎംഎസിന് വളരെ അസ്വസ്ഥത ഉണ്ടാക്കിയ സമ്മേളനമായിരുന്നു എസ്എഫ്‌ഐയുടെ മൂന്നാം സംസ്ഥാന സമ്മേളനം.

കോട്ടയം സംസ്ഥാന സമ്മേളനത്തില്‍ സുധാകരനെതിരായി ഞാന്‍ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് സൂചിപ്പിച്ചിരുന്നല്ലോ. അത് അദ്ദേഹത്തെ പ്രകോപിപ്പിച്ചതാണ്. പിന്നീട് ഞാന്‍ ആലോചിച്ചിരുന്നു, ആ പരാമര്‍ശം വേണ്ടായിരുന്നു എന്ന്. സമ്മേളനങ്ങളില്‍ നേതാക്കളെ കണക്കിന് വിമര്‍ശിക്കുക, അതിന് എരിവും പുളിയുമുള്ള വാക്കുകള്‍ ഉപയോഗിക്കുക എന്നത് എന്റെ ഒരു ശൈലിയായിരുന്നു. അതിനൊരു ഉദാഹരണമാണ് കോട്ടയം സമ്മേളനത്തിലെ പ്രസംഗം. സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി എന്ന നിലയില്‍ ജി സുധാകരന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ മിക്കവാറും എല്ലാ പേജിലും ജി സുധാകരന്‍ എന്നുണ്ടായിരുന്നു. അതിനെയാണ് ഞാന്‍ വിമര്‍ശിച്ചത്. 'ലോകപ്രശസ്ത സാഹിത്യകാരന്‍ വില്യം ഷേക്‌സ്പിയറുടെ മാസ്റ്റര്‍ പീസ് കൃതിയാണ് മാക്ബത്. അതില്‍ എല്ലാ പേജിലും ബ്ലഡ് അല്ലെങ്കില്‍ ബ്ലഡി എന്ന വാക്കുണ്ടാവും. ചുരുക്കത്തില്‍ ബ്ലഡിന്റെ കഥ പറയുന്ന ഇതിഹാസ കൃതിയാണ് മാക്ബത്. ആ ബ്ലഡിന്റെയും ബ്ലഡിയുടെയും സ്ഥാനത്താണ് ഈ റിപ്പോര്‍ട്ടിലെ സുധാകരന്റെ സ്ഥാനം'. അതിരുകടന്ന എന്റെ പ്രയോഗത്തിന് കയ്യടി കിട്ടി. ഒപ്പം സമ്മേളനം വീക്ഷിക്കാന്‍ വന്ന നേതാക്കളുടെ വിമര്‍ശനവും കിട്ടി. ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ സുധാകരന്‍ മറുപടി പറഞ്ഞത് ലേഡി മാക്ബത്തിനെ ഉപയോഗപ്പെടുത്തിയായിരുന്നു. സുധാകരന്‍ പറഞ്ഞു, 'കണ്ണൂരില്‍ നിന്നുള്ള പ്രതിനിധി എ കെ ബാലന്‍ ഇവിടെ ആടി തിമിര്‍ത്തത് ലേഡി മാക്ബത്തിന് സമാനമാണ്. കുറ്റബോധം കൊണ്ട് ലേഡി മാക്ബത് ഉറക്കത്തില്‍ ഞെട്ടും. ബേസിനില്‍ പോയി കൈ കഴുകും. അറേബ്യയിലെ എല്ലാ സുഗന്ധ ലേപനങ്ങള്‍ കൊണ്ട് കഴുകിയാലും എന്റെ കയ്യിലെ രക്തക്കറ മാറില്ല. അങ്ങനെ പിറുപിറുക്കും. ലേഡി മാക്ബത്തിന്റെ ഉറക്കത്തിലെ നടത്തമാണ് ഇവിടെ ബാലന്‍ പ്രകടിപ്പിച്ചത്. ഇതിനെ സോംനാംബുലിസം എന്നാണ് പറയുന്നത് '. അന്ന് സുധാകരന്‍ എം എ ഇംഗ്ലീഷ് വിദ്യാര്‍ഥിയായിരുന്നു. മറുപടിക്കും പ്രതിനിധികള്‍ കയ്യടിച്ചു.

സമ്മേളനം കഴിഞ്ഞ് ഞാനും കോടിയേരിയും തലശ്ശേരി സ്റ്റേഡിയം കോര്‍ണറിനടുത്തുള്ള ഒരു കോണ്‍ക്രീറ്റ് ബഞ്ചിലിരുന്ന് സംസാരിക്കുമ്പോള്‍ ബാലകൃഷ്ണന്‍ പറഞ്ഞു, 'സംസ്ഥാന കമ്മിറ്റിയില്‍ എടുക്കാത്തതില്‍ നിരാശ തോന്നരുത് '. അപ്പോള്‍ ഞാന്‍ പറഞ്ഞു, ' നിരാശ എന്റെ അജണ്ടയിലില്ല. ഒരു ഘട്ടത്തില്‍ ബാലകൃഷ്ണന്‍ എന്റെ ജൂനിയര്‍ ആയിരുന്നല്ലോ. ഞാന്‍ പൊതുരംഗം വഴി നേതാവാകാന്‍ തീരെ ആഗ്രഹിക്കുന്ന ഒരാളല്ല. കാരണം എന്റെ വഴി അതല്ല. ഒരു ജോലിയാണ്. പഠനം കഴിഞ്ഞാല്‍ ജോലിക്ക് പോകും. പഠിക്കുന്ന ഘട്ടത്തില്‍ പരമാവധി വിദ്യാര്‍ത്ഥി സംഘടനാ രംഗത്ത് നില്‍ക്കും. അതില്‍നിന്ന് ഒഴിയാന്‍ എനിക്ക് കഴിയില്ല. പ്രത്യേകിച്ച് ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥി രംഗം സംഘര്‍ഷഭരിതമാണ്. എനിക്ക് ഒരു ക്ഷീണം പറ്റിയാല്‍ അത് എസ്എഫ്‌ഐയെ ബാധിക്കും'. പിന്നീടുള്ള ഓരോ ഘട്ടത്തിലും സഖാവ് കോടിയേരിയും ഞാനും ഒരേ ട്രാക്കിലാണ് ഓടിയത്. എന്റെ സ്പീഡ് ഞാന്‍ തന്നെ കുറച്ച കാലഘട്ടം ഉണ്ടായിരുന്നു. കോട്ടയം സമ്മേളനത്തിനും കൊല്ലം സംസ്ഥാന സമ്മേളനത്തിനുമിടയിലുള്ള കാലത്താണ് സഖാവ് അഷ്‌റഫ് ബ്രണ്ണന്‍ കോളേജില്‍ കുത്തേറ്റ് വീഴുന്നതും പിന്നെ വിട്ടുപിരിയുന്നതും. ജി സുധാകരന്റെ പ്രിയപ്പെട്ട അനുജന്‍ ജി ഭുവനേന്ദ്രനും രക്തസാക്ഷിയായി. 1977 ഡിസംബര്‍ 7 നാണ് ഭുവനേന്ദ്രന്‍ രക്തസാക്ഷിയായത്. പൊതുവില്‍ വിദ്യാലയ അന്തരീക്ഷത്തില്‍നിന്ന് കെഎസ്യുവിന്റെ നീല പതാക ഇല്ലാതായി. എസ്എഫ്‌ഐയുടെ ശുഭ്ര പതാകയുടെ ചുവന്ന നക്ഷത്രം തിളങ്ങി.

സുധാകരനെ ഞാനിപ്പോഴും ബഹുമാനിക്കുന്നു. വി എസ്, പിണറായി മന്ത്രിസഭകളില്‍ ഞാനും സുധാകരനും മന്ത്രിമാരായിരുന്നു. വലിയ വ്യക്തിബന്ധമായിരുന്നു. കാലം എന്നില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കി. തിരിച്ചറിഞ്ഞത് വൈകിയാണ്. പക്ഷേ ജി സുധാകരന്‍ പഴയ ജി സുധാകരന്‍ തന്നെയാണ് ; മാറ്റമില്ല.

Summary

ak balan against g sudhakaran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com