ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും; അമീബിക് മസ്തിഷ്‌ക ജ്വരം തടയാന്‍ ജനകീയ കാംപെയ്ന്‍

അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) തടയാന്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് ജനകീയ കാംപെയ്ന്‍ ആരംഭിക്കുന്നു
Amoebic encephalitis
അമീബിക് മസ്തിഷ്‌ക ജ്വരം ( Amoebic encephalitis )പ്രതീകാത്മക ചിത്രം
Updated on
2 min read

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) തടയാന്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് ജനകീയ കാംപെയ്ന്‍ ആരംഭിക്കുന്നു. ഓഗസ്റ്റ് 30, 31 (ശനി, ഞായര്‍) ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ജലസംഭരണ ടാങ്കുകള്‍ തേച്ച് കഴുകി വൃത്തിയാക്കുകയും ചെയ്യണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദേശാനുസരണമാണ് തീരുമാനം.

വീടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഫ്ളാറ്റുകള്‍ തുടങ്ങി എല്ലായിടത്തേയും ജലസംഭരണ ടാങ്കുകള്‍ വൃത്തിയാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്‍, ജലവിഭവ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പയിനില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സ്ഥാപനങ്ങളും പങ്കെടുക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്ന് നിലവിലെ സ്ഥിതി വിലയിരുത്തി. ഈ വര്‍ഷം 41 അമീബിക് മസ്തിഷ്‌ക ജ്വരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 18 ആക്ടീവ് കേസുകളാണുള്ളത്.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യുകയും ക്ലോറിന്‍ അളവുകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുമാണ്. ഇത് പാലിക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കുന്നതാണ്. കുടിവെള്ള സ്രോതസുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ച് ഉറപ്പ് വരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന മുഴുവന്‍ കുളങ്ങളും ജലസ്രോതസ്സുകളും വൃത്തിയാക്കലും അവയിലേക്കെത്തുന്ന മാലിന്യ വഴികള്‍ അടയ്ക്കലും ഉള്‍പ്പെടെ പൊതു ജല സ്രോതസുകളിലെ ശുദ്ധി ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്താനും നിര്‍ദേശം നല്‍കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുളങ്ങളിലും തടാകങ്ങളിലും മറ്റു ജലസ്രോതസുകളിലും അടിഞ്ഞു കൂടിയ പായലും മാലിന്യങ്ങളും നീക്കം ചെയ്യണം. വെള്ളത്തിലിറങ്ങുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം.

ഇതോടൊപ്പം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ഓണ അവധിക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ക്യാമ്പയിനില്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനങ്ങളും ബോധവത്കരണവും നല്‍കും. സര്‍വൈലസിന്റെ ഭാഗമായി അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയ കുളങ്ങളുടെയും ജലാശയങ്ങളുടെയും സമീപത്ത് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതാണ്. വിപുലമായ ജനകീയ ശുചീകരണ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കണം.

Amoebic encephalitis
അഴിമതി കേസില്‍ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ്; എംആര്‍ അജിത്കുമാര്‍ ഹൈക്കോടതിയില്‍

അമീബിക് മസ്തിഷ്‌കജ്വരം - പ്രതിരോധ മാര്‍ഗങ്ങള്‍

നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളില്‍ ചാടുന്നത്, മുങ്ങുന്നത് എന്നിവ ഒഴിവാക്കുക.

നീന്തുമ്പോള്‍ അല്ലെങ്കില്‍ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളില്‍, നോസ് പ്ലഗ് ഉപയോഗിക്കുക, അല്ലെങ്കില്‍ മൂക്ക് വിരലുകളാല്‍ മൂടുക.

ശുദ്ധീകരിക്കാത്ത ജലാശയങ്ങളില്‍ നീന്തുമ്പോള്‍ തല വെള്ളത്തിന് മുകളില്‍ സൂക്ഷിക്കുക.

ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, ചെളി /അടിത്തട്ട് കുഴിക്കുന്നത്/ കലക്കുന്നത് എന്നിവ ഒഴിവാക്കുക.

നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, സ്പാകള്‍ എന്നിവ ശുചിത്വത്തോടെ ക്ലോറിനേഷന്‍ ചെയ്ത്, ശരിയായ രീതിയില്‍ പരിപാലിക്കണം.

സ്പ്രിങ്കളറുകള്‍, ഹോസുകള്‍ എന്നിവയില്‍ നിന്നും വെള്ളം മൂക്കിനുള്ളില്‍ പതിക്കുന്ന സാഹചര്യം ഒഴിവാക്കുക.

തിളപ്പിച്ച് ശുദ്ധി വരുത്താത്ത വെള്ളം ഒരു കാരണവശാലും കുട്ടികളുടേയോ മുതിര്‍ന്നവരുടേയോ മൂക്കില്‍ ഒഴിക്കരുത്.

ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോള്‍/ മുഖം കഴുകുമ്പോള്‍ വെള്ളം മൂക്കിനുള്ളിലേക്ക് പോകാതെ സൂക്ഷിക്കുക.

ജലാശയങ്ങള്‍ മലിനമാകാതെ സൂക്ഷിക്കുക

പൊതു ജലാശയങ്ങളിലേക്ക് വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ഒഴുക്കരുത്.

ജലവിതരണത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ജല സംഭരണികളും, വലിയ ടാങ്കുകളും മൂന്ന് മാസം കൂടുമ്പോള്‍ നല്ലത് പോലെ തേച്ച് വൃത്തിയാക്കണം.

Amoebic encephalitis
'വിജിലിനെ കുഴിച്ചുമൂടി'; ആറുവര്‍ഷം മുന്‍പ് യുവാവിനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്; സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍
Summary

All wells in the state will be chlorinated on Saturday and Sunday; Public campaign to prevent amoebic encephalitis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com