

അമ്പലപ്പുഴ: കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞ സംഭവത്തിൽ പാപ്പാൻ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദീപിനേയും പാപ്പാൻ അനിയപ്പനേയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ആനയ്ക്ക് മതിയായ ചികിൽസ ലഭിച്ചില്ലെന്നും മർദിച്ചെന്നും ആരോപിച്ച് ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ വാസുവിനെ ആനപ്രേമികൾ തടഞ്ഞു.
ക്ഷേത്രപരിസരത്തു നിന്ന് ആനയുടെ ജഡം മാറ്റാൻ അനുവദിക്കാതെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ആനയെ മർദനത്തിന് ഇരയാക്കിയതാണ് പെട്ടെന്ന് ചരിയാൻ കാരണമെന്നാണ് ആരോപണം. വിജയകൃഷ്ണനെ നാട്ടുകാരുടെ സഹായത്താൽ 1989ലാണ് അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്ര വികസന ട്രസ്റ്റിൻറെ നേതൃത്വത്തിലാണ് അമ്പലപ്പുഴ കണ്ണൻറെ നടയിൽ ഇരുത്തിയത്.
ഇപ്പോഴത്തെ പാപ്പാൻ ആനയെ ചട്ടത്തിൽ കൊണ്ടുവരാൻ നിരന്തരം മർദിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. വിജയകൃഷ്ണന് പൂർണവിശ്രമം ആവശ്യമാണെന്ന് ദേവസ്വം ബോർഡ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും വനംവകുപ്പും നിർദേശം നൽകിയിരുന്നു. എന്നാൽ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ഇതു പരിഗണിക്കാതെ ക്ഷേത്രങ്ങളിൽ ചടങ്ങുകൾക്ക് കൊടുത്തു.
ആനയുടെ കാലുകൾക്ക് മർദനത്തിൽ പരിക്കേറ്റിട്ടുണ്ട്. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. അവശനിലയിലായ ആന, തളച്ചിരുന്ന തെങ്ങ് താങ്ങാക്കിയാണ് നിന്നിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ബുധനാഴ്ച രാവിലെ ക്ഷേത്രക്കുളത്തിന് സമീപത്തുള്ള ആനത്തറയിൽ എത്തിച്ചപ്പോഴേക്കും കുഴഞ്ഞുവീണു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates