

തിരുവനന്തപുരം: ഭരണഘടനാശില്‍പി ഡോ.ബി ആര്‍ അംബേദ്കറുടെ സ്മരണയ്ക്കായി പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമവകുപ്പ് പ്രഖ്യാപിച്ച 2020 ലെ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്. 2019 ഒക്ടോബര്‍ 14ന് സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച 'അയിത്തം പേറുന്ന ഒരു ജാതിസ്‌കൂള്‍' എന്ന രേഖാചന്ദ്രയുടെ (സ്റ്റാഫ് കറസ്പോണ്ടന്റ്, സമകാലിക മലയാളം വാരിക) റിപ്പോര്‍ട്ടിനാണ് അംഗീകാരം. അച്ചടി മാധ്യമ വിഭാഗത്തില്‍ ദേശാഭിമാനി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച സതീഷ് ഗോപിയുടെ 'ജീവിതം മെടയുന്നവര്‍' എന്ന ലേഖനപരമ്പരയും സ്പെഷ്യല്‍ ജൂറി അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെ സംബന്ധിച്ച ഏറ്റവും മികച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.
അച്ചടി മാധ്യമ വിഭാഗത്തില്‍ മാധ്യമം ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച 'ദളിത് കോളനികള്‍- നൂറു വര്‍ഷത്തിന്റെ ചരിത്രവും വര്‍ത്തമാനവും' എന്ന ആര്‍ കെ ബിജുരാജിന്റെ ലേഖനത്തിനാണ് അവാര്‍ഡ്. 30,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. കേരളത്തിലെ ദളിത് കോളനികളുടെ ആവിര്‍ഭാവത്തേയും വികാസത്തെയും തല്‍സ്ഥിതിയെയും അപഗ്രഥനം ചെയ്യുന്ന ഈ ലേഖനം ചരിത്രപഠനം കൊണ്ടും സമഗ്രതകൊണ്ടും അനന്യമാണ്. ആകെ ലഭിച്ച 17 എന്‍ട്രികളില്‍ നിന്നാണ് ആര്‍ കെ ബിജുരാജിന്റെ ഗവേഷണസമ്പന്നമായ ഈ ലേഖനം പുരസ്‌കാരത്തിന് തെരഞ്ഞടുത്തത്.
ദൃശ്യമാധ്യമ വിഭാഗത്തില്‍ മാതൃഭൂമി ചാനലില്‍ സംപ്രേക്ഷണം ചെയ്ത 'അട്ടപ്പാടിയിലെ ശിശുരോദനം' എന്ന ജി പ്രസാദ്കുമാറിന്റെ റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം. 30,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. അട്ടപ്പാടിയിലെ ആദിവാസികോളനികളിലേക്ക് ഇനിയും വികസനവും വളര്‍ച്ചയും എത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്. ആകെ ലഭിച്ച 14 എന്‍ട്രികളില്‍ നിന്നാണ് ഈ റിപ്പോര്‍ട്ട് അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
ജീവന്‍ ടി.വിയില്‍ സംപ്രേക്ഷണം ചെയ്ത സിജോ വര്‍ഗീസിന്റെ 'മുളങ്കാടിനു മുകളിലെ ആദിവാസിജീവിതം' എന്ന റിപ്പോര്‍ട്ടും,ന്യൂസ് 18 കേരളയില്‍ സംപ്രേക്ഷണം ചെയ്ത എസ് വിനേഷ്‌കുമാറിന്റെ 'മലമടക്കിലെ പണിയജീവിതങ്ങള്‍' എന്ന റിപ്പോര്‍ട്ടും സ്പെഷ്യല്‍ ജൂറി അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടു.
ശ്രവ്യമാധ്യമ വിഭാഗത്തില്‍ കമ്മ്യൂണിറ്റിറേഡിയോ 'മാറ്റൊലി 90.4 എഫ് എം' റേഡിയോയില്‍ പ്രക്ഷേപണം ചെയ്ത അമൃത കെയുടെ കുരങ്ങുപനി, പക്ഷിപ്പനി എന്നിവയെക്കുറിച്ച് ഗോത്ര ഭാഷയില്‍ തയ്യാറാക്കി പ്രക്ഷേപണം ചെയ്ത റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം. 15,000 രൂപയും ഫലകവുമാണ് അവാര്‍ഡ്.പി ആര്‍ ഡി ഡയറക്ടര്‍ എസ് ഹരികിഷോര്‍ ഐഎഎസ് ചെയര്‍മാനും ടി ചാമിയാര്‍, മുന്‍ ഡയറക്ടര്‍ ദൂരദര്‍ശന്‍, ഋഷി കെ മനോജ്, ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം, ജേക്കബ് ജോര്‍ജ്ജ്, സീനിയര്‍ ജേണലിസ്റ്റ്, എം സരിതവര്‍മ്മ സീനിയര്‍ ജേണലിസ്റ്റ് എന്നിവര്‍ അംഗങ്ങളായുള്ള ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates