കണ്ണൂര്‍: പ്രതിഷേധത്തിന്റെ പേരില്‍ മന്ത്രിമാരെ കയ്യേറ്റം ചെയ്യുന്ന രീതി ശരിയല്ലെന്ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ സംഘടപ്പിച്ച കെഎസ്‌യു പ്രതിഷേധത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു സ്പീക്കര്‍. മന്ത്രിക്ക് പരിക്കേല്‍ക്കാനിടയായ പ്രതിഷേധം അരങ്ങേറുമ്പോള്‍ സ്പീക്കറും സ്ഥലത്ത് ഉണ്ടായിരുന്നു.
മന്ത്രിക്ക് ഗുരുതരമായ പരിക്കാണുണ്ടായതെന്നും അനങ്ങാന്‍ പോലും കഴിയുന്നില്ലെന്നും എ എന്‍ ഷംസീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരിക്കേറ്റത്. മന്ത്രിയുടെ കഴുത്തിന് പിടിച്ച് തള്ളുന്ന നിലയുണ്ടായി. ഒരു വനിതാ മന്ത്രിയെ ജനാധിപത്യ സമൂഹത്തില്‍ ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നത് ശരിയല്ല. മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന സമരരീതികള്‍ ശരിയല്ല. കയ്യേറ്റം ചെയ്യുന്ന നടപടി അപലപിക്കപ്പെടേണ്ടതാണ്.
സമരത്തിലൂടെ കടന്നുവന്നവരാണ് തങ്ങളെല്ലാം എന്നാല്‍ ഇത്തരത്തിലുള്ള രീതി തങ്ങളാരും സ്വീകരിച്ചിട്ടില്ല. മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചിട്ടുണ്ട്, എന്നാല്‍ മന്ത്രിയെ തെരുവില്‍ വന്ന് കൈകാര്യം ചെയ്യുന്ന രീതി തങ്ങളാരും സ്വീകരിച്ചിട്ടില്ല. ഇത്തരം സമരത്തില്‍നിന്ന് യുഡിഎഫ് നേതൃത്വം സമരക്കാരെ പിന്തിരിപ്പിക്കണം എന്നും ഷംസീര്‍ പറഞ്ഞു.
കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയാണ് കെഎസ്‌യു പ്രവര്‍ത്തകള്‍ പ്രതിഷേധവുമായി എത്തിയത്. സംഭവത്തെ തുടര്‍ന്ന് വന്ദേഭാരത് ട്രെയിന് പോകേണ്ടിയിരുന്ന മന്ത്രി യാത്ര റദ്ദാക്കി. തുടര്‍ന്ന് മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൈയ്ക്കു വേദനയുണ്ടെന്നും കഴുത്ത് അനക്കാനാവുന്നില്ലെന്നും വീണ ജോര്‍ജ് പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates