

കൊച്ചി: കെപിസിസി പുനഃസംഘടനയില്‍ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയ വനിതാ നേതാവും ദേശീയ വക്താവുമായ ഷമാ മുഹമ്മദിനെതിരെ കെപിസിസി വക്താവ് അഡ്വ. അനില്‍ ബോസ്. ഷമാ, ക്ഷമ കാട്ടണമെന്നും സ്വയം അപഹാസ്യമാകരുതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ഒന്നുമല്ലല്ലോ മാധ്യമ പാനലില്‍ വന്നതും വക്താവായതെന്നും നമ്മളെ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളുടെ പ്രാധാന്യവും മൂല്യവും തിരിച്ചറിയണമെന്നും കുറിപ്പില്‍ പറയുന്നു.
രാഷ്ട്രീയം ഒരു ദിവസം കൊണ്ട് അവസാനിക്കുന്നത് അല്ലെന്നും ഇതൊരു തുടര്‍ച്ചയുള്ള പ്രോസസ് ആണെന്നും എപ്പോഴും ഓര്‍മിക്കണം. നമ്മള്‍ നില്‍ക്കുന്ന പ്രസ്ഥാനത്തിന്റെ മഹത്വം മറക്കരുത്. ഇതില്‍ പ്രവര്‍ത്തിക്കുന്നവരുടെ കാഴ്ചപ്പാട് പരമാവധി വിശാലമാകണമെന്നും കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം:
ഷമാ മുഹമ്മദിനോട്. ഷമാ, ക്ഷമ കാട്ടണം സ്വയം അപഹാസ്യമാകരുത്. കാത്തു കാത്തിരുന്നു കോണ്‍ഗ്രസിന്റെ പുനഃസംഘടന ഒരു ഘട്ടം പൂര്‍ത്തിയായി. സന്തോഷം. വന്നവര്‍ ആരും മോശക്കാരല്ല, വരേണ്ടുന്ന പലരും ഉണ്ടായിട്ടുണ്ടാവില്ല. ഇന്നലെ ലിസ്റ്റ് കണ്ടത് മുതല്‍ നൂറുകണക്കിന് സുഹൃത്തുക്കള്‍ എന്നെ വിളിക്കുന്നുണ്ട്. താങ്കളുടെ പേര് കണ്ടില്ലല്ലോ? പാര്‍ട്ടിയിലുള്ള എല്ലാവര്‍ക്കും ഒരേ സമയം എല്ലാം കൊടുക്കാന്‍ കഴിയില്ല.
തീരുമാനങ്ങള്‍ എടുക്കുന്നവരാണ് ജൂറി. ചെറിയ കാര്യമായാലും വലിയ കാര്യമായാലും ജൂറിയുടെ തീരുമാനം അന്തിമവും അലംഘനീയവുമാണ്. തീരുമാനങ്ങള്‍ എടുക്കാന്‍ നിയോഗിക്കപ്പെടുന്നവര്‍ക്ക് പലപ്പോഴും പരിമിതികളും ഉണ്ടാവും. അതു തിരിച്ചറിയാനുള്ള വിവേകം ഉണ്ടാകണം. ഇതൊന്നും അവസാനം അല്ല. രാഷ്ട്രീയം ഒരു ദിവസം കൊണ്ട് അവസാനിക്കുന്നത് അല്ലെന്നും ഇതൊരു തുടര്‍ച്ചയുള്ള പ്രോസസ് ആണെന്നും എപ്പോഴും ഓര്‍മിക്കണം. നമ്മള്‍ നില്‍ക്കുന്ന പ്രസ്ഥാനത്തിന്റെ മഹത്വം മറക്കരുത്. ഇതില്‍ പ്രവര്‍ത്തിക്കുന്നവരുടെ കാഴ്ചപ്പാട് പരമാവധി വിശാലമാകണം.
നമ്മളെ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളുടെ പ്രാധാന്യവും മൂല്യവും തിരിച്ചറിയണം. അതു മറന്നു പ്രതികരിക്കരുത്. രാഷ്ട്രീയത്തില്‍ വൈകാരികതയ്‌ക്കൊന്നും പ്രസക്തിയില്ല. പൊതുവില്‍ സ്‌നേഹവും സഹാനുഭൂതിയും കരുണയും ഉണ്ടാകണമെന്ന് മാത്രം. ഈ പ്രസ്ഥാനത്തില്‍ അംഗമായിരിക്കുക എന്നത് തന്നെ വലിയ അഭിമാനബോധം ഉണ്ടാക്കുന്ന കാര്യമാണ്. എത്രയോ ലക്ഷക്കണക്കിന് ആളുകളാണ് ഫലേച്ഛ കൂടാതെ കര്‍മം ചെയ്യുന്നത്. അവരുടെ വിശ്വാസത്തെയും ബോധ്യങ്ങളെയും നാം തകര്‍ക്കരുത്.
ഷമാ മുഹമ്മദ് ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്ത്യയിലെ മാധ്യമ പാനലിലെ അംഗമാണ്, വക്താവാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ഒന്നുമല്ലല്ലോ മാധ്യമ പാനലില്‍ വന്നതും വക്താവായതും. ഇത് ആഗ്രഹിക്കുന്ന ഒരുപാട് പേര്‍ അവസരം കിട്ടാതെ പുറത്തുണ്ട് എന്ന ഓര്‍മ വേണം. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുന്ന കാലം മുതല്‍ നാലു പതിറ്റാണ്ടു കാലത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയാണ് ഈയുള്ളവന്‍. വളരെ പ്രധാനപ്പെട്ട ഒരുപാട് പദവികളില്‍ അവസരങ്ങളില്‍ അര്‍ഹതപ്പെട്ടവ നഷ്ടമായിട്ടുണ്ട്. ഒരിക്കലും പരാതി പറഞ്ഞിട്ടില്ല, പരാതി പറയുകയുമില്ല.
ചെറുതായാലും വലുതായാലും ഉള്ള പദവികളില്‍ സംതൃപ്തിയോടു കൂടി പോകാന്‍ കഴിയുക അത് പ്രധാനമാണ്. ഏല്‍പ്പിക്കുന്ന ജോലികള്‍ ചെയ്യുക. നമ്മളെക്കാള്‍ വലുതാണ് പ്രസ്ഥാനവും പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരും എന്ന ബോധ്യം. വാക്കും പ്രവൃത്തിയും ശ്രദ്ധിക്കുക. നമ്മള്‍ ചെയ്യുന്ന ജോലിയുടെ ഒരു അംശം പോലും ചെയ്യാതെ വളരെ പിന്നാലെ വന്നവര്‍ മുന്‍പേ പോയിട്ടുണ്ട്. അത് മാത്രമായി നാം നോക്കരുത്. നിരാശ ഉണ്ടാവും. എന്നാല്‍ നമുക്ക് ഒരുപാട് മുന്‍പേ പോയവരും ഇപ്പോഴും ഒന്നുമാകാതെ വിഷമിക്കുന്നവരും നമ്മുടെ പുറകിലുമുണ്ട്. ഒരു തിരിഞ്ഞുനോട്ടം അതുമതിയാകും മുന്നോട്ട് കുതിക്കാനുള്ള കരുത്തിന്.
ദേശീയ ചാനലുകളില്‍ മോശമല്ലാതെ പ്രതികരിക്കുന്ന ഒരാളാണ് താങ്കള്‍. ഷമാ മുഹമ്മദ് അതു നന്നായി തുടരുക. നമ്മളെ നയിക്കുന്നത് അദൃശ്യമായ ഒരു ശക്തി, ദൈവം അല്ലെങ്കില്‍ സൃഷ്ടാവ് ആണ്. ധൈര്യമായി മുന്നോട്ട് പോവുക. ഉറച്ച നിലപാടുകള്‍ എടുക്കുക. പ്രസ്ഥാനം, അതിനൊരു പോറലേല്‍ക്കുന്ന കാര്യങ്ങള്‍ അറിഞ്ഞു ചെയ്യാതിരിക്കുക. ബാക്കിയെല്ലാം വരും, വന്നിരിക്കും വന്നുചേരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates