

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ നിന്ന് ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരിസ് എന്ന ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി ആൻ ടെസ്സ ജോസഫ് നാട്ടിലെത്തി. തൃശൂർ സ്വദേശിനിയായ ആൻ ടെസ്സ ഉച്ചയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയത്. ഇറാൻ അധികൃതരുടെ പിന്തുണയോടെ ഇറാനിലെ ഇന്ത്യൻ എംബസി നടത്തിയ പരിശ്രമങ്ങളാണ് ആൻ ടെസ്സയെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സഹായിച്ചതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ചരക്കുകപ്പലിലെ ശേഷിക്കുന്ന 16 ക്രൂ അംഗങ്ങളെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനായി ഇറാൻ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആൻ ടെസ്സയെ നാട്ടിലെത്തിച്ചതിൽ ഇറാനിലെ ഇന്ത്യൻ എംബസിയുടെ പ്രയത്നങ്ങളെ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ പ്രകീർത്തിച്ചു. വിദേശത്തും നാട്ടിലും മോദിയുടെ ഗ്യാരണ്ടി എപ്പോഴുമുണ്ടെന്ന് ജയ്ശങ്കർ എക്സിൽ കുറിച്ചു.
ചരക്കുകപ്പലിൽ തുടരുന്ന 16 ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും, ഇവർ നാട്ടിലുള്ള കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ചിരുന്നതായും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കപ്പലിലെ ജീവനക്കാരെ ഇറാൻ തടഞ്ഞുവെച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാൻ സ്ഥാനപതി ഇറാജ് എലാഹി നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ പേർഷ്യൻ കടലിലെ കാലാവസ്ഥ മോശമാണ്. കാലാവസ്ഥാ പ്രശ്നം തീർന്ന് കപ്പൽ നങ്കൂരമിട്ടാൽ ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി അയക്കാൻ നടപടി തുടങ്ങുമെന്നും ഇറാൻ അംബാസഡര്‍ അറിയിച്ചിരുന്നു.
നാലു മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കടൽനിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചാണ് ഏപ്രിൽ 13ന് കപ്പൽ ഇറാൻ പിടിച്ചെടുത്തത്. ഇസ്രയേലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. ഇസ്രയേലി ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ളതാണ് ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരിസ് എന്ന ചരക്കുകപ്പൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates