

കൊച്ചി: കെപിസിസിയുടെ പുതിയ പ്രസിഡന്റായി ആന്റോ ആന്റണിയുടെ നിയമനം ഉടനെന്ന് റിപ്പോര്‍ട്ടുകള്‍. പ്രഖ്യാപനം ഇന്നുരാത്രി ഉണ്ടാകുമെന്നാണ് സൂചന. റാഞ്ചിയില്‍ നിന്നും ഡൽഹിയിൽ തിരിച്ചെത്തിയ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പാർട്ടി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നു. എഐസിസി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും നിർണായക യോഗത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കെസി വേണുഗോപാലിന്റെ ഉറച്ച പിന്തുണയും റോബര്‍ട്ട് വാധ്രയുടെ ഇടപെടലുമാണ് ആന്റോയ്ക്ക് തുണയായതെന്നാണ് അറിയുന്നത്.
ആന്റോ ആന്റണിയെ പുതിയ ചുമതലയേല്‍പ്പിക്കുന്നതിലൂടെ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമാകുമെന്ന് രാഷ്ട്രീയനീരീക്ഷകര്‍ സൂചിപ്പിക്കുന്നു. കെ സുധാകരന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ തെരഞ്ഞെടുപ്പുപോരാട്ടങ്ങളിലേക്ക് കടക്കാനിരിക്കെ പാര്‍ട്ടിക്ക് പുതിയ നേതൃത്വം വരുന്നതാണ് ഉചിതമെന്ന തീരുമാനത്തില്‍ ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് നടത്തിയ കൂടിയാലോചനയില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കെ സുധാകരനെ അറിയിച്ചിരുന്നു. ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് സുധാകരന്‍ പറഞ്ഞതും ഇതിന്റെ അടിസ്ഥാനത്തിലെന്നാണ് വിലയിരുത്തല്‍.
കെ സുധാകരനെതിരെ കടുത്ത എതിര്‍പ്പാണ് സംസ്ഥാനത്തുനിന്നുള്ള ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശനുള്‍പ്പടെ കേരളത്തിലെ നേതാക്കള്‍ക്കിടിയില്‍ ആഭിപ്രായ ഐക്യമുണ്ടായതോടെയാണ് സുധാകരനെ മാറ്റാമെന്ന തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തിയത്. എന്നാല്‍ സുധാകരന് അനുകൂലമായി ശശി തരൂരും കെ മുരളീധരനും പരസ്യമായി രംഗത്തെത്തിയിരുന്നു. അവരുടെ എതിര്‍പ്പിനെ മറികടന്നാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.
ആന്റോ ആന്റണി പുതിയ പ്രസിഡന്റാകുന്നതോടെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ പിന്തുണയും കോണ്‍ഗ്രസിനുണ്ടാകുമെന്നും ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നു. എകെ ആന്റണി സജീവ നേതൃത്വത്തില്‍നിന്ന് പിന്മാറുകയും ഉമ്മന്‍ ചാണ്ടി അന്തരിക്കുകയും ചെയ്തതിനുശേഷം ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് മുന്‍നിര നേതാക്കളില്ലെന്നത് പോരായ്മയാണെന്നാണ് വിലയിരുത്തല്‍. ക്രൈസ്തവ വോട്ടുകള്‍ നേരിയതെങ്കിലും ബിജെപിയിലേക്ക് ചായുന്നെന്ന ചിന്തയും പുതിയ തീരുമാനത്തിന് കാരണമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates