തിരുവനന്തപുരം: അനുപമയുടെ കുട്ടിയുടെ ദത്ത് നല്‍കുന്നതിനുളള തുടര്‍ നടപടികള്‍ കോടതി സ്റ്റേ ചെയ്തു. കുട്ടിയെ ദത്ത് നല്‍കുന്നത് സംബന്ധിച്ച് തര്‍ക്കം നിലവിലുണ്ടെന്ന് സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് നടപടി. ഇത് സംബന്ധിച്ച് എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന്് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. നവംബര്‍ ഒന്നിന് വിശദമായ വാദം കേള്‍ക്കും.
പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് അതിനകം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണം. കേസില്‍ കക്ഷി ചേര്‍ക്കണമെന്ന അനുപമയുടെ ആവശ്യം നവംബര്‍ ഒന്നിന് പരിഗണിക്കും.
എല്ലാവരോടും നന്ദിയെന്ന് ദത്ത് നടപടികള്‍ സ്റ്റേ ചെയ്തതിന് പിന്നാലെ അനുപമ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിനെ തിരിച്ചുകിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. എന്നാലോ അമിത പ്രതീക്ഷയില്ല. പ്രതീക്ഷ കൂടുമ്പോഴാണ് നിരാശയുണ്ടാവുക. നവംബര്‍ ഒന്നിനും അനൂകലമായ വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അനുപമ പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് അനുകൂലമായ നടപടികള്‍ ഉണ്ടാകുന്നത് ആശ്വാസമാണ്. കുറ്റക്കാര്‍ക്കെതിരായ മാതാപിതാക്കള്‍ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അനുപമ മാധ്യമങ്ങളോട് പറഞ്ഞു
കുഞ്ഞിന്റെ അമ്മ ജീവിച്ചിരിക്കുന്ന വിവരം സര്‍ക്കാരിനുവേണ്ടി ഗവ.പ്ലീഡര്‍ കോടതിയെ അറിയിച്ചിരുന്നു. കുഞ്ഞിനെ വിട്ടുകിട്ടണമെന്ന അമ്മയുടെ ആവശ്യവും വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തെക്കുറിച്ചും അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാകുംവരെ ദത്തെടുക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കൂടി പരിഗണിച്ചാണ് കോടതി വിധി. ദത്ത് നടപടികളില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അനുപമയും കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
കോടതിയുടെ തീരുമാനത്തില്‍ ദത്തെടുത്ത ദമ്പതികള്‍ക്കോ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിക്കോ മേല്‍ക്കോടതിയില്‍ എതിര്‍പ്പ് ഉന്നയിക്കാം. കേന്ദ്ര വനിതാ-ശിശുവികസന മന്ത്രാലയത്തിനു കീഴിലുള്ള 'കാര'യാണ് ഇന്ത്യയിലെ ദത്തു നല്‍കല്‍ നോഡല്‍ ഏജന്‍സി. ശിശുക്ഷേമസമിതി ലഭ്യമാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അനുപമയുടെ കുഞ്ഞിനെ ദത്തു നല്‍കിയതു 'കാര'യുടെ മേല്‍നോട്ടത്തിലാണ്.
ഓഗസ്റ്റ് ഏഴിനാണു കുഞ്ഞിനെ താല്‍ക്കാലികമായി ആന്ധ്ര സ്വദേശികളായ ദമ്പതികള്‍ക്കു ദത്തു നല്‍കിയത്. ശിശുക്ഷേമസമിതി ഉള്‍പ്പെടെ കേസിലെ കക്ഷികളെല്ലാം ദത്തെടുക്കലിന് അനുകൂലമായി നിലപാട് അറിയിച്ചതിനാല്‍ തെളിവെടുക്കല്‍ അവസാനിപ്പിച്ചു വിധിക്കായി കേസ് മാറ്റുകയായിരുന്നു.
പ്രസവിച്ചു മൂന്നാംനാള്‍ കുഞ്ഞിനെ തട്ടിയെടുത്ത് അനധികൃതമായി ദത്തു നല്‍കിയെന്ന അനുപമയുടെ പരാതിയില്‍ മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാകോടതി 28ന് പരിഗണിക്കും. സംഭവത്തെക്കുറിച്ച് വനിതാ-ശിശുക്ഷേമ ഡയറക്ടറുടെ അന്വേഷണം പുരോഗമിക്കുകയാണ്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജെ.എസ്.ഷിജുഖാനില്‍നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates