

തിരുവനന്തപുരം: കോവിഡ് പശ്ചാതലത്തിൽ റേഷൻ കടകൾ വഴി സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ഏപ്രിലിലെ കിറ്റ് വിതരണം ജൂൺ 5 വരെ നീട്ടി. ലോക്ഡൗണും ടെൻഡർ നടപടികളിലെ പ്രശ്നങ്ങളും സാധനങ്ങളുടെ ലഭ്യതക്കുറവും ജീവനക്കാരുടെ കുറവും മൂലം കിറ്റ് വിതരണം മെല്ലെപ്പോക്കിലായ സാഹചര്യത്തിലാണ് ശനിയാഴ്ച വരെ കിറ്റ് നൽകാൻ അധികൃതർ തീരുമാനിച്ചത്.
മെയിലെ റേഷൻ ശനിയാഴ്ച വരെ ലഭിക്കുമെന്നും അതിനു ശേഷവും മെയ് മാസത്തെ കിറ്റ് വിതരണം തുടരുമെന്നും സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. ജൂണിലെ റേഷൻ വിതരണം 7-ാം തിയതി മുതൽ ആരംഭിക്കും. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള 20 ഇനങ്ങൾ അടങ്ങിയ സൗജന്യ ഭക്ഷ്യക്കിറ്റ് 8 മുതൽ റേഷൻ കടകളിൽ എത്തിക്കുമെന്നും സപ്ലൈകോ അധികൃതർ പറഞ്ഞു.
അഞ്ച് കിലോഗ്രാം അരി, ഒരു പായ്ക്കറ്റ് ഉപ്പ്, ഒരു കിലോഗ്രാം വീതം പയർ, ഗോതമ്പ് പൊടി, പഞ്ചസാര, അരക്കിലോ വീതം പരിപ്പ്, ഉഴുന്ന്, 250 ഗ്രാം തേയില, മുളകുപൊടി, 100 ഗ്രാം ജീരകം, അര ലീറ്റർ വെളിച്ചെണ്ണ, 2 ബാത്ത് സോപ്പ്, ബാർ സോപ്പ്, 2 പാൽപ്പൊടി പാക്കറ്റ്, മെഴുകുതിരി, തീപ്പെട്ടി, മാസ്ക്, സാനിറ്റൈസർ എന്നിവയാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള കിറ്റിലുള്ളത്.
ആകെ 90.45 ലക്ഷം കാർഡ് ഉടമകളാണ് സംസ്ഥാനത്തുള്ളത്. ഏപ്രിലിലെ കിറ്റ് ഇതു വരെ 84,98,309 കാർഡ് ഉടമകൾക്കു നൽകി. 15നു വിതരണം ആരംഭിച്ച മെയിലെ കിറ്റ് 15,95,652 എണ്ണം മാത്രമാണ് ഇതുവരെ നൽകിയത്..
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates